യുദ്ധം അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെയാണ്. നമ്മുടെ ഈ കേരളത്തില്‍ നിന്ന് കരമാര്‍ഗം നോക്കിയാല്‍ ഇറാനിലെ ടെഹ്റാനിലേക്ക് ഏതാണ് നാലായിരത്തിലേറെ കിലോമീറ്റര്‍ ദൂരം വരും. വിമാനത്തിലാണെങ്കില്‍ അത് മൂവായിരത്തിനടുത്തും വരും. അത്രയും ദൂരെ നടക്കുന്ന ഒരു യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ അടുക്കളയില്‍ വരെയുണ്ട്. രാഷ്ട്രീയം അങ്ങനെയാണ്. അതില്‍ ഇടപെടുന്നത് വ്യക്തിപരമാണ്. ഇടപെടാം, ഇടപെടാതിരിക്കാം. പക്ഷേ രാഷ്ട്രീയത്തിന് ആ വ്യക്തിപരതയില്ല. അത് എല്ലാവരിലും ഇടപെടും. അതിങ്ങനെയൊക്കെയാണ്. ഭക്ഷണസാമഗ്രികള്‍ ആവശ്യത്തിലേറെ ഉണ്ടായാലും അത് പാകം ചെയ്യാനുള്ള പാചകവാതകം ലഭ്യമല്ലെങ്കില്‍ അടുക്കള പൂട്ടും. പട്ടിണിയാവും, അത്രതന്നെ. വെറുകുപയോഗിക്കാന് സാധിക്കുന്നവര്‍ക്ക് ഇവിടെ പിടിച്ചുനില്‍ക്കാം എന്നുമാത്രം. പശ്ചിമേഷ്യയിലെ യുദ്ധം പ്രവാസികളെ മാത്രമല്ല, കേരളത്തേയും ഇന്ത്യയേയും ഒക്കെ ബാധിക്കുന്ന ഒന്നാണ്. ഇതല്പം നേരത്തെ, വളരെ എളുപ്പത്തില്‍ ആയെന്നേയുള്ളു.