നമ്മുടെയെല്ലാം വീടുകളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതും എന്നാല്‍ കുറവ് ശ്രദ്ധ ലഭിക്കുന്നതുമായ ഒരു വസ്തു ഉണ്ട്. അതാണ് അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍. എണ്ണ മയമുള്ള പാത്രങ്ങള്‍ മുതല്‍ ഇവ ഉപയോഗിച്ച് വൃത്തിയാക്കുന്നു. എന്നാല്‍ ഇതില്‍ നിരവധി ബാക്ടീരിയകളാണുള്ളത്. കാഴ്ചയില്‍ നിരുപദ്രവകരമായി തോന്നുമെങ്കിലും അതിന്റെ സുഷിരങ്ങള്‍ക്കിടയിലാണ് ഇത്തരം ബാക്ടീരിയകളുടെ വാസം.
എപ്പോഴും സോപ്പുവെള്ളത്തില്‍ കിടക്കുന്നത് കൊണ്ട് പലരും ഇതിന് അത്യാവശ്യം വൃത്തിയുണ്ടെന്ന് കരുതുന്നു. എന്നാല്‍ വീട്ടിലെ മറ്റു പല സാധനങ്ങളെക്കാളും വൃത്തിഹീനമാണ് ഈ സ്പോഞ്ച്. നനഞ്ഞ അന്തരീക്ഷവും ഭക്ഷ്യാവശിഷ്ടങ്ങളും ഈ ബാക്ടീരിയകൾക്ക് പെറ്റുപെരുകാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. ഒരു ചതുരശ്ര ഇഞ്ച് സ്ഥലത്ത് തന്നെ ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
വൃത്തിഹീനമായ ഈ സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുമ്പോൾ, ബാക്ടീരിയകൾ വൃത്തിയാക്കിയ പാത്രങ്ങളിലേക്കും, കൗണ്ടർ ടോപ്പുകളിലേക്കും, അതുവഴി നമ്മുടെ ഭക്ഷണത്തിലേക്കും പടരാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഇത് ഭക്ഷ്യവിഷബാധപോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പലപ്പോഴും ഇത് പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ കഴിയില്ലെങ്കിലും പരാമവധി ശുചിയായി വയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതിനായി ഒന്നോ രണ്ടോ ആഴ്ചയില്‍ ഇവ മാറ്റുക. അല്ലാത്ത പക്ഷം എണ്ണമയം കൂടുകയും തുടര്‍ന്ന് ബാക്ടീരിയകള്‍ വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
സ്പോഞ്ച് നന്ച്ച് കഴുകിയ ശേഷം മൈക്രോവേവ് ചെയ്യുന്നതും നല്ലതാണ്. ആവശ്യം കഴിഞ്ഞ ശേഷം എപ്പോഴും ഉണക്കി സൂക്ഷിക്കണം. ലാഭം നോക്കാതെ കൃത്യമായ ഇടവേളകളില്‍ മാറ്റി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനും വൃത്തിയുള്ള സാഹചര്യം ഉണ്ടാക്കാനും നല്ലത്.