nattusoothram-alappuzha

2018 ലെ പ്രളയത്തിൽ മുങ്ങിയ ആലപ്പുഴ തലവടി SDVS വായനശാല ഇന്ന് സ്മാർട്ടാണ്. പ്രളയത്തെ അതിജീവിക്കുന്ന പുതിയ കെട്ടിടത്തിന് ഒപ്പം സമ്പൂർണ ഡിജിറ്റലൈസേഷൻ കൂടി പൂർത്തിയാകുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ കൂട്ടായ പ്രവർത്തനമാണ് വായനശാലയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

1928 ൽ പ്രവർത്തനം ആരംഭിച്ചതാണ് ആലപ്പുഴ തലവടി പഞ്ചായത്ത് എട്ടാം വാർഡിലെ SDVS വായനശാല. തകഴി, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങി മഹാരഥന്മാർ ഇവിടെ സ്ഥിര സന്ദർശകരായിരുന്നു. തലമുറകളുടെ വായനശീലവും അറിവും വളർത്തിയ ഗ്രന്ഥശാല 2018 ലെ മഹാപ്രളയത്തിൽ മുങ്ങി. അമൂല്യവും പഴക്കമുള്ളതുമായ 8000 പുസ്തകങ്ങൾ അന്ന് നശിച്ചു. പ്രളയമെടുത്ത ഒരു നാടിന്റെ വായനശീലത്തിന് വീണ്ടും തിരി തെളിച്ചത് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത് കുമാർ പിഷാരത്ത് ആണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിച്ചു. ഇന്ന് SDVS വായനശാല സ്മാർട്ട് ആണ്. വെള്ളപ്പൊക്കം ബാധിക്കാത്ത തരത്തിൽ പൊക്കത്തിലുള്ള കെട്ടിടം, നിലവിലുള്ള പുസ്തകങ്ങളിൽ 4200 എണ്ണവും ഡിജിറ്റലൈസ് ചെയ്തു. 

ലൈബ്രറി കൗൺസിലിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇപ്പോൾ അയ്യായിരം പുസ്തകങ്ങളും ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. 2018 ലെ പ്രളയത്തിൽ നശിക്കാത്ത അമൂല്യങ്ങളായ ഗ്രന്ഥങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്ക് സഹായകരമാണു. ചീഫ് സെക്രട്ടറി ആയിരുന്ന ഡോ. വി വേണു കുട്ടിക്കാലത്ത് വായനാ ശീലവും അറിവും വളർത്തിയത് SDVS വായനശാലയിലൂടെയാണ്. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ 150 ൽ ഏറെ അംഗങ്ങൾ ഇന്ന് വായനശാലയിൽ ഉണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയാകുന്നതോടെ മറ്റ് ഗ്രന്ഥശാലകൾക്കും തലവടിയിലെ SDVS വായനശാല മാതൃകയായി മാറുകയാണ്.

ENGLISH SUMMARY:

SDVS Vayanashala Thalavadi in Alappuzha has transformed into a smart and fully digitized library after recovering from the devastating 2018 Kerala floods. This historic reading room now features an elevated building and digital archives, serving as a beacon of knowledge for the local community.