എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ടയർ പഞ്ചറായതിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ട ബിഎംഡബ്ല്യു കാർ കത്തിനശിച്ച സംഭവത്തിൽ ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് തിരിച്ചടി. 14 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കാറുടമയ്ക്ക് അനുകൂലമായി മഹാരാഷ്ട്ര ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി പുറപ്പെടുവിച്ചു. 70 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയും പലിശയും കൂടാതെ മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കേസ് ചെലവുകൾക്കായി 25,000 രൂപയും നൽകാനാണ് കമ്പനിക്ക് നിർദേശം.
2012ലാണ് സംഭവം. മാർച്ച് എട്ടിന് മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ രവികാന്ത് എസ്. പാട്ടീലിന്‍റെ ബിഎംഡബ്ല്യു കാറിന്‍റെ ടയർ രാത്രി ദുൽഖേഡിന് സമീപമുള്ള ഹൈവേയിൽവച്ച് പഞ്ചറാവുകയായിരുന്നു. സമയം വൈകിയതിനാലും അറ്റകുറ്റപ്പണിക്ക് മെക്കാനിക്കിനെ ലഭിക്കാതിരുന്നതിനാലും കാർ സുരക്ഷിതമായി റോഡരികിലെ ഒരു ധാബയിൽ പാർക്ക് ചെയ്ത് പൂട്ടിയശേഷം അദ്ദേഹം മറ്റൊരു വാഹനത്തിൽ മടങ്ങി. എന്നാൽ പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോൾ കണ്ടത് പൂർണമായി കത്തിനശിച്ച ബിഎംഡബ്ല്യു കാറാണ്.
വാഹനത്തിന് 70 ലക്ഷം രൂപയുടെ ഇൻഷ്വേർഡ് ഡിക്ലേർഡ് വാല്യു (ഐഡിവി) ഉണ്ടായിരുന്നു. ഇതിനായി 1,65,996 രൂപ പ്രീമിയവും അടച്ചിരുന്നു. കാർ പൂർണമായി നശിച്ചെന്നും അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ കഴിയില്ലെന്നും അംഗീകൃത ഡീലർ വ്യക്തമാക്കിയതിനെത്തുടർന്ന് രവികാന്ത് ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. ടോട്ടൽ ലോസ് വിഭാഗത്തിൽപ്പെട്ട ക്ലെയിമായി കമ്പനി പരാതി രജിസ്റ്റർ ചെയ്തെങ്കിലും അന്തിമ തീരുമാനം ചെന്നൈയിലെ മാനേജർ എടുക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് കമ്പനി ക്ലെയിം നിരസിച്ചു.
വാഹന ഉടമ പോളിസി വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. പഞ്ചറായ വാഹനം സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ റോഡരികിൽ ആളില്ലാതെ ഉപേക്ഷിച്ചുപോയെന്നും സംഭവത്തെക്കുറിച്ച് പൊലീസിനെയും ഇൻഷുറൻസ് കമ്പനിയെയും ഉടൻ രേഖാമൂലം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എന്നാൽ ഉടമയുടെ ഭാഗത്ത് ബോധപൂർവമായ വീഴ്ചയോ കാപട്യമോ ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ കണ്ടെത്തി. രാത്രിയിലുണ്ടായ അപ്രതീക്ഷിത സാഹചര്യത്തിൽ വാഹനം പൂട്ടി മടങ്ങിയത് ഗുരുതരമായ വീഴ്ചയായി കണക്കാക്കാനാവില്ലെന്നും സാങ്കേതികമായ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടി യഥാർഥ ക്ലെയിം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ വ്യക്തമാക്കി.
വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയുള്ള 70 ലക്ഷം രൂപയും പലിശയും നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്. കൂടാതെ 50,000 രൂപ നഷ്ടപരിഹാരമായും 25,000 രൂപ കേസ് ചെലവുകളായും നൽകണം. ഇതോടെ പലിശയ്ക്ക് പുറമേ കമ്പനി നൽകേണ്ട ആകെ തുക 70.75 ലക്ഷം രൂപയാണ്.