jeevan

ജനിതക രോഗമായ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച സുഹൃത്തിനെയും ചുമലിലേന്തി മലകയറുകയാണ് 5 കൂട്ടുകാർ. തൃശൂർ സ്വദേശി ജീവൻ സജീവിനെയും തോളിലേറ്റിയുള്ള ഇവരുടെ  യാത്ര തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞു. മലമുകളിലെ കാഴ്ചകൾ കാണാനുള്ള ജീവന്റെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുകയാണ് ഈ സൗഹൃദ കൂട്ടായ്മ.

മലകയറാൻ ആഗ്രഹിക്കുന്ന സുഹൃത്തിന് മുന്നിൽ വഴികൾ അടയുമ്പോൾ, അവന് കരുത്തായി മാറുകയാണ്  അഞ്ച്  ചുമലുകൾ. ഓരോ കയറ്റത്തിലും സൗഹൃദത്തിന്റെ കരുത്തുണ്ട്. ജീവനെ തോളിലേറ്റാനായി ബെൽറ്റുള്ള ബാഗ് പണിയിച്ചു. പ്ലസ് ടു കാലത്താണ് ജീവൻ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര തുടങ്ങുന്നത്. ആദ്യം എടയ്ക്കൽ ഗുഹ, പിന്നെ ഇല്ലിക്കൽ കല്ല്, രാമക്കൽമേട്, കൈലാസ ഗിരി, കുളു മണാലി തുടങ്ങി അനേകം സ്ഥലങ്ങൾ കണ്ടു. മഹാരാഷ്ട്രയിലെ ഹരിഹർ ഫോർട്ടിലേക്കുള്ള യാത്രയായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്.

ആദ്യം പേടിയായിരുന്നെങ്കിലും ഇവരുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കിയപ്പോൾ അതു മാറിയെന്ന് ജീവന്റെ അമ്മ. പഠനം കഴിഞ്ഞ് ഇപ്പോൾ ഒരു വിദേശ കമ്പനിയുടെ  ഫ്രീലാൻസ് വീഡിയോ എഡിറ്ററാണ് ജീവൻ. അന്നപൂർണ മലനിരകളാണ് ഈ 6 അംഗ സംഘത്തിന്റെ അടുത്ത ലക്ഷ്യം.

ENGLISH SUMMARY:

Muscular dystrophy inspiring story highlights five loyal friends who carry their disabled friend on their shoulders to conquer mountains across India. This heartwarming tale of true friendship showcases how unwavering support can help overcome physical barriers to achieve impossible dreams.