എസ്എംഎ മരുന്ന് വിവാദത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍ക്ക് പരീക്ഷണ മരുന്ന് നല്‍കിയെന്നും കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലൂടെ നടത്തിയെന്നും വീണാ ജോര്‍ജ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവര്‍ത്തിച്ചു. മരുന്ന് ഉല്പാദിപ്പിച്ചത് ജൂണ്‍ 2025നാണെന്നും കോടതി ഉത്തരവ് വന്നത് 2025 ഒക്ടോബറിലാണെന്നും വീണ കുറിപ്പില്‍ പറയുന്നു. ഷെല്‍ഫ് ലൈഫ് ഇല്ലാത്ത, രാജ്യത്ത് നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നതിനും മുന്‍പ് ഉല്പാദിപ്പിച്ച മരുന്ന് കുട്ടികള്‍ക്ക് നല്‍കിയത് ആശങ്കപ്പെടുത്തുന്നുവെന്ന മാതാപിതാക്കളുടെ പരാതി ന്യായമാണെന്നും വീണ ചൂണ്ടിക്കാട്ടി.
വീണാ ജോര്‍ജിന്റെ കുറിപ്പിങ്ങനെ: 'കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സർക്കാർ മെഡിക്കൽ കോളേജിലൂടെ നടത്തി എന്ന അതീവ ഗുരുതരമായ വിഷയത്തെ മറച്ചുപിടിക്കാൻ ഇത് ജനറിക് മെഡിസിൻ V/s ബ്രാൻഡഡ് മെഡിസിൻ പ്രശ്നമാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ഉത്തരവാദികളായവർ ശ്രമിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ രോഗങ്ങൾക്കുള്ള 1037 ജനറിക് മരുന്നുകളാണ് വാങ്ങിയിരുന്നത്. അവ ഓരോന്നും ലക്ഷക്കണക്കിന് എണ്ണം വീതമാണ് ഓരോ വർഷവും സർക്കാർ കെഎംഎസ്സിഎല്ലിലൂടെ വാങ്ങിയത്. എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റിലുള്ള 865 മരുന്നുകളും ജനറിക് ആയിരുന്നു. ക്യാൻസറിനുള്ള 172 ജനറിക് മരുന്നുകൾ സർക്കാർ അന്ന് കാരുണ്യ സ്പർശം പദ്ധതിയിലൂടെ വാങ്ങി രോഗികൾക്ക് നൽകി.
കോടതി വിധി ഉണ്ടായപ്പോൾ തന്നെ എസ്എംഎയ്ക്ക് Natcoയുടെ മരുന്ന് നൽകുന്നത് പരിശോധിക്കാൻ ടെക്നിക്കൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത് മുൻ സർക്കാരാണ്. പക്ഷെ ഫെബ്രുവരി 2026-ൽ ചേർന്ന കമ്മിറ്റി ഇത് സർക്കാരിന് ശുപാർശ നൽകിയില്ല. ഇവിടെ ഇപ്പോൾ ഉണ്ടായ ഗുരുതരമായ കാര്യം ക്ലിനിക്കൽ ട്രയലിനുള്ള (മരുന്ന് പരീക്ഷണത്തിന്) മരുന്ന് കുഞ്ഞുങ്ങൾക്ക് നൽകി എന്നുള്ളതാണ്. എന്തിന്. എങ്ങനെ ക്ലിനിക്കൽ ട്രയൽ എന്ന ലേബലുള്ള ഈ ബോട്ടിലുകൾ കുഞ്ഞുങ്ങൾക്ക് നൽകി?? കുഞ്ഞുങ്ങൾക്ക് നൽകിയ മരുന്നിലെ പ്രൊഡക്ഷൻ തീയതി ജൂൺ 2025 ആണ്. കോടതി ഉത്തരവ് ഉണ്ടാകുന്നത് 2025 ഒക്ടോബറിൽ. അതിനും 4 മാസം മുൻപ് ഉത്പാദിപ്പിച്ച മരുന്നാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. സപ്ലൈ ഓർഡർ കൊടുക്കുന്ന ദിവസം (october 2026) മുതൽ 12 മാസത്തെ മിനിമം ഷെൽഫ് ലൈഫ് മരുന്നിന് ഉണ്ടാകണമെന്നാണ് KMCLന്റെ വ്യവസ്ഥ. അപ്പോൾ ആ ഷെൽഫ് ലൈഫ് ഇല്ലാത്ത, രാജ്യത്ത് അനുവാദം ലഭിക്കുന്നതിന് മുൻപ് ഉത്പാദിപ്പിച്ച ഈ മരുന്ന്, പുറം ചട്ടയിലും ബോട്ടിലിലും എഴുതിയിരിക്കുന്നത് പോലെ ക്ലിനിക്കൽ പരീക്ഷണത്തിനാണെന്ന് മാതാപിതാക്കൾ കരുതിയാൽ അവരെ കുറ്റപ്പെടുത്തുന്നത് എങ്ങനെ? അവരുടെ ആശങ്ക ന്യായമാണ്.
ജനറിക് മെഡിസിന് ക്ലിനിക്കൽ ട്രയൽ വേണ്ട എന്നാണെങ്കിൽ കമ്പനി എന്തിന് ക്ലിനിക്കൽ ട്രയൽ ലേബലോട് കൂടിയ മരുന്ന് കെഎംസിഎല്ലിന് നൽകി? അത് തീർത്തും ദുരൂഹമാണ്. മുപ്പത്തിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി കയറ്റുമതിക്കുള്ള മരുന്ന് പരീക്ഷണമാണോ കേരളത്തിലെ കുഞ്ഞുങ്ങളിൽ നടത്തിയത്? കെഎംസിഎല്‍ വഴിയുള്ള മരുന്ന് വിതരണത്തിൽ എങ്ങനെ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് ഉൾപ്പെട്ടു? ഓരോ ബാച്ചിനും ക്വാളിറ്റി സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. അത് എന്ത് കൊണ്ട് ഈ മരുന്നിന് ഉണ്ടായില്ല? AIIMS ഉൾപ്പടെ രാജ്യത്തെ 15 സെന്റർ ഓഫ് എക്സലന്സുകളിൽ എവിടെ എങ്കിലും ടെൻഡർ പ്രോസസ്സ് വഴി ഈ മരുന്ന് വാങ്ങുന്നുണ്ടോ? ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം മരുന്ന് പരീക്ഷണത്തിൽ കൃത്യമായ മറുപടി സർക്കാർ പറയേണ്ടതായിട്ടുണ്ട്'.