nattusoothram

മൂന്നാം ക്ലാസുകാരന്‍ മുതല്‍ എഴുപത്തഞ്ചുകാരന്‍ വരെ ഒരുമിച്ചു പഠിക്കാനെത്തുന്ന ഒരു ക്ലാസ് മുറി ഒരുക്കിയിരിക്കുകയാണ് എറണാകുളം കണയന്നൂര്‍ ഗ്രാമീണ വായനശാല. വിവിധ തലമുറകളെ ഒന്നിച്ചിരുത്തി ഇംഗ്ലീഷ് ഭാഷ പഠന പദ്ധതിയാണ് വായനശാല നടപ്പിലാക്കിയത്. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനൊപ്പം പ്രായഭേദമന്യെ ഒത്തു ചേരലിന്‍റെ ഇടമായി മാറുകയാണ് ഈ ക്ലാസ് റൂം.

തലമുറകളെ ഒന്നിപ്പിക്കുന്ന ക്ലാസ് മുറി. കുട്ടികളും മുതിര്‍ന്നവരും വയോജനങ്ങളും ഒരുമിച്ചാണ്  കണയന്നൂര്‍ ഗ്രാമീണവായനശാലയില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന സ്വീറ്റ്  ഇംഗ്ലീഷ് സ്പീക്ക്  ഇംഗ്ലീഷ് ക്ലാസിലേക്ക് എത്തുന്നത്. മുത്തശിയും പേരക്കുട്ടിയും അമ്മയും മകനും അങ്ങനെ കുടുംബാംഗങ്ങള്‍ ഒന്നിച്ച് ക്സാസിനെത്തുന്നവരുമുണ്ട്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ മാത്യു ചെറിയാനാണ് ക്ലാസ് എടുക്കുന്നത്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗെയിമുകളും പാട്ടുകളും കഥപറച്ചിലൂടെയും  രസകരമായാണ് പഠനം.

ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്  ഉള്ളത് 40 ദിവസത്തെ ക്ലാസുകൾ പൂര്‍ത്തിയാകുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വയോജനങ്ങള്‍ക്ക് ഉള്‍പ്പെടെ ഒത്തു ചേരാനുള്ള ഇടമായി വായനശാലയിലെ ഇംഗ്ലീഷ് ക്ലാസ്  മാറുകയാണ്. ഒരോ തവണയും ക്സാസിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കൂടുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായി വായനശാല മുന്നോട്ട് കൊണ്ടുപോവുകയാണ്.

ENGLISH SUMMARY:

the inspiring multi-generational English learning initiative at Kanayannur Gramina Vayanalayam where students ranging from third graders to seventy-five-year-olds study together. This innovative community program bridges generational gaps and makes learning English fun through interactive games, songs, and storytelling.