ഒരു വീടിനുള്ളിൽ ഏറ്റവും കൂടുതൽ നടക്കുന്നത് ആരായിരിക്കും?.എന്താ സംശയം , അടുക്കള ആരു കൈകാര്യം ചെയ്യുന്നോ അവര്‍ തന്നെ. ചെറിയ ദൂരമല്ല ഒരോദിവസവും ഇവര്‍ നടന്നു തീര്‍ക്കുന്നത്. അടുക്കളയില്‍ നന്നായി പണിയെടുക്കുന്നൊരാള്‍ ഒരു ദിവസം നടക്കുന്ന ദൂരമളന്നാല്‍ ശരിക്കും ഞെട്ടും. അത് നാലുകിലോമീറ്ററില്‍ കുറയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അംഗങ്ങൾ കൂടുതലുള്ള വീടോ, അതല്ല ഇത്തിരി വലിപ്പം കൂടുതലുള്ള അടുക്കളയോ ആണെങ്കിൽ നടപ്പ് ഇനിയും കൂടും.
അടുക്കളയിൽ ജോലി മടുപ്പെന്ന് പലരും പറയുന്നതിന് ഒരു കാരണം അടുക്കളയുടെ പ്ലാനിങ്ങിലെ പിഴവുകളാണ്. അടുക്കളജോലി സ്ഥിരം ചെയ്യുന്നവര്‍ക്കുണ്ടാകുന്ന കാലിന്‍റെയും മുട്ടിന്‍റെയും നടുവിന്‍റെയും വേദന, ക്ഷീണം തുടങ്ങി പല അസ്വസ്തതകള്‍ക്കും അടിസ്ഥാനം ഈ നടപ്പാണ്. അടുക്കളകാക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ അതിനാല്‍ തന്നെ പ്ലാനിങ്ങും കരുതലും അനിവാര്യമാണ്.
കാറ്റും വെളിച്ചവും
മിക്ക വീടുകളിലും അടുക്കള വളരെ ചെറുതായിരിക്കും. കൂടാതെ ഓവർഹെഡ് കബോർഡുകൾ അടക്കമുള്ള സ്റ്റോറേജ് കൂടുതൽ നൽകുമ്പോൾ അടുക്കളയ്ക്ക് നൽകുന്ന വെന്റിലേഷൻ പരിമിതവുമായിരിക്കും. അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് മടുപ്പ് തോന്നാതിരിക്കണമെങ്കിൽ ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും സുഗമമായി ലഭിക്കണം. വെളിച്ചം എന്ന് പറയുമ്പോൾ നാച്ചുറൽ ലൈറ്റ് ആണ് കൂടുതലായി ലഭിക്കേണ്ടത്. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം പുറത്തേക്ക് പോകണമെങ്കിൽ നല്ല വായു സഞ്ചാരം കൂടി വേണം.
വർക്കിങ് ട്രയാങ്കിൾ
അടുക്കള ജോലിയുടെ ഭാഗമായി ഏറ്റവും കൂടുതൽ ദൂരം നടക്കുന്നത് ഫ്രിഡ്ജ്, സിങ്ക്, സ്റ്റൗ ഇത് മൂന്നിനും ഇടയിലാണ്. ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ എടുത്ത് സിങ്കിൽ കഴുകി സ്റ്റൗവിൽ പാചകം ചെയ്യുന്നു. ഈ മൂന്ന് പോയിന്റുകൾക്കുമിടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നടപ്പ് ഒരു ദിവസം ഒരുപാട് തവണ ആവർത്തിക്കേണ്ടി വരും. അതുകൊണ്ടുതന്നെ അടുക്കള ഡിസൈൻ ചെയ്യുമ്പോൾ ഏറ്റവും പ്രധാനമാണ് ഫ്രിഡ്ജ്, സിങ്ക്,സ്റ്റൗ എന്നിവയുടെ സ്ഥാനം. ഈ മൂന്ന് ഘടകങ്ങൾ ഒരു ട്രയാങ്കിൾ രീതിയിൽ ഡിസൈൻ ചെയ്യുകയാണെങ്കിൽ അടുക്കളയിലെ നടപ്പിന്‍റെ ദൂരം ഒരു പരിധിവരെ കുറയ്ക്കാം. പാചകം എളുപ്പമാക്കുകയും ചെയ്യാം.
കിച്ചൻ കൗണ്ടർ ടോപ്
ജോലിക്കിടെ നടുവ് വേദന ഉണ്ടാക്കുന്നതിൽ ഒരു പ്രധാന റോള്‍ അടുക്കളയുടെ കൗണ്ടർ ടോപ്പിനമുണ്ട്. കൗണ്ടർ ടോപ്പിന്‍റെ ഉയരം ശാസ്ത്രീയമായല്ല രൂപകല്‍പന ചെയ്തിട്ടുള്ളതെങ്കില്‍ നടുവ് കൂടുതലായി വളച്ച് നിന്ന് ജോലി ചെയ്യേണ്ടി വരും, അല്ലെങ്കിൽ കൈമുട്ടുകൾക്ക് വേദന വരാം. അടുക്കളയിലെ കൗണ്ടർ ടോപ്പ് പണിയുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് അതിന്‍റെ ഉയരം. അടുക്കളയിൽ ജോലിചെയ്യുന്നയാളിന്‍റെ ഉയത്തിന്‍റെ പാതി എടുക്കുക, അതിനോട് 5 cm കൂട്ടുക . അതായത് നിങ്ങളുടെ പൊക്കം 160 cm ആണെങ്കിൽ 160/2= 80 cm + 5 cm =85 cm.
85 സെന്റീമീറ്റർ പൊക്കം ആണ് കൗണ്ടർ ടോപ്പിന് വേണ്ടത്. ഇതിനേക്കാൾ പൊക്കം കുറഞ്ഞാൽ കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ നടുവിന് പ്രയാസം ഉണ്ടാവും. കൗണ്ടറിന്റെ വീതി ഏകദേശം 65 cm നൽകിയാൽ കൗണ്ടർ ടോപ്പിലെ ജോലികൾ സുഖകരവും അനായാസവും ആകും.