മീനിന്റെ തലക്കുള്ളിൽ കാണുന്ന ഒരു ചെറിയ കല്ല് കൊണ്ട് എന്ത് ചെയ്യാനാകും? മത്സ്യത്തിന്റെ പ്രായം കണ്ടെത്താൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒട്ടോലിത്ത് വിഴിഞ്ഞത്തെ ഒരു കൂട്ടം സ്ത്രീകൾക്ക് വരുമാനമാർഗമായി മാറുകയാണ്. മാലിന്യമായി കളയുന്ന ഒട്ടോലിത്തുകൾ ശേഖരിച്ച്, മനോഹരമായ ആഭരണങ്ങളാക്കി മാറ്റുകയാണ് ഇവർ. വിഴിഞ്ഞത്തെ സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഓട്ടോലിത്തിനു ഇങ്ങനെയൊരു ഉപയോഗമുണ്ടെന്ന് കണ്ടെത്തുകയും ഇതിനായി വനിത കൂട്ടായ്മ രൂപീകരിച്ച് പരിശീലനം നല്‍കിയതും.
മീനുകളുടെ തലയ്ക്കകത്ത് ഒളിഞ്ഞിരിക്കുന്ന ഈ കുഞ്ഞു കല്ല്. മത്സ്യ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഏറെ കൗതുകമുണര്‍ത്തിയ ഓട്ടോലിത്ത്. അതില്‍ ഒരു ഉപജീവന സാധ്യത കണ്ടെത്തുകയാണ് വിഴിഞ്ഞത്തെ സീ ജെംസ് മഹിള സൗഹൃദ കൂട്ടായ്മ. മീന്‍ വൃത്തിയാക്കുമ്പോള്‍ വെറും മാലിന്യമായി കളയുന്ന കാല്‍സ്യം കര്‍ബനേറ്റ് അടങ്ങിയ ഈ കല്ല് ഇവരുടെ കയ്യിലൂടെ മനോഹരമായ ആഭരണങ്ങളായി മാറുകയാണ്.
മീനുകളുടെ പ്രായവും ജീവചരിത്രവുമൊക്കെ മനസ്സിലാക്കാന്‍ ശാസ്ത്ര ലോകം ഉപയോഗിക്കുന്ന ഓട്ടോലിത്തുകള്‍ വിഴിഞ്ഞത്തെ ഈ വനിതകള്‍ക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കുന്ന അസംസ്കൃത വസ്തുവാണ്. ഓട്ടോലിത്തിന്‍റെ സ്വാഭാവിക രൂപവും നിറവും നിലനിര്‍ത്തിക്കൊണ്ട് അതിന് ചുറ്റും കലയും കരവിരുതും ചേര്‍ക്കുകയാണ് ഇവർ.
250 രൂപ മുതൽ 2000 രൂപ വരെ വിലയുള്ള പലതരം ആഭരണങ്ങൾ ഇവർ നിർമ്മിക്കുന്നു. തിരുവനന്തപുരം വെള്ളാറിലുള്ള ക്രാഫ്റ്റ് വില്ലേജിൽ ആണ് ഇവ വിൽപനയ്ക്ക് വെച്ചിട്ടുള്ളത്.
ഇവരുടെ കൂട്ടായ്മയുടെ ഇൻസ്റ്റഗ്രാം പേജ് വഴിയും വാട്സ്ആപ്പ് വഴിയും ചെറിയ തോതിൽ വിപണനം നടക്കുന്നുണ്ട്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും അങ്ങനെ ഉൽപാദനവും വിപണനവും മെച്ചപ്പെടുത്തി ഒരു സ്ഥിരം തൊഴിലും വരുമാനവുമാക്കി സംരംഭത്തെ മാറ്റാനുമാണ് ഇവരുടെ ആഗ്രഹവും പരിശ്രമവും.