കുറഞ്ഞ ചെലവിൽ ലോകം ചുറ്റി ശ്രദ്ധ നേടുകയാണ് പത്തനംതിട്ട സ്വദേശിയായ റിജോ ജോൺ ശങ്കരത്തിൽ എന്ന മുപ്പതുകാരൻ. ഇരുപത്തിരണ്ടാം വയസ്സിൽ യാത്രകൾ ആരംഭിച്ച റിജോ, ലാൻഡ് ബോർഡറുകൾ കടന്നും ഹിച്ച്ഹൈക്ക് ചെയ്തും ഇതിനകം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. 'Journeys of Jo' എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ യാത്രാ വ്ലോഗുകൾ ചെയ്യുന്ന റിജോയ്ക്ക് ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. നടന്നും ലിഫ്റ്റടിച്ചും സാധാരണക്കാരോടൊപ്പം ബസ്സിലും ട്രെയിനിലും യാത്ര ചെയ്ത് ചെലവുചുരുക്കി നടത്തുന്ന സാഹസിക വിനോദസഞ്ചാര രീതിയാണ് റിജോയുടേത്.
തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് റിജോ രചിച്ച മൂന്ന് യാത്രാവിവരണ ഗ്രന്ഥങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 12 ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രകൾ വിവരിക്കുന്ന 'നിശ്ശബ്ദതയുടെ കാവൽക്കാർ' , നാല് മദ്ധ്യേഷ്യൻ രാജ്യങ്ങളിലൂടെയുള്ള സോളോ യാത്രകൾ പ്രമേയമാക്കിയ 'സ്വർണപ്പല്ലുകളുടെ നാട്ടിൽ' എന്നിവയാണ് പുറത്തിറങ്ങിയ മലയാള പുസ്തകങ്ങൾ. ഇതിൽ രണ്ടു പുസ്തകങ്ങളും ചുരുങ്ങിയ കാലം കൊണ്ട് മൂന്നാം എഡിഷനിലെത്തി.
'സ്വർണപ്പല്ലുകളുടെ നാട്ടിൽ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'The Land of Golden Teeth' ഒക്ടോബറിൽ പുറത്തിറങ്ങും. സന്ദർശിച്ച നാടുകളിലെ മനുഷ്യർ, അനുഭവങ്ങൾ, നേരിടേണ്ടി വന്ന വിവേചനങ്ങൾ, പ്രതിസന്ധികൾ എന്നിവയാണ് പുസ്തകങ്ങളുടെ പ്രധാന പ്രമേയം. സന്ദർശിച്ച രാജ്യങ്ങളിലെ കറൻസികൾ, നാണയങ്ങൾ, അപൂർവ സുവനീറുകൾ എന്നിവയുടെ ശേഖരവും റിജോയുടെ പക്കലുണ്ട്.
വായനയുടെയും എഴുത്തിന്റെയും യാത്രകളുടെയും ലോകത്തേക്ക് കുട്ടികളെയും വിദ്യാർത്ഥികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലും റിജോ 'പുസ്തകയാത്ര' സംഘടിപ്പിച്ചിരുന്നു. ലൈബ്രറികൾ, ബുക്ക്‌സ്റ്റോറുകൾ, കോളേജുകൾ, സ്‌കൂളുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വായനാമത്സരം, കുട്ടികളുമായുള്ള സംവാദം, പുസ്തകപരിചയം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സോളോ ബാക്ക്‌പാക്ക് യാത്രകളുടെ തയ്യാറെടുപ്പിലാണ് റിജോ ഇപ്പോൾ.