Image: x.com/SanamMahoozi & Google Map

Image: x.com/SanamMahoozi & Google Map

ഇറാന്‍റെ വിപുലമായ അണക്കെട്ടുകളും രാജ്യത്തിന്റെ രഹസ്യ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. ജല– വൈദ്യുത പദ്ധതികള്‍ ആവശ്യമില്ലാത്ത പ്രദേശങ്ങളിൽ പോലും ഇറാന്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. തങ്ങളുടെ ഭൂഗർഭ സൈനിക കേന്ദ്രങ്ങൾക്ക് ആവശ്യമായ വെള്ളവും വൈദ്യുതിയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇറാന്‍ ഈ അണക്കെട്ടുകളും പൈപ്പ്‌ലൈനുകളും ജലവിതരണ പദ്ധതികളും നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് വിദഗ്ദരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായാലും ഭൂഗർഭ സൈനിക കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരാൻ ഇത്തരം സംവിധാനങ്ങൾ സഹായിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയില്‍ തന്നെ ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. രാജ്യത്തുടനീളം അറുന്നൂറിലധികം അണക്കെട്ടുകളുണ്ട് ഇവയില്‍ അഞ്ഞൂറോളം എണ്ണം വലിയ അണക്കെട്ടുകളാണ്. മാത്രമല്ല ഭൂമിക്കടിയിലെ തുരങ്കളിലും പർവ്വതനിരകൾക്കുള്ളിലുമായി കുറഞ്ഞത് 30 ലധികം രഹസ്യ മിസൈൽ കേന്ദ്രങ്ങളും ഇറാൻ സ്ഥാപിച്ചിട്ടുണ്ട്. ലോങ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും നിർമ്മിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുന്ന ഇത്തരം ഭൂഗർഭ കേന്ദ്രങ്ങൾക്ക് ജലവും വൈദ്യുതിയും തടസ്സമില്ലാതെ ഉറപ്പാക്കാനാണ് സമീപപ്രദേശങ്ങളിൽ പല ജലവൈദ്യുത പദ്ധതികളും അണക്കെട്ടുകളും നിർമ്മിച്ചിരിക്കുന്നത് എന്നാണ് വിദഗ്ദര്‍ മുന്നോട്ടുവയ്ക്കുന്ന സംശയം.

മുന്‍പ് പരിസ്ഥിതി പ്രവർത്തകരെയും വന്യജീവി ഗവേഷകരെയും ഇറാൻ ഭരണകൂടം ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണവും ഈ പ്രദേശങ്ങള്‍ കണ്ടെത്തിയതാകാം എന്ന സംശയവും ശക്തമാകുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ നിരീക്ഷിക്കാൻ സ്ഥാപിച്ച കാമറകൾ ഉപയോഗിച്ച് യുഎസിനും ഇസ്രയേലിനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് പേർഷ്യൻ വൈൽഡ് ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ അംഗങ്ങളെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രവർത്തനങ്ങൾക്കിടെ ഇവർ അറിയാതെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്ക് സമീപമെത്തിയിരിക്കാമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ സംശയം.

ഇറാനിൽ ഇത്രയധികം അണക്കെട്ടുകൾ നിർമിച്ചതിന്റെ ആവശ്യകതയെക്കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്ന് ജർമനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ജലസുരക്ഷാ വിദഗ്ധനായ നിമ ഷോക്രി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഈ വർഷം യുഎസും ഇസ്രയേലും ഇറാന്‍റെ മിസൈൽ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങളുടെ ഭൂപടവും അണക്കെട്ടുകളുടെ സ്ഥാനവും താരതമ്യം ചെയ്തപ്പോള്‍ ഇതിൽ ചില സ്ഥലങ്ങൾ തമ്മിൽ വ്യക്തമായ സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വടക്കൻ ഇറാൻ മുതൽ തെക്കൻ ഇറാൻ വരെ അർധവൃത്താകൃതിയിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ചില അണക്കെട്ടുകളുള്ളത്. അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾക്ക് സമീപം തന്നെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായത് എന്തുകൊണ്ടാണെന്നും ഷോക്രി ചോദിക്കുന്നു.

ഇതില്‍ തന്നെ മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയും തെക്കൻ ഇറാനിലെ ഹോർമോസ്ഗാനുമാണ് ശ്രദ്ധാ കേന്ദ്രങ്ങള്‍. സാഗ്രോസ് മലനിരകളിൽനിന്ന് മധ്യ ഇറാനിലെ യസ്ദിലേക്ക് വെള്ളമെത്തിക്കുന്നതിനായി നടപ്പാക്കിയ വലിയ ജലവിതരണ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് കലിഫോർണിയ സർവകലാശാലയിലെ ജലവിഭവ വിദഗ്ധൻ അമീർ അഗകൂചക് നേരത്തെ സംശയം ഉന്നയിച്ചിരുന്നു. മാർച്ചിൽ ഈ മേഖലയിലുണ്ടായ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇവിടെ പ്രധാനപ്പെട്ട മിസൈൽ കേന്ദ്രം സ്ഥിതി ചെയ്യുന്നതായി ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഹോർമോസ്ഗാനിലും സമാനമായ സംശയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

എന്നാൽ, ഇറാന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ട് നിർമാണ പദ്ധതികളും ഭൂഗർഭ മിസൈൽ ശൃംഖലയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിനുള്ള കൃത്യമായ തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദഗ്ധർ പറയുന്നുണ്ട്. ജലക്ഷാമം നേരിടുന്ന രാജ്യത്ത് കുടിവെള്ളത്തിനും കൃഷിക്കും തുടങ്ങി പല സിവിലിയൻ ആവശ്യങ്ങളും ഈ അണക്കെട്ടുകൾ നിറവേറ്റുന്നുണ്ട്. അതേസമയം, ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇറാന്റെ വിദേശകാര്യ- ഊർജ്ജ മന്ത്രാലയങ്ങളോ റെവല്യൂഷണറി ഗാർഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.എസ്- ഇസ്രയേൽ– ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാന്റെ ആയുധശേഷിയെ കുറിച്ചുള്ള അന്വേഷണങ്ങൾ രാജ്യാന്തര തലത്തില്‍ തന്നെ ശക്തമാണ്, പ്രത്യേകിച്ചും യുഎസിന്‍റെ മേല്‍നോട്ടത്തില്‍.

ENGLISH SUMMARY:

Suspicions are intensifying that Iran's extensive network of over 600 dams is strategically linked to supplying uninterrupted water and electricity to its secret underground missile bases. Experts cited by the New York Times note that the geographic locations of several hydroelectric projects closely match the sites of recent US and Israeli airstrikes on Iranian military facilities.