ആക്രിക്കച്ചവടക്കാർ എടുത്താൽ കുപ്പിക്കു വിലയില്ല. സംസ്ഥാനത്തെ ഏക ഗ്ലാസ് നിർമാണ ഫാക്ടറിയായ എക്സൽ ഗ്ലാസ് ഫാക്ടറിക്കു പൂട്ടു വീണതോടെ കോടിക്കണക്കിനു രൂപയുടെ ചില്ലുകുപ്പികൾ ഫാക്ടറിക്കുള്ളിലും പുറത്തും ആർക്കും വേണ്ടാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. കേരളത്തിൽ പുനരുപയോഗത്തിനായി പഴയ കുപ്പി വിലയ്ക്കു വാങ്ങിയിരുന്ന ഏക ഫാക്ടറിയാണ് ആലപ്പുഴ പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി. ഇവിടെ ഓർഡർ പ്രകാരം നിർമിച്ചെങ്കിലും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നത് എട്ടു കോടി രൂപയുടെ ചില്ലുകുപ്പികളാണ്.
ആക്രിവിപണിയിൽ പഴയ കുപ്പികൾ സംസ്ഥാനത്തു വിൽക്കാനാകാതെ വിലയിൽ വൻ ഇടിവുണ്ടായതോടെ ആരും ശേഖരിക്കാത്ത അവസ്ഥയായി. 2011 ഡിസംബറിലാണു എക്സൽ ഗ്ലാസ് ഫാക്ടറി പൂട്ടിയത്. ഓർഡർ പ്രകാരം കമ്പനികളുടെ പേര് പതിച്ചു നിർമിച്ച എട്ടു കോടി രൂപയുടെ ചില്ലുകുപ്പികൾ ആറു വർഷത്തെ പഴക്കം കാരണം ഉപയോഗശൂന്യമായതിനാൽ പൊട്ടിച്ചുകളയുകയേ വഴിയുള്ളൂ.
കേരളത്തിലെ ഏക ഗ്ലാസ് നിർമാണ ഫാക്ടറിയായ എക്സൽ ഗ്ലാസസ്, സൊമാനി ഗ്രൂപ്പിനു കീഴിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണു പ്രവർത്തിച്ചിരുന്നത്. മുടക്കുമുതലിനനുസരിച്ചു ലാഭം കിട്ടാതായതും ഉൽപാദനം വർധിപ്പിച്ചു ലാഭത്തിലേക്കെത്തിക്കാൻ തൊഴിലാളികൾ തയാറാകാത്തതുമാണു കമ്പനി പൂട്ടിപ്പോകാൻ കാരണമെന്നാണു മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ, അർഹമായ ആനുകൂല്യങ്ങൾ കമ്പനി നൽകിയില്ലെന്നു തൊഴിലാളികളുെട വാദം.
ആരോപണങ്ങൾക്കിടയിൽ നേരിട്ടു തൊഴിൽ നഷ്ടമായതു നാനൂറോളം പേർക്കാണ്. നൂറുകണക്കിനു പേർ മറ്റു തൊഴിൽ തേടേണ്ട ഗതിയിലായി. പ്രധാന അസംസ്കൃതവസ്തുവായ ചേർത്തല പള്ളിപ്പുറം പഞ്ചായത്തിലെ സിലിക്ക മണൽ വ്യവസായ വികസന കോർപറേഷൻ ടണ്ണിന് 81 രൂപ സബ്സിഡി നിരക്കിലാണ് എക്സൽ ഗ്ലാസ് ഫാക്ടറിക്കു നൽകിയിരുന്നത്. 2011 ൽ വില പത്തിരട്ടിയായി വർധിപ്പിച്ചു. ദിവസം ഏകദേശം അറുപതു ടൺ സിലിക്ക മണലാണു കമ്പനി പള്ളിപ്പുറത്തു നിന്ന് എടുത്തിരുന്നത്.
കേരളത്തിലെ മദ്യക്കമ്പനികൾ ചില്ലുകുപ്പികൾക്കു പകരം താരതമ്യേന വില കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിതരണം ചെയ്യാൻ തുടങ്ങിയത് എക്സൽ ഗ്ലാസ് ഫാക്ടറിയുടെ ഉൽപാദനത്തെയും ദോഷകരമായി ബാധിച്ചു. ഫാക്ടറി പൂട്ടിയശേഷം കമ്പനി പ്രതിനിധികളും കലക്ടറുമായി നടത്തിയ ചർച്ചയിൽ എട്ടു കോടി രൂപയുടെ കുപ്പികൾ വിറ്റു ലഭിക്കുന്ന തുക ബാങ്കിൽ നിക്ഷേപിച്ച്, വിരമിച്ച ശേഷം മരിച്ചു പോയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണമായി ഈ തുക ഉപയോഗിച്ചു വിതരണം ചെയ്യാൻ ധാരണയായിരുന്നു.
ബാക്കി തുക കമ്പനി തുറന്നു പ്രവർത്തിക്കുന്നതുവരെ ബാങ്ക് നിക്ഷേപമായി സൂക്ഷിക്കും. എന്നാൽ, ഈ ധാരണ അംഗീകരിക്കാത്ത തൊഴിലാളികൾ ലോഡ് കയറ്റുന്നതു തടയുകയായിരുന്നെന്നു കമ്പനി അധികൃതർ പറഞ്ഞു. ഇപ്പോൾ കമ്പനി തുറന്ന് ഉൽപാദനം ആരംഭിച്ചാൽ വീണ്ടും ലാഭത്തിലേക്കെത്താനുള്ള സാധ്യത ഏറെയാണ്. ഇതേക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. എട്ടു കോടി രൂപയുടെ കുപ്പിക്കു പുറമെ, മിനിട്ടിൽ 150 കുപ്പി വീതം നിർമിക്കാൻ ശേഷിയുള്ള അഞ്ചു യന്ത്രങ്ങളാണു കമ്പനിയിൽ തുരുമ്പെടുത്തു നശിക്കുന്നത്