‘ഇനി ഒരു ചുവടുകൂടി മുന്നോട്ടുവയ്ക്കാന്‍ കഴിയുമോ?’ ഓക്സിജന്‍ കുറഞ്ഞ ഈ അന്തരീക്ഷത്തില്‍ ശ്വാസം മുട്ടുമ്പോഴും കൊടുംതണുപ്പില്‍ ശരീരം മരവിച്ചുനില്‍ക്കുമ്പോഴും മനസിനോട് ചോദിച്ച ഒരേയൊരു ചോദ്യം അതുമാത്രമായിരുന്നു. ഓരോതവണയും നിന്നിടത്തുനിന്ന് ഒന്നല്ല, ഒരുപാട് ചുവടുകള്‍ വച്ചു. ഒടുവില്‍ 5289 മീറ്റര്‍ ഉയരത്തില്‍ ഫ്രണ്ട്‌ഷിപ് പീക്കിന്‍റെ നെറുകയില്‍ പാദം അമര്‍ന്നപ്പോള്‍ മനസ് ആ ഉത്തരം നല്‍കി. ‘നീ ജയിച്ചത് പര്‍വതത്തെയല്ല, നിന്നെത്തന്നെയാണ്...’
ലോകം മുഴുവൻ താഴെയായിരുന്നു. കണ്ണെത്താ ദൂരത്തോളം വെൺമഞ്ഞ്. അതിനു മേലെ മഞ്ഞുകൂനകള്‍ കീറിമുറിച്ച് സ്വർണ്ണനൂലുകളില്‍ ഊടുംപാവും നെയ്യാനൊരുങ്ങുന്ന സൂര്യന്‍! തിളങ്ങുന്ന ഹിമാലയൻ കൊടുമുടികൾ. പ്രകൃതി തന്നെ കൈയടിക്കുന്നതുപോലെ തോന്നി. സൗഹൃദകൊടുമുടിയുടെ (Friendship Peak) നെറുകയില്‍ കാലുകുത്തിയത് അവസാന തുള്ളി ഊർജ്ജവും സംഭരിച്ചാണ്. സമുദ്രനിരപ്പിൽ നിന്നും 17,352 അടി ഉയരത്തിൽ, ആകാശത്തോട് തൊട്ടുരുമ്മി നിൽക്കുമ്പോൾ ചുറ്റുമുള്ള ലോകം എത്ര ചെറുതാണെന്ന് തോന്നിപ്പോയി. കൺമുന്നിൽ ഹിമാലയത്തിന്‍റെ പ്രൗഢി വിളിച്ചോതിക്കൊണ്ട് പീർ പഞ്ചാൽ, ധൗലാധർ മലനിരകൾ ഒരുമിച്ച് സംഗമിക്കുന്ന അപൂർവ്വ കാഴ്ച. വെയിലിൽ തിളങ്ങി നിൽക്കുന്ന ഹനുമാൻ ടിബ്ബ, ദിയോ ടിബ്ബ, ഷിതിധാർ എന്നീ ഹിമാലയ ഭീമന്മാർ ഞങ്ങൾക്ക് ചുറ്റും ഒരു ആംഫി തിയേറ്റർ പോലെ അണിനിരക്കുന്നു. ശക്തമായ ഹിമക്കാറ്റ് മുഖത്തടിച്ചപ്പോൾ, പ്രാണവായു കുറവായിരുന്നിട്ടും പ്രാണന്‍ അവാച്യമായ അനുഭൂതിയില്‍ തുള്ളിച്ചാടുകയായിരുന്നു.
ഇനി ഒരു മലകയറ്റം സാധ്യമാണോ?
നാല്‍പ്പത്തേഴാം വയസിൽ, ഹോർമോൺ വ്യതിയാനങ്ങളും പലവിധ ശാരീരിക ബുദ്ധിമുട്ടുകളും നിറഞ്ഞ പെരിമെനോപോസ് ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഞാൻ ഈ വലിയ വെല്ലുവിളി ഏറ്റെടുത്തത്. ലക്ഷ്യത്തിലെത്തിയ ആ നിമിഷം മനസ്സ് കൃത്യം ഒരു വർഷം പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു. ട്രെക്കർ എന്ന നിലയിൽ എന്‍റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി ഇടത് കാൽമുട്ടിനേറ്റ പരുക്ക് എന്നെ കിടക്കയിലേക്ക് തള്ളിയിട്ട ആ നാളുകൾ. ഇടത് കാല്‍മുട്ടിലെ രണ്ട് ലിഗമെന്റിനും ഒപ്പം തരുണാസ്ഥിക്കും സംഭവിച്ച പരുക്കിന് ഡോക്ടര്‍ നിര്‍ദേശിച്ചത് ശസ്ത്രക്രിയയായിരുന്നു. കാല്‍മുട്ടില്‍ ശസ്ത്രക്രിയ ചെയ്താല്‍ 'പിന്നീട് ഒരു മലകയറ്റം സാധ്യമാണോ?' എന്ന ഡോക്ടര്‍മാരോടുള്ള എന്‍റെ ചോദ്യത്തിന് അവരുടെ ഉത്തരം മൗനമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ ഹൈ ആള്‍റ്റിറ്റ്യൂഡ് ഹൈക്കിങ് എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. പരുക്കോ പ്രായമോ വകവയ്ക്കാതെ, കൃത്യമായ ലക്ഷ്യബോധത്തോടെ നടത്തിയ കഠിനശ്രമത്തിനൊടുവിൽ ആ ലക്ഷ്യം തൊട്ടു . ഹിമാചൽ പ്രദേശിലെ ഫ്രണ്ട്ഷിപ്പ് പീക്ക് എന്ന പര്‍വതഭീമന്‍. പ്രായവും ശാരീരിക പരിമിതികളും വെറും സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണെന്ന് തെളിയിച്ച, അതിജീവനത്തിന്റെ ഒരു ഹിമാലയൻ അധ്യായമായിരുന്നു ആ യാത്ര.
ഒരു വർഷം മുൻപ് പരുക്കേറ്റപ്പോൾ പലരും ഉപദേശിച്ചത് ഇനി സാഹസങ്ങൾക്കൊന്നും മുതിരാതെ വിശ്രമിക്കാം എന്നായിരുന്നു. മധ്യവയസ്സിലേക്ക് കടക്കുമ്പോൾ ശരീരത്തിന്റെ റിക്കവറി വേഗം കുറയുമെന്നത് ശരിയാണ്, പക്ഷേ മനസ്സിന്റെ വേഗം കുറയ്ക്കാൻ ഞാൻ തയ്യാറായില്ല. സര്‍ജറിക്ക് തയാറാകാതിരുന്നതോടെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മൂന്നുമാസം നീണ്ട ഫിസിയോതെറപ്പി. അതിനു ശേഷം നേരെ പോയത് ജിമ്മിലേക്കാണ്. കാൽമുട്ടിന് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താനുള്ള കടുത്ത സ്ട്രെങ്ത് ട്രെയിനിംഗ് മാസങ്ങളോളം തുടർന്നു. ട്രെക്കിങ്ങിന് ആവശ്യമായ കാർഡിയോ വ്യായാമങ്ങളും ലെഗ് വർക്കൗട്ടുകളും അതീവ ശ്രദ്ധയോടെ ചെയ്തു. അങ്ങനെ പരുക്കേറ്റുവീണതിന്‍റെ ആറാം മാസം ഫിസിയോതെറപ്പിസ്റ്റിന്‍റെയും ജിം ട്രെയിനറുടെയും ഉറപ്പില്‍ ജനുവരിയില്‍ ട്രക്കിങ്ങിനായി പുറപ്പെട്ടു. ശാരീരികക്ഷമത പരീക്ഷിക്കുകതന്നെയായിരുന്നു ലക്ഷ്യം. പശ്ചിമ ബംഗാളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സന്ദക്‌ഫുവിലേക്കായിരുന്നു ആ യാത്ര. ഇന്ത്യ–നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ഏഴുദിവസം നീണ്ട ഹിമാലയന്‍ പര്യടനം. ലോകത്തെ തന്നെ ഏറ്റവും വലിയ കൊടുമുടികളായ എവറസ്റ്റും കാഞ്ചന്‍ ജംഗയും ലോട്സെയും മക്കാലുവും കണ്‍നിറയെ കണ്ട് ലോകത്തെ തന്നെ ഏറ്റവും മനോഹരമായ സൂര്യോദയവും അസ്തമയവും ആവോളം ആസ്വദിച്ചുള്ള യാത്ര. കാല്‍മുട്ടില്‍ സ്ട്രാപ്പ് കെട്ടി സുരക്ഷിതമാക്കിയായിരുന്നു മലകയറ്റം. ഹൈ ആള്‍ട്ടിറ്റ്യൂട്ട് ട്രെക്കിങ്ങിന് എനിക്ക് ഇനിയും ബാല്യമുണ്ട് എന്ന് സ്വയം ബോധ്യമാക്കിയായിരുന്നു സന്ദക്‌ഫുവില്‍ നിന്നുള്ള മടക്കം. പിന്നെയും നാല് മാസം നീണ്ട കഠിന പരിശീലനങ്ങള്‍ക്ക് ശേഷം ശരീരം പൂർണ്ണ സജ്ജമാണെന്ന് ഉറപ്പായതോടെയാണ് ഏഴാമത്തെ ഹിമാലയൻ ദൗത്യത്തിനായി ബാഗ് പാക്ക് ചെയ്തത്.
ആ എട്ടുപേരിലെ ഏകപെണ്‍തരി
മണാലിയിലെ ധുന്ദിയില്‍ നിന്നാണ് ഫ്രണ്ട്ഷിപ്പ് പീക്കിലേക്കുള്ള യാത്ര തുടങ്ങുക. ധുന്ദിയില്‍ നിന്നുള്ള മലകയറ്റം ചെന്നവസാനിക്കുന്നത് 11,000 അടി ഉയരത്തിലുള്ള ബക്കര്‍താച്ച് ബേസ് ക്യാംപിലാണ്. പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും അകലെ മഞ്ഞുമൂടിയ കൊടുമുടികളും നിറഞ്ഞ മനോഹരമായ ഇടം. കനത്ത മഴയും മഞ്ഞുവീഴ്ചയുമെല്ലാം താണ്ടിയാണ് ബക്കര്‍താച്ചിലെ ക്യാംപില്‍ എത്തിച്ചേര്‍ന്നത്. പിറ്റേന്ന് അതിരാവിലെ ബക്കര്‍താച്ചില്‍ നിന്ന് അഡ്വാന്‍സ് ബേസ് ക്യാംപായ ലേഡി ലെഗിലേക്കുള്ള മലകയറ്റം തുടങ്ങി. 12,800 അടി ഉയരത്തിലാണ് ലേഗിലെഗ്. ഇവിടെനിന്നങ്ങോട്ട് പച്ചപ്പ് അസ്തമിക്കുകയാണ്. കറുത്ത പാറക്കൂട്ടങ്ങളും , അതിലൂടെ സമതലം ലക്ഷ്യമാക്കി ഒഴുകിയെത്തുന്ന നദികളും , മഞ്ഞും മാത്രമായി കാഴ്ചകള്‍. ഈ ക്യാംപില്‍ വച്ചാണ് ഫ്രണ്ട്ഷിപ്പ് പീക്ക് ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ മൂന്ന് ദിവസം നീണ്ട മൗണ്ടനീറിങ് പരിശീലനം ആരംഭിച്ചത്.
ഈ യാത്രയിൽ ഏറ്റവും വലിയ ആത്മവിശ്വാസം 8 പേരടങ്ങുന്ന ഞങ്ങളുടെ കൊച്ചു സംഘമായിരുന്നു. ആ ടീമിലെ ഏക വനിത ഞാനായിരുന്നു എന്നതുതന്നെ ഉള്ളിലെ പോരാട്ടവീര്യത്തിന് മാറ്റ് കൂട്ടി. എന്നാൽ ആ മലനിരകളിൽ ലിംഗഭേദങ്ങൾക്കപ്പുറം ഒരു ലക്ഷ്യത്തിനായി ഒന്നിച്ച സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.മണാലിയിലെ വിഖ്യാതമായ വാജ്‌പേയി മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ABVIMAS) സീനിയർ ഇൻസ്ട്രക്ടറായ നാം ഗിയാൽ നേഗി ആയിരുന്നു ഞങ്ങളുടെ പരിശീലകൻ. പർവ്വതാരോഹക രംഗത്തെ അദ്ദേഹത്തിന്റെ ദശാബ്ദങ്ങളുടെ പരിചയസമ്പത്തും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും മാത്രമാണ് ഈ യാത്ര ഇത്രയും സുരക്ഷിതമാക്കിയത്.
ക്യംപിന് ചുറ്റുമുള്ള മഞ്ഞ് മലകളിലായിരുന്നു പരിശീലനം. മഞ്ഞുപാളികളിലൂടെ ക്രാംപമണുകള്‍ ധരിച്ചുള്ള നടത്തം, മഞ്ഞില്‍ വീണാല്‍ സ്വയം രക്ഷപ്പെടുന്നതിന് ഐസ് ആക്സ് ഉപയോഗിച്ചുള്ള സെല്‍ഫ് അറസ്റ്റ്, മഞ്ഞില്‍ റോപ്പ് ബന്ധിച്ചുള്ള നടത്തം. കൊടും തണുപ്പില്‍ മണിക്കൂറുകള്‍ നീളുന്ന പരിശീലനം. റോപ്പില്‍ പരസ്പരം ബന്ധിച്ച് മുകളിലേക്ക് കയറുന്ന പരിശീലനമായിരുന്നു കഠിനം. ഓക്സിജന്റെ കുറവും പരിശീലനത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു. പക്ഷേ അതൊന്നും ഞങ്ങള്‍ കാര്യമാക്കിയില്ല. കാരണം ലേഡി ലെഗില്‍ നിന്നും വീണ്ടും അയ്യായിരം അടി ഉയരത്തിലുള്ള ഫ്രണ്ട്ഷിപ് പീക്ക് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം .
അത് വെറുമൊരു മഞ്ഞുമലയല്ല
പർവ്വതാരോഹകരുടെ ലോകത്ത് ഫ്രണ്ട്ഷിപ് പീക്ക് മഞ്ഞുനിറഞ്ഞ ഒരു പര്‍വതം മാത്രമല്ല. അതിനുപിന്നില്‍ വലിയൊരു ചരിത്രവും, പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന അല്‍ഭുതങ്ങളുടെ ഒരു വലിയ ലോകവുമുണ്ട്. പർവതാരോഹകർക്കിടയിലെ പരസ്പര വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും കഥയാണ് 'ഫ്രണ്ട്ഷിപ് പീക്ക്' എന്ന ഈ പേരിന് പിന്നിലുള്ളത്.
1970-കളിൽ ഹിമാലയൻ പർവതനിരകളിലെ ഈ കൊടുമുടി കീഴടക്കാൻ പല രാജ്യങ്ങളിൽ നിന്നുള്ള പർവതാരോഹ സംഘങ്ങൾ എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും കഠിനമായ പാതയും ലക്ഷ്യത്തിലേക്കുള്ള യാത്ര ദുഷ്കരമാക്കി. തുടർന്ന്, തനിച്ചുള്ള പോരാട്ടം ഉപേക്ഷിച്ച് പരസ്പരം സഹായിക്കാൻ ഈ രാജ്യാന്തര സംഘങ്ങൾ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ പക്കലുള്ള വിഭവങ്ങളും കരുത്തും ഒന്നിച്ചുചേർത്ത അവർ ഒറ്റക്കെട്ടായി ഒടുവിൽ ആ കൊടുമുടി കീഴടക്കി. കഠിനമായ ആ യാത്രയിൽ തങ്ങൾക്കിടയിൽ രൂപപ്പെട്ട ആഴമേറിയ സൗഹൃദത്തിന്റെ ഓർമ്മയ്ക്കായാണ് അവർ ഈ കൊടുമുടിക്ക് 'ഫ്രണ്ട്ഷിപ് പീക്ക്' (സൗഹൃദ കൊടുമുടി) എന്ന് പേരിട്ടത്.
ഹിമാലയൻ പര്യവേക്ഷണങ്ങളിൽ ഇതൊരു 'ബ്രിഡ്ജ് ക്ലൈമ്പ്' (Bridge Climb) ആയാണ് അറിയപ്പെടുന്നത്. അതായത് സാധാരണ ട്രെക്കിങ്ങിൽ നിന്ന് കഠിനമായ പർവ്വതാരോഹണത്തിലേക്ക് (Mountaineering) ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐസ് ആക്സ്, ക്രാമ്പൺസ്, ഫിക്സഡ് റോപ്പുകൾ എന്നിവ ഉപയോഗിച്ച് യഥാർത്ഥ ടെക്നിക്കൽ ക്ലൈമ്പിങ് പഠിച്ചെടുക്കാനുള്ള ഇന്ത്യയിലെ ഏറ്റവും നല്ല കൊടുമുടിയാണിത്.
കാലാവസ്ഥ ഹിമാലയന്‍ പ്രതിസന്ധിയായപ്പോള്‍
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഞങ്ങളെ കാത്തിരുന്നത് മറ്റൊരു വലിയ പ്രതിസന്ധിയായിരുന്നു. പ്രവചനാതീതമായ ഹിമാലയന്‍ കാലാവസ്ഥ. ലേഡി ലെഗിലെ പരിശീലനദിവസങ്ങളില്‍ ഫ്രണ്ട്ഷിപ് പീക്ക് കയറാനാകാതെ നിരാശരായി തിരിച്ചിറങ്ങുന്ന ഒട്ടേറെപ്പേരെ കണ്ടു. അതിനാല്‍ തന്നെ ആകാംക്ഷയും ആശങ്കയുമെല്ലാം ഉള്ളില്‍ അടക്കി സമ്മിറ്റ് പുഷിനായുള്ള ആ രാത്രിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു. ലേഡി ലെഗില്‍ നിന്ന് സമ്മിറ്റ് പുഷിനായുള്ള യാത്രയില്‍ ഉടനീളം മഴയായിരുന്നു. സമ്മിറ്റ് പുഷ് ചെയ്യേണ്ട രാത്രിക്ക് തൊട്ടുമുന്‍പ് ആകാശം വീണ്ടും പൂര്‍ണമായും കറുത്തിരുണ്ടു. രാത്രി 12 മണിക്കാണ് സമ്മിറ്റ് പുഷ് തുടങ്ങുക. വൈകിട്ട് ആറ് മണിയോടെ രാത്രി ഭക്ഷണവും കഴിച്ച് ഉറക്കത്തിനായി ഞങ്ങള്‍ ടെന്‍റുകളിലേക്ക് മടങ്ങി. ശക്തമായ മഞ്ഞുവീഴ്ചയും അസ്ഥി തുളച്ചുകയറുന്ന തണുത്ത കാറ്റും. ടെന്റിനുള്ളില്‍ സ്ലീപ്പിങ് ബാഗില്‍ കിടക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. കാലാവസ്ഥ മോശമായാല്‍ യാത്ര ഉപേക്ഷിക്കേണ്ടി വരും. മാസങ്ങള്‍ നീണ്ട അധ്വാനവും പരുക്കിനെ അവഗണിച്ച് നടത്തിയ കഠനിശ്രമങ്ങളുമെല്ലാം വെറുതെയാകുമോ എന്ന ഭയവും വര്‍ധിക്കുന്നു. കണ്ണുകള്‍ ഇറുക്കി അടച്ചിട്ടും ഉറക്കം വരാതെ പുറത്തെ ശബ്ദങ്ങള്‍ കാതോര്‍ത്ത് കിടന്നു. മഞ്ഞുപാളികള്‍ ഇടിഞ്ഞ് വരുന്ന ശബ്ദവും ഭയം ഇരട്ടിയാക്കി. ഓരോ മണിക്കൂറും ഓരോ യുഗം പോലെയാണ് അനുഭവപ്പെട്ടത്. പ്രകൃതി കനിഞ്ഞില്ലെങ്കില്‍ മനുഷ്യന്‍റെ ഒരു സാങ്കേതിക വിദ്യയും വിലപ്പോവില്ലെന്ന യാഥാര്‍ഥ്യം കൂടി തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.
വെല്ലുവിളികളിലേയ്ക്കൊരു വേക്കപ് കോള്‍
ഞങ്ങളുടെ ട്രക്ക് ലീഡര്‍ പ്രീതും സംഘവും പുറത്തെ അവസ്ഥ നിരന്തരം നിരീക്ഷിക്കുകയായിരുന്നു. പേടിച്ച് പേടിച്ച് എപ്പൊഴോ ഉറങ്ങിയ ഞാന്‍ കൃത്യം 11 മണിക്ക് പ്രീതിന്‍റെ വേക്കപ് കോള്‍ കേട്ടാണ് ഉണര്‍ന്നത്. ഭാഗ്യമെന്ന് പറയട്ടെ, മഞ്ഞുവീഴ്ച അല്‍പം കുറഞ്ഞിരുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ തെളിച്ചവും. 12 കഴിഞ്ഞപ്പോള്‍ സമ്മിറ്റ് പുഷിനായി ഞങ്ങള്‍ തിരിച്ചു. കൂരിരുട്ടില്‍ ഹെഡ് ലാംപിലെ വെളിച്ചം വഴികാട്ടിയായി. കട്ടപിടിച്ച് കിടക്കുന്ന ഐസില്‍ ബൂട്ട് കുത്തിയിറക്കി ഐസ് ആക്സിന്‍റെ സഹായത്തോടെ മുകളിലേക്ക്. മുകളിലേക്ക് പോകുംതോറും കയറ്റം കൂടുതല്‍ കുത്തനെയായി. ചില സ്ഥലങ്ങളില്‍ ആറു മുതല്‍ 70 വരെ ഡിഗ്രി ചരിവായിരുന്നു മഞ്ഞുമലയ്ക്ക്. മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഓരോരുത്തരും സ്വന്തമായ വേഗം കൈവരിച്ചു കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ കൂടെയുള്ള ആളെ കാത്ത് നില്‍ക്കാതെ ആ പേസിലുള്ള ഒരു കയറ്റമാണ്. അന്തരീക്ഷതാപനില മൈനസ് മുപ്പതോളം താഴ്ന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയ മണിക്കൂറുകള്‍. കാലാവസ്ഥ വീണ്ടും മോശമായി വരാനും തുടങ്ങി. ഇതിനിടെ സമ്മിറ്റ് പുഷ് പാതിവഴിയില്‍ മതിയാക്കി മലയിറങ്ങുന്ന ആളുകളുടെ എണ്ണവും കൂടിവരാന്‍ തുടങ്ങി. ശരീരം വേദനകൊണ്ട് തളര്‍ന്നപ്പോള്‍ മനസ് പിന്‍മാറാന്‍ പ്രേരിപ്പിച്ചെങ്കിലും പിടിച്ചുനിന്നു. മുന്‍പേ കയറിപ്പോയവര്ടെ ബൂട്ട് മഞ്ഞില്‍ ആഴ്ന്നിറങ്ങിയ അടയാളം ലക്ഷ്യമാക്കി മുന്നോട്ട്!
മരണവുമായി മുഖാമുഖം
പതിനഞ്ച് ചുവടുകളെടുത്ത് രണ്ടോമൂന്നോ നിമിഷം നിവര്‍ന്ന് നിന്ന് ശ്വാസം ആഞ്ഞെടുത്ത് വീണ്ടും മുകളിലേക്ക്. ഇടയ്ക്ക് ക്രാംപോണിലെ ചുവട് ഒന്നു പിഴച്ചു. മഞ്ഞില്‍ മുഖമടച്ചുള്ള വീഴ്ച. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. മൂന്ന് തവണ ഐസ് ആക്സ് കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പേടിച്ചരണ്ട നിമിഷങ്ങള്. മേയില്‍ ഫ്രണ്ട് ഷിപ്പ് പീക്ക് സമ്മിറ്റ് പുഷിനിടെ ഹിമപാതത്തില്‍പ്പെട്ട് മരിച്ച യുവാവിനെ കുറിച്ച് ഒപ്പമുള്ള ക്ലൈമ്പര്‍ പറഞ്ഞ കാര്യവും മനസിലേക്ക് ഓടി വന്നു. ആരോ കാലുകള്‍ പിടിച്ച് താഴേക്ക് വലിക്കുന്നത് പോലെ തോന്നി. ചുറ്റും നോക്കിയപ്പോള്‍ മഞ്ഞുമലയല്ലാതെ മറ്റൊന്നുില്ല. ശരീരമാകെ തളര്‍ന്നുപോയ ആ നിമിഷത്തില്‍ ആരോ എന്‍റെ ഇടത് കൈയില്‍ പിടിച്ചുയര്‍ത്തി. ഒപ്പം നേര്‍ത്തൊരു ശബ്ദവും – ‘ഖബരാനാ നഹി മാഡം. മേം ഹൂം. ആപ്പ് ഉഠോ. കോയി ദിഖത്ത് നഹി ഹേ’. ദൈവത്തെ മുഖാമുഖം കണ്ടോ ഞാന്‍. മറ്റൊരു ടീമിനൊപ്പമുള്ള ഷെര്‍പ്പ ആയിരുന്നു അത്. സമ്മിറ്റ് പകുതി വഴിയില്‍ മതിയാക്കിയ അംഗത്തെ താഴെവിട്ട് മുകളിലേക്ക് കുതിച്ച് പായുമ്പോഴാണ് മഞ്ഞില്‍ വീണ് കിടക്കുന്ന എന്നെ അദ്ദേഹം കണ്ടത്. പിന്നെ ഞാന്‍ ഒന്ന് സ്റ്റേബിള്‍ ആകുംവരെ എനിക്കൊപ്പം നടന്ന് വീണ്ടും മഞ്ഞുമലയിലേക്ക് മാഞ്ഞു ആ ഷെര്‍പ്പ.
മേഘങ്ങൾ കീഴടങ്ങുന്നു!
വീണ്ടും മണിക്കൂറുകൾ നീണ്ട കയറ്റം. ഓരോ ചുവടിലും പ്രാണവായുവിൻ്റെ വില തിരിച്ചറിഞ്ഞു. രക്തം ഉറഞ്ഞു പോകുമെന്ന് തോന്നുന്ന തണുപ്പ്. അതികഠിന നിമിഷങ്ങൾ. ഒടുവിൽ, സൂര്യന്‍റെ ആദ്യകിരണങ്ങൾ തൊട്ടപ്പോൾ മുന്നിൽ സമയം നിശ്ചലമായതു പോലെ! ഞങ്ങൾ ഫ്രണ്ട്ഷിപ്പ് പീക്കിന്‍റെ നെറുകയിൽ എത്തിച്ചേർന്നു! ആ നിമിഷം അനുഭവിച്ച വികാരം പറഞ്ഞു പങ്കിടാൻ വാക്കുകളില്ല! അതുവരെ അനുഭവിച്ച എല്ലാ കഠിന പരീക്ഷണങ്ങളും ഹിമവാതമേൽപ്പിച്ച വേദനകളും ഗിരിശിഖരങ്ങൾ തന്ന ആശങ്കകളും ഒരൊറ്റ കാഴ്ചയിൽ എങ്ങോ അലിഞ്ഞുപോയി. പഞ്ഞികെട്ടു മേഘങ്ങൾ കാൽ കീഴിൽ! ഒരുവശത്ത് ഹനുമാൻ ടിബ്ബ, അതിനടുത്ത് ഷിതിധാർ, പിന്നെ ലഡാക്കി പീക്ക്!
ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു - കയറ്റങ്ങൾക്കും കാലാവസ്ഥയ്ക്കും ശരീരത്തിനേ പരുക്കേൽപ്പിക്കാനാകൂ. മനസിന് പരുക്കേല്‍ക്കാതിരിക്കലാണ് പ്രധാനം. ഹിമാലയം പഠിപ്പിക്കുന്ന വലിയ പാഠമാണത്.
പുതിയൊരു കൊടുമുടി ലക്ഷ്യമാക്കി എന്‍റെ മനസ്സ് ഇപ്പോൾത്തന്നെ യാത്ര തുടങ്ങിക്കഴിഞ്ഞു. കാരണം ഒരിക്കൽ കണ്ടാൽ, അനുഭവിച്ചാൽ നമ്മൾ ഹിമാലയവുമായി ഗാഢപ്രണയത്തിൽ നിരുപാധികം വീണു പോകും! കവി പ്രഫസർ വി.മധുസൂദനൻ നായർ പാടിയതുപോലെ...
ഏഴു നക്ഷത്രസ്വരം ചേർത്തു നാം പിന്നെ -
യീരേഴുലോകങ്ങൾ കേൾക്കുമാറോതാം
‘മേഘങ്ങളേ, കീഴടങ്ങുവിൻ!’