കേരളത്തില്‍ സർവീസ് നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കാൻ ദക്ഷിണ റെയിൽവേ. കണ്ണൂർ– തിരുവനന്തപുരം– കണ്ണൂർ (12081/12082), കോഴിക്കോട്– തിരുവനന്തപുരം– കോഴിക്കോട് (12075/12076) ജനശതാബ്ദി എക്സ്പ്രസുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് ഒഴിവാക്കുന്നത്. സൂപ്പർഫാസ്റ്റ് പദവി നഷ്ടപ്പെടുന്നതിന് പിന്നാലെ ട്രെയിനുകളുടെ നമ്പറും മാറും. ടിക്കറ്റ് നിരക്കും കുറയും.
മണിക്കൂറിൽ ശരാശരി 55 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത നിലനിർത്താൻ കഴിയുന്ന ട്രെയിനുകൾക്കാണ് സൂപ്പർഫാസ്റ്റ് പദവി നൽകുന്നത്. എന്നാൽ കേരളത്തിലെ ജനശതാബ്ദി ട്രെയിനുകൾക്ക് ഈ വേഗത സ്ഥിരമായി നിലനിർത്താൻ സാധിക്കാത്തതും തുടർച്ചയായി സർവീസുകൾ വൈകുന്നതും റെയിൽവേ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൂപ്പര്‍ഫാസ്റ്റ് പദവി നഷ്ടപ്പെടുന്നതോടെ ഇവയെ സാധാരണ മെയിൽ/എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റും. 2027 ജനുവരി 1 മുതൽ പുതിയ നമ്പറുകളും നിലവിൽ വരും.
പുതിയ നമ്പറുകൾ: കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി: 16375, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി: 16376, കണ്ണൂര്‍– തിരുവനന്തപുരം ജനശതാബ്ദി: 16379, തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി: 16380. അതേസമയം, ട്രെയിനുകളുടെ നമ്പറുകൾ മാത്രമാണ് മാറുന്നത്. സമയക്രമത്തിലോ സ്റ്റോപ്പുകളിലോ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.
ടിക്കറ്റ് നിരക്ക് കുറയും
സൂപ്പർഫാസ്റ്റിൽ നിന്ന് എക്സ്പ്രസ്സിലേക്ക് താഴുമ്പോൾ ടിക്കറ്റ് നിരക്കും കുറയും. സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതോടെ ഈ ട്രെയിനുകളിൽ ഈടാക്കിയിരുന്ന സപ്ലിമെന്ററി ചാർജ് ഒഴിവാകും. നോൺ-എസി ടിക്കറ്റുകൾക്ക് 15 രൂപയും എസി ചെയർകാർ ടിക്കറ്റുകൾക്ക് 45 രൂപ വരെയും നിരക്ക് കുറയും. ഇതോടെ, കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി നോൺ-എസി നിരക്ക് 235 രൂപയിൽ നിന്ന് 220 രൂപയായും, എ.സി ചെയർകാർ നിരക്ക് 780 രൂപയിൽ നിന്ന് 735 രൂപയായും കുറയും.
നേരത്തേ, മുംബൈ ലോകമാന്യതിലക്– തിരുവനന്തപുരം ബൈ വീക്ക്ലി, യശ്വന്ത്പുര– തിരുവനന്തപുരം നോർത്ത് ഗരീബ്രഥ് എന്നീ ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവിയും റെയിൽവേ പിൻവലിച്ചിരുന്നു. ജനുവരി 1 മുതൽ ഇവയും എക്സ്പ്രസായി സർവീസ് നടത്തും. നമ്പരുകളിലും മാറ്റം വരും. മുംബൈ ബൈ വീക്ക്ലിയുടെ പുതിയ നമ്പർ – 11073/11074. ഗരീബ്രഥിന്റേത് 16537 / 16538.