2027 ജനുവരി ഒന്നു മുതൽ മാറ്റങ്ങൾ പ്രാബല്യത്തിലാകുന്നതോടെ സൂപ്പർഫാസ്റ്റ് സപ്ലിമെന്ററി നിരക്കായ 15 രൂപ മുതൽ 45 രൂപ വരെ യാത്രക്കാർക്ക് ലാഭിക്കാനാകും.
കേരളത്തിലെ പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ എട്ടു സര്‍വീസുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിവാക്കും. പകരം എക്സ്പ്രസ് വിഭാഗത്തിലേയ്ക്ക് മാറ്റും. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കി. ഇതിന്‍റെ ഭാഗമായി ട്രെയിന്‍ നമ്പറുകള്‍ മാറും. 2027 ജനുവരി ഒന്നുമുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍ നിന്ന് എക്സ്പ്രസ് വിഭാഗത്തിലേയ്ക്ക് മാറുന്ന ട്രെയിനുകളില്‍ നിരക്ക് കുറയും. സൂപ്പർഫാസ്റ്റ് വണ്ടികളിൽ ഈടാക്കുന്ന സപ്ലിമെന്ററി നിരക്ക് 15 രൂപ മുതൽ 45 രൂപ വരെയാണ് കുറവുണ്ടാവുക. ഇതുവരെ സൂപ്പര്‍ഫാസ്റ്റിന്‍റെ നിരക്കിലായിരുന്നു ഈ ട്രെയിനുകളെല്ലാം സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. സ്റ്റോപ്പുകളും പഴയപോലെ നിലനിര്‍ത്തും.
ട്രെയിന്‍ നമ്പറുകളില്‍ മാറ്റം
കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ജനുവരി മുതല്‍ 16375 എന്ന നമ്പറിലാകും സര്‍വീസ് നടത്തുക. ഇതുവരെ 12075 എന്നായിരുന്നു നമ്പര്‍. തിരിച്ച് തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ 12076 എന്ന നമ്പര്‍ 16376 എന്ന നമ്പറായി മാറും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് 12081 എന്ന നമ്പറിന് പകരം 16379 എന്ന നമ്പര്‍ അനുവദിച്ചു. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലെ ഇതേ ട്രെയിനിന് 12082 ന് പകരം 16380 ആക്കിയിട്ടുണ്ട്. ഈ രണ്ട് ട്രെയിനുകളും ഇനി മുതല്‍ എക്പ്രസ് വിഭാഗത്തിലാകും സര്‍വീസ് നടത്തുക.
എറണാകുളം – പട്ന ബൈവീക്കിലി എക്സ്പ്രസിന്‍റെ 22643 എന്ന നമ്പര്‍ 16359 ആയി മാറും. പട്ന– എറണാകുളം സര്‍വീസ് 22644ന് പകരം16360 ആയി മാറും. തിരുവനന്തപുരം നോര്‍ത്ത്– ലോക്മാന്യതിലക് 12201/12202 എന്ന സര്‍വീസുകളുടെ നമ്പറുകള്‍ യഥാക്രമം 16371/ 16372 എന്നിങ്ങനെ ആകും. ഈ മാറ്റം ജനുവരി ഒന്നു മുതല്‍ നടപ്പിലാവില്ല. ആദ്യവാരത്തിന് ശേഷമാകും നടപ്പാക്കുക.