manmohan-bungalow-history

സത്യാനന്തര കാലത്ത് സത്യം ‘വന്ദേഭാരതില്‍’ കയറാന്‍ തയാറെടുക്കുമ്പോള്‍ തന്നെ അസത്യം ഇല്ലാത്ത ‘സില്‍വര്‍ ലൈനില്‍’ കയറി കാസര്‍കോടെത്തും. ഏതാണ്ട് അതുപോലെയാണ്... മന്‍മോഹന്‍ ബംഗ്ലാവിനെക്കുറിച്ചുള്ള കഥകള്‍. തിരുവനന്തപുരത്ത് പഴയ രാജ്ഭവനും ഇപ്പോഴത്തെ ലോക്ഭവനുമായ ഗവര്‍ണറുടെ താമസസ്ഥലത്തിന് തൊട്ടുചേര്‍ന്ന ഈ പുരാതനമന്ദിരത്തെക്കുറിച്ച് പണ്ട് കേട്ടിരുന്നത് പ്രേത കഥകളായിരുന്നു. പിന്നീടത് വാസ്തുദോഷമായി. എന്തായാലും ഇരണംകെട്ട മന്ദിരമെന്ന പേര് വീണു. വാസ്തവത്തില്‍ വാസ്തുദോഷമുള്ള മന്ദിരമാണോ ഇത്? അങ്ങനെയെങ്കില്‍ ഇവിടെ താമസിച്ച എല്ലാവര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടാകേണ്ടേ? എന്തായാലും പറഞ്ഞുകേട്ടതുപോലെ ‘ദുരന്തറല്ല’ മന്‍മോഹന്‍.

manmohan-bungalow-board

ജവാഹര്‍ലാല്‍ നെഹ്റു അതിഥിയായി എത്തിയ പാലസ്

ശ്രീമൂലം തിരുനാള്‍ നാടുഭരിക്കുന്ന കാലത്ത് നിര്‍മിച്ച മന്ദിരത്തിന്‍റെ പേര് ‘മന്‍മോഹന്‍ പാലസ്’ എന്നായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മരുമകനായിരുന്ന വിഘ്നേശ്വരൻ തമ്പിക്ക് താമസിക്കാനായാണ് ഇത് നിർമ്മിച്ചത്. സുന്ദരനായ അദ്ദേഹത്തെ സ്നേഹത്തോടെ മൻമോഹൻ എന്നാണ് വിളിച്ചിരുന്നത്. മനസിനെ മോഹിപ്പിക്കുന്നതുതന്നെയാണ് ഈ മന്ദിരത്തിന്‍റെ നിര്‍മിതി.

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം ഇവിടെ താമസിച്ചത് തിരു–കൊച്ചി ധനകാര്യമന്ത്രി പി.എസ്.നടരാജപിള്ളയാണ്. 1952 ഡിസംബര്‍ 23ന് ആറുദിവസത്തെ സന്ദര്‍ശത്തിന് എത്തിയ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും കുടുംബവും താമസിച്ചത് മന്‍മോഹന്‍ പാലസിലാണ്. മകള്‍ ഇന്ദിരാഗാന്ധി, ചെറുമക്കളായ രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരും കൂടെയുണ്ടായിരുന്നുവെന്ന് ചരിത്ര ഗവേഷകനും മാധ്യമ പ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തിരുവിതാംകൂര്‍ രാജപ്രമുഖനും എ.ജെ.ജോണ്‍ മുഖ്യമന്ത്രിയുമായിരുന്നു. കൊല്ലം–കൊച്ചി റെയില്‍വേപ്പാത, ആലുവയില്‍ റയര്‍ എര്‍ത്ത് ഫാക്ടറി എന്നിയുടെ ഉദ്ഘാടനം ഉള്‍പ്പടെ നിരവധി പരിപാടികള്‍ക്കാണ് നെഹ്റു എത്തിയത്. അന്നത്തെ റയില്‍വേ മന്ത്രി ലാല്‍ ബഹദുര്‍ ശാസ്ത്രിയും ഒപ്പമുണ്ടായിരുന്നു. മന്‍മോഹന്‍ പാലസിലാണ് നെഹ്റു, മുഖ്യമന്ത്രി ജോണുമായും കൂടിക്കാഴ്ച നടത്തിയതെന്നും രേഖകളുണ്ട്.

കെ.കരുണകരന്‍ പ്രതാപിയായി താമസിച്ച ബംഗ്ലാവ്

സി.അച്യുതമേനോന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്‍ കാലാവധി പൂര്‍ത്തിയാകും വരെ ഇവിടെ താമസിച്ചു. എന്നാല്‍ 1977ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുവന്ന കരുണാകരന് ഒറ്റമാസമേ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ കഴിഞ്ഞുള്ളൂ. രാജന്‍ കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. അന്നുമുതല്‍ തുടങ്ങിതാണ് ഈ മന്ദിരത്തെക്കുറിച്ചുള്ള ഇരണക്കേടിന്‍റെ കഥകള്‍. കരുണാകരന്‍ പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ ക്ലിഫ് ഹൗസിലാണ് താമസിച്ചത്. പില്‍ക്കാലത്ത് മൻമോഹനിലെത്തിയ മന്ത്രി ആർ.ബാലകൃഷ്‌ണപിള്ളയ്ക്ക് പഞ്ചാബ് മോഡൽ പ്രസംഗത്തിന്‍റെ പേരില്‍ അകാലത്തില്‍ സ്ഥാനമൊഴിയേണ്ടിവന്നു.

manmohan-bungalow-tvm

നാലുവര്‍ഷത്തിനിടെ നാലുമന്ത്രിമാര്‍ വന്നുപോയ ബംഗ്ലാവ്

വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന് ഈ വസതിയാണ് അനുവദിച്ചത്. അന്ന് ജവര്‍നഗറിലേക്ക് തുറക്കുന്ന ഒരുഗേറ്റുകൂടി നിര്‍മിച്ചത് വിവാദമായിരുന്നു. മന്ത്രിമന്ദിരം മോടിയാക്കാൻ 18 ലക്ഷം രൂപ ചെലവിട്ടുവെന്ന വിവാദത്തിൽ ആടിയുലഞ്ഞ കോടിയേരി രണ്ടര മാസത്തെ വാസത്തിനൊടുവിൽ പടിയിറങ്ങി. അതോടെ ബംഗ്ലാവ് കുറച്ചുനാൾ അനാഥമായി. എന്നാല്‍പ്പിന്നെ ഇതു ഹൈക്കോടതി ബെഞ്ച് സ്‌ഥാപിക്കാൻ വിട്ടുകൊടുക്കാമെന്നു സർക്കാർ തീരുമാനിച്ചു. അപ്പോഴാണു വിമാനക്കേസിൽ ഉൾപ്പെട്ട് പി.ജെ.ജോസഫ് രാജിവച്ചതും ടി.യു.കുരുവിള മന്ത്രിയായതും.

manmohan-bungalow-close

വാസ്‌തുവിനെയും ഊഹാപോഹങ്ങളെയും അവഗണിച്ച് കുരുവിള മൻമോഹനിൽ വാസവും തുടങ്ങി. പക്ഷേ, ഭൂമിക്കേസിൽ ഉൾപ്പെട്ട് കാലാവധി തികയ്‌ക്കാതെ കുരുവിളയ്ക്ക് ബംഗ്ലാവ് ഒഴിയേണ്ടി വന്നു. അടുത്തതു മോൻസ് ജോസഫിന്‍റെ ഊഴം. പി.ജെ.ജോസഫ് തിരികെ എത്തിയാൽ കസേര ഒഴിയേണ്ടി വരുമെന്ന് അറിയാവുന്ന, മോൻസ്... മൻമോഹൻ ബംഗ്ലാവിനെക്കുറിച്ച് കൂടുതലൊന്നും ആലോചിച്ചില്ല. അദ്ദേഹം അവിടെ താമസം തുടങ്ങിയതിനു പിന്നാലെ പി.ജെ.കുറ്റവിമുക്‌തനായി. മോൻസ് ഒഴിഞ്ഞു. വീണ്ടും മന്ത്രിയായ പി.ജെയ്ക്ക് ഔദ്യോഗിക വസതിയെക്കുറിച്ചു രണ്ടാമതൊരു ചിന്തയില്ലായിരുന്നു. എന്നാല്‍ അദ്ദേഹവും അനുയായികളും കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ അദ്ദേഹം രാജിവച്ചു. അങ്ങനെ അച്യുതാനന്ദൻ സര്‍ക്കാര്‍ നാലുവര്‍ഷം തികയ്ക്കുന്നതിനിടെ നാലുമന്ത്രിമാര്‍ മന്‍മോഹനില്‍ വന്നുപോയി. ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ് എമ്മില്‍ പോകാത്ത വി.സുരേന്ദ്രന്‍ പിള്ള മന്ത്രിയായെങ്കിലും മന്‍മോഹനില്‍ താമസിച്ചില്ല. പകരം മന്ത്രിയാപ്പീസാക്കി.

manmohan-bungalow-gate

കാലാവധി തികച്ചവര്‍, കരുണാകരന്‍ മുതല്‍ സജി ചെറിയാന്‍ വരെ

മന്‍മോഹന്‍ എല്ലാവരെയും ദ്രോഹിച്ചിട്ടില്ല. കരുണാകരന്‍ തന്നെ ഉദാഹരണം. ആഭ്യന്തര മന്ത്രി എന്നനിലയില്‍ കാലാവധി മുഴുവന്‍ തികച്ചാണ് ഇവിടെ നിന്ന് ഇറങ്ങിയത്. 2001ല്‍ എ.കെ.ആന്‍റണി മന്ത്രിസഭയില്‍ അംഗമായ എം.വി.രാഘവനും കാലാവധി പൂര്‍ത്തിയാക്കി. 2004 ആന്‍റണി മാറി ഉമ്മന്‍ചാണ്ടിവന്നെങ്കിലും എം.വി.ആറിന് ഇളക്കമൊന്നും സംഭവിച്ചില്ല. 2011 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ രണ്ടുപേരാണ് മന്‍മോഹന് വേണ്ടി നിര്‍ഭയം മുന്നോട്ടുവന്നത്. ഷിബു ബേബിജോണും ആര്യാടൻ മുഹമ്മദും.

manmohan-bungalow

ആര്യാടന്‍ വൈദ്യുതി വകുപ്പുമന്ത്രിയായതു കൊണ്ടാകണം, കറന്‍റടിക്കുമെന്ന് പേടിച്ച് ഭൂതപ്രേതപിശാചുക്കളൊന്നും ശല്യം ചെയ്തില്ല. ആര്യാടന്‍ അഞ്ചുവര്‍ഷവും തികച്ച് താമസിച്ചു. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനായിരുന്നു അടുത്ത ഊഴം. അദ്ദേഹം മന്‍മോഹനിലെ താമസം ആഘോഷമാക്കി. ബജറ്റ് ദിവസങ്ങളുടെ പുലര്‍വേളകള്‍ മന്‍മോഹന്‍റെ മുറ്റം ഉല്‍സവഛായയിലായിരുന്നു. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍, സര്‍ക്കാര്‍ പ്രസില്‍ നിന്ന് അച്ചടിമണം മാറാതെ കൊണ്ടുവരുന്ന ബജറ്റ് പുസ്തകം നിറചിരിയോടെ ഏറ്റുവാങ്ങിയും ബജറ്റിന്‍റെ ആദ്യ സൂചനകള്‍ നല്‍കിയും അപ്പവും മട്ടന്‍സ്റ്റൂവും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കിട്ടും ഐസക് ഈ ബംഗ്ലാവിന്‍റെ ചരിത്രം മാറ്റിയെഴുതി.

ബംഗ്ലാവ് മാത്രമല്ല, രാശില്ലെന്ന് കരുതപ്പെടുന്ന 13–ാം സ്റ്റേറ്റ് കാറും ഐസക്ക് തിരഞ്ഞെടുത്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റുപോലും ലഭിക്കാത്തതിന് ഉത്തരവാദി ഈ ബംഗ്ലാവാണെന്ന് ചില ജ്യോല്‍സ്യന്മാര്‍ പ്രചരിപ്പിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ചയില്‍ ആന്‍റണി രാജുവാണ് പിന്നെയിവിടെ താമസക്കാരനായെത്തിയത്. രണ്ടരവര്‍ഷത്തെ ടേം വ്യവസ്ഥകഴിഞ്ഞ് ഒന്നൊന്നരമാസം കൂടി കഴിഞ്ഞാണ് അദ്ദേഹം പോയത്. ആന്‍റണി രാജുവിനു പകരം മന്ത്രിയായ കെ.ബി.ഗണേഷ് കുമാര്‍ ഇവിടേയ്ക്ക് വന്നില്ല. തന്‍റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ള അനുഭവം ഓര്‍ത്തിട്ടാകണം.

അങ്ങനെ, വാടവീട്ടില്‍ കഴിയുകയായിരുന്ന സജി ചെറിയാന് മന്‍മോഹന്‍ ബംഗ്ലാവ് അനുവദിച്ചു. ആദ്യ ഊഴത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ അദ്ദേഹം രാജിവച്ചപ്പോള്‍ കവടിയാര്‍ ഹൗസിലായിരുന്നു താമസിച്ചത്. അതുകൊണ്ട്. വീണ്ടും മന്ത്രിയായപ്പോള്‍ മന്‍മോഹനില്‍ താമസിക്കാന്‍ ഭയമേതുമില്ലാതെ സജി വന്നു. ശിഷ്ടകാലം അവിടെ തുടരുകയും ചെയ്തു. എന്നാല്‍ ആന്‍റണി രാജുവിന് പിന്നീട് പഴയ തൊണ്ടിമുതല്‍ കേസില്‍ കുടുങ്ങാനായിരുന്നു വിധി. എം.എല്‍.എ സ്ഥാനം തന്നെ പോയി. ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോലും കഴിഞ്ഞുമില്ല. അത് പക്ഷേ അതൊക്കെ മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണല്ലോ?

oj-janeesh-udf

പുതിയ താമസക്കാരന്‍ ഒ.ജെ.ജനീഷ്

കന്‍റോണ്‍മെന്‍റ് ഹൗസും ക്ലിഫ് ഹൗസും കഴി‍ഞ്ഞാല്‍ പൈതൃകവും പ്രൗഢിയും അവകാശപ്പെടാവുന്ന മന്ദിരമാണ് മന്‍മോഹന്‍ ബംഗ്ലാവ്. തലസ്ഥാനത്തെ രാജവീഥിയായ വെള്ളയമ്പലം– കവടിയാര്‍ റോഡില്‍ ഗവര്‍ണറുടെ വാസസ്ഥാനമായ ലോക്ഭവന് തൊട്ടയല്‍പ്പക്കം. പഴമയുടെ വലിപ്പവും വാശിയും മന്‍മോഹനുണ്ട്. ധാരാളം മുറികളുണ്ട്. അവിടെയൊക്കെ ഭൂമിയുടെ അവകാശികളുണ്ട്. തടിപ്പണികള്‍ വളരെയുള്ളതിനാല്‍ കാലാവസ്ഥയൊക്കെ പുറത്തിറങ്ങാതെ അറിയാന്‍ സാധിക്കും. ആന്‍റണി രാജുവിനും സജി ചെറിയാനും അതറിയാം. ഇനി താമസിക്കാന്‍ വരുന്ന യുവമന്ത്രി ഒ.ജെ.ജനീഷ് അവരോടൊന്ന് സംസാരിക്കുന്നത് നന്നായിരിക്കും. എന്തായാലും മന്‍മോഹന്‍ ബംഗ്ലാവിന്‍റെ പുതിയ നാഥന്‍ ജനീഷിന് ഓള്‍ ദ് ബെസ്റ്റ്.

ENGLISH SUMMARY:

The historic Manmohan Bungalow in Thiruvananthapuram, situated right next to the Governor's official residence (Lok Bhavan), is trending again as it gets ready to welcome its newest occupant, young Minister OJ Janeesh. Built during the reign of Sree Moolam Thirunal for his nephew Vighneswaran Thampi, the heritage palace famously hosted Prime Minister Jawaharlal Nehru and his family during their state visit in 1952. Over the decades, the mansion gained an unfair reputation for carrying a "vatsu defect" or bad luck after prominent leaders like K. Karunakaran and R. Balakrishna Pillai had to unexpectedly cut short their ministerial tenures while residing there. However, this numeric and structural superstition was repeatedly shattered by leaders like MV Raghavan, Aryadan Mohammed, and Thomas Isaac, who fully completed their terms and even turned the premises into a lively cultural hub. Following its recent occupancy by ministers Antony Raju and Saji Cheriyan, the grand, wood-crafted residence now transitions to Minister Janeesh, who looks forward to continuing its rich political legacy.