വിറ്റൗട്ടാസ് ബുല്ക
(ബാള്ടിക്, സ്കാന്ഡിനേവിയന് യാത്രയില് ബസ് ഡ്രൈവറായി എത്തിയ വിറ്റൗട്ടാസ് ബുല്കെ. ‘വരവേല്പ്’ സിനിമയിലെ മോഹന്ലാല് കഥാപാത്രമെന്ന് ആദ്യം കരുതും. പക്ഷേ, പിന്നീട് ഞെട്ടിക്കും)
ഏഴു കിലോമീറ്റര് നീളമുള്ള തുരങ്കം തീര്ന്നു. നോര്വേയിലെ പൈന്മരക്കാടുകള്ക്കു മുകളില് ഒരു മഴവില്ല്. പുറത്ത് കൊടുംതണുപ്പ്. മെഴ്സിഡിസ് സെപ്ട്ര ബസിനുള്ളില് സുഖകരമായ തണുപ്പ്. ഉറക്കം പിടിച്ചു. 'വെള്ളാരപ്പൂമല മേലേ' പാട്ടും 'ഗള്ഫ് മോട്ടോഴ്സ്' ബസില് ക്ലീനറായ മാമുക്കോയയുടെ സ്വരവും സ്വപ്നത്തേരിലേറി വന്നു.
കേരളത്തിലെ ഏതോ അമ്പലക്കുളത്തിന്റെ തിണ്ടിലിരുന്ന് മുരളിയോട് ഹംസ പറയുകയാണ്. 'പെട്ടെന്ന് പേരെടുക്കാന് പറ്റിയ ഒരേയൊരു ഏര്പ്പാടാണ്. ഒരു ബസ് ഓണര് എന്നൊക്കെ പറഞ്ഞാല് എന്താ ഇപ്പൊ വെയിറ്റ്. ഗള്ഫില് പോകുന്നതിന് മുന്പ് കണ്ടക്ടര് ലൈസന്സ് എടുത്തതുമല്ലേ?'. പക്ഷേ ഗള്ഫ് റിട്ടേണ്ഡ് മുരളി ബസ് മുതലാളിയാവുകയാണ്. ഇനി തൊഴിലാളിയാവാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
സീന് മാറി. സെന്ട്രല് ബോള്ട്ട് ഇളകിയ 'ഗള്ഫ് മോട്ടോഴ്സ്' ബസും കൊണ്ട് ഇന്നസെന്റ് ഡ്രൈവര് ചാത്തുകുട്ടിയായി അമ്പലക്കടവിലേക്ക് പായുന്നു. ടയര് പൊട്ടി ബസ് കട്ട വെട്ടിക്കല്. ഉറക്കത്തില് നിന്ന് ഞാന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. എന്റെ ബസ് നോര്വേ ഗെയ്ലോയിലെ സ്കീ റിസോര്ട്ടായ വെസ്റ്റീലിയയില് എത്തിയിരിക്കുന്നു. നേരം ഇരുട്ടാറായി. ഇന്ന് ഇവിടെയാണ് താമസം. ഡ്രൈവര് വിറ്റൗട്ടാസ് ബുല്ക യാത്രക്കാരുടെ ലഗേജ് താഴത്തെ അറകളില് നിന്ന് പുറത്തിറക്കി വയ്ക്കുന്നു. അല്പം പ്രായമുള്ള, എപ്പോഴും മുഖത്ത് ഒരു ചെറുപുഞ്ചിരിയുള്ള ഒരു മാന്യന്.
പപ്പന്റെ (ബോബി കൊട്ടാരക്കര) വാക്കുകള് ഓര്മ വന്നു. മുരളിയുടെ സുഹൃത്താണ്. 'ഒരു ബസ് ഓണര് ആവുകാന്നുവച്ചാല് വലിയ ഉത്തരവാദിത്തങ്ങളാ അല്ലേ മുരളിയേട്ടാ' – മുരളിയുടെ മറുപടി 'എന്താ ഇത്ര സംശയം. നമ്മുടെ കണ്ണ് എല്ലായിടത്തും ചെല്ലണം'.
വിറ്റൗട്ടാസ് ബുല്കയ്ക്കും പല ഉത്തരവാദിത്തങ്ങളുണ്ട്. ഗള്ഫ് മോട്ടോഴ്സി'ലേതുപോലെ കണ്ടക്ടറും ക്ലീനറും സഹായിക്കാനുമില്ല. ബസ് ഓടിക്കണം. രാവിലെ യാത്രക്കാരുടെ പെട്ടികള് ബസിനകത്തും വൈകിട്ട് പുറത്തും വയ്ക്കണം. രാത്രി ബസ് വൃത്തിയാക്കണം. വേസ്റ്റ് ബാസ്കറ്റിലെ മാലിന്യം പുറത്തുകളയണം. ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില് സ്വയം നിറയ്ക്കണം. റസ്റ്ററന്റിന് അടുത്തല്ല ഉച്ചയ്ക്ക് പാര്ക്കിങ് എങ്കില് ഉച്ചഭക്ഷണം പോലും സമയത്ത് കിട്ടില്ല. മറ്റെല്ലാവരെയും ഭക്ഷണം കഴിപ്പിച്ച് ഗൈഡ് പാര്സലുമായി വരുന്നതുവരെ കാത്തിരിക്കണം.
വിറ്റൗട്ടാസ് ബുൽക്കയ്ക്കൊപ്പം ലേഖകൻ
40 പേരുടെ പെട്ടികള് സ്വയം എടുത്ത് പുറത്ത് വയ്ക്കുക എന്നത് അല്പം അധ്വാനമാണ്. ഞങ്ങളില് ചില യാത്രക്കാര് അദ്ദേഹത്തെ സഹായിച്ചു. പരിചയപ്പെട്ടു. വിസിറ്റിങ് കാര്ഡുകള് കൈമാറി. ലിത്വേനിയയിലെ സ്വിര്ക ട്രാവല് കമ്പനിയുടെ വിസിറ്റിങ് കാര്ഡ്. 'ഐ ആം ദ് ഡയറക്ടര്' – വിറ്റൗട്ടാസ് ബുല്ക പറഞ്ഞു.
യൂറോപ്പില് ഡ്രൈവര്മാരെ ക്യാപ്റ്റന് എന്നു വിളിക്കണം. അതൊരു അഭിമാനപ്രശ്നമാണ് . പക്ഷേ ഇതാദ്യമാണ് ഒരു ഡ്രൈവര് താന് ഡയറക്ടറാണെന്ന് പറയുന്നത്.
'വരവേല്പി'ലെ മുരളി മുതലാളി സ്വന്തമായുള്ള ഒരു ബസിന്റെ പിന്നാലെ ടാക്സി പിടിച്ചുപോകും. ബസ് നിര്ത്തുമ്പോള് കാറിനു പുറത്തിറങ്ങി താനാണ് ബസ് മുതലാളിയെന്ന് അറിയിക്കാന് വെറുതെ ഷോ കാണിക്കും.
ചാത്തുക്കുട്ടി ഡ്രൈവറുടെ ഒരു നോട്ടമുണ്ട്. ഇയാളെന്ത് അല്പനാണെന്ന മട്ടില്. എന്നിട്ട് ആക്ഷേപിക്കും 'ഇതെന്തൊരു അക്രമാ. വെറുതെ ഒരു മനുഷ്യന് ടാക്സിയെടുത്ത് ഇങ്ങനെ പിന്നാലെ നടക്കാ. നമ്മളെന്താ ഇതുകൊണ്ട് ആകാശത്തേക്ക് പറക്കാന് പോവ്വാ?'. കണ്ടക്ടര് വല്സന് (ജഗദീഷ്) ചാത്തുക്കുട്ടിയെ ആശ്വസിപ്പിക്കും – 'ഒരു ആഗ്രഹമുണ്ടാകില്ലേ ചാത്തുക്കുട്ടിച്ചേട്ടാ'.
അതുപോലെ ഒരു ആഗ്രഹമാണോ വിറ്റൗട്ടാസ് ബുല്കയ്ക്കും. എനിക്കും പെട്ടികള് എടുത്ത് വയ്ക്കാന് സഹായിച്ച ബിജിത്തിനും സംശയം തോന്നി. പക്ഷേ ബുല്ക ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ശരിക്കും 'ഓണര് ഓഫ് ദ് ഗള്ഫ് മോട്ടോഴ്സ്'. ഒരു ബസല്ല, 49 ബസുകള് ഉള്പ്പെടെ വന് വാഹനവ്യൂഹത്തിന്റെ ഉടമ. ഒരു ബസിന്റെ മൂല്യം തന്നെ ആറു കോടി രൂപ വരും. ലിത്വേനിയയിലെ വില്നീയൂസ് ആസ്ഥാനമായി ടൂര് കമ്പനി നടത്തുന്നു. മെഴ്സിഡിസ്, വോള്വോ, ട്രക്കുകള്, ആഡംബര കാറുകള്, സര്വീസ് സ്റ്റേഷനുകള് എന്നിവ സ്വന്തമായുള്ള 'സ്വിര്ക' കമ്പനി 1993ല് സ്ഥാപിച്ചതാണ് – വെറും കോടീശ്വരനല്ല, ശതകോടീശ്വരന്. യാത്രയ്ക്ക് നിയോഗിച്ച ഡ്രൈവര് ഇടയ്ക്കുവച്ച് വ്യക്തിപരമായ ആവശ്യത്തിന് പെട്ടെന്ന് ലീവെടുത്തപ്പോള് മറ്റാരെയും പകരം കിട്ടാതെ ഞങ്ങള്ക്കൊപ്പം പോന്നതാണ്. കണ്ടക്ടര് വല്സന് ഉല്സവത്തിന് ഓടിക്കിട്ടിയ കളക്ഷനുമായി മുങ്ങിയപ്പോള് മുരളിക്കും കണ്ടക്ടറാവേണ്ടി വന്നതുപോലെ, 'ഒരു പ്രത്യേക സാഹചര്യത്തില് മുതലാളി തൊഴിലാളിയായി മാറിയതാണ്'
മുരളി പറയുംപോലെ ' ഞാനൊരു ബസ് ഓണറാണ്. അടിസ്ഥാനപരമായി ഞാനൊരു തൊഴിലാളിയുമാണ്'.
യൂറോപ്പില് ബസുകളില് ഭക്ഷണം കഴിക്കാനോ മദ്യപിക്കാനോ പാടില്ല. മുന്നില് ഡ്രൈവര്ക്കു തൊട്ടുപിന്നുള്ള സീറ്റില് യാത്രക്കാര് ഇരിക്കാന് പാടില്ല. ആ സീറ്റും ക്യാപ്റ്റനുള്ളതാണ്. പണ്ടൊരു യാത്രയില് അറിയാതെ ജാക്കറ്റ് ആ സീറ്റില് ഇട്ടതിന് റൊമേനിയക്കാരനായ ഒരു ക്യാപ്റ്റന് എന്നെ ഏതോ ഭാഷയില് എന്തൊക്കെയോ പറഞ്ഞതാണ്.
പക്ഷേ, വിറ്റൗട്ടാസ് ബുല്കയുടെ ബസില് ഇതിനൊന്നും അങ്ങനെ കാര്യമായ വിലക്കില്ല. ടയര് പൊട്ടുംമുന്പ് മുരളി പറഞ്ഞതോര്ക്കുക ' പാസഞ്ചേഴ്സിന്റെ സംതൃപ്തിയാണ് ഓണറായ എന്റെ സംതൃപ്തി. എന്റെ പാസഞ്ചേഴ്സിന് യാതൊരു അസൗകര്യവും ഉണ്ടാവാന് പാടില്ല'.
ഒരു തവണ പോലും ഹോണടിച്ചു കേട്ടില്ല, ആരെയും ഓവര്ടേക് ചെയ്തതുമില്ല. മുരളിയുടെ വാക്കുകള് വീണ്ടും ' നല്ല മിടുക്കനാ അല്ലേ. അവന്റെ വിനയവും മര്യാദയും പാസഞ്ചേഴ്സിന്റെ അടുത്തുള്ള പെരുമാറ്റവും'
വിറ്റൗട്ടാസ് ബുൽക്കയെ ഉൾപ്പെടുത്തിയുള്ള ലിത്വാനിയൻ ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പോസ്റ്റർ.
അത്ഭുതങ്ങള് തീരുന്നില്ല. ലിത്വേനിയയിലെ ഒരു കോടീശ്വരന് മാത്രമല്ല ബുല്ക, സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനുമായിരുന്നു.
സോവിയറ്റ് യൂണിയനില് നിന്ന് ലിത്വേനിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന് രൂപീകരിച്ച ലിത്വേനിയന് റീഓര്ഗനൈസേഷന് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ബുല്ക. മിഹയിൽ ഗൊർബച്ചോവിന്റെ ഗ്ലാസ്നോത്സിനെയും പെരിസ്ട്രോയികയെയും എതിര്ത്ത ലിത്വേനിയന് കമ്യൂണിസ്റ്റ് പാര്ട്ടിയോട് ആശയപരമായി പോരാടി. പ്രാദേശികതലത്തില് റാലികള് സംഘടിപ്പിച്ചു, ഒളിവിടങ്ങളില് രഹസ്യലഘുലേഖകള് എത്തിച്ചു, തലസ്ഥാനമായ വില്നിയസിനു പുറത്ത് പ്രക്ഷോഭങ്ങള് സംഘടിപ്പിച്ചു.
ലിത്വേനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം അദ്ദേഹം ജില്ലാ മുനിസിപ്പല് കൗണ്സില് അംഗമായി. സോഷ്യല് ലിബറല്സ്, ലിബറല് മൂവ്മെന്റ് പാര്ട്ടികളില് അംഗമായി പാര്ലമെന്റ് ഇലക്ഷനുകളിലും മല്സരിച്ചു. യാത്രകള് അങ്ങനെയാണ്. കാഴ്ചകള് മാത്രമല്ല, നാം കാണുന്നവരും നമ്മെ അമ്പരപ്പിക്കും.
ഇന്ത്യ സന്ദര്ശിക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചു. കേരളത്തിലേക്കും ക്ഷണിച്ചു. ഫോണ് നമ്പരുകള് കൈമാറി.
ഇനി അദ്ദേഹം കൊച്ചിയില് വന്ന് നമ്മുടെ പ്രൈവറ്റ് ബസുകളില് കയറിയാലോ. ടിക്കറ്റെടുക്കുന്നത് നെടുമ്പാശേരിയിലേക്കാവും. അടുത്ത പ്ലെയിനില് കയറി നാടുവിടാന്.