janshatabdi-train

Image: File, Manorama

  • ജനശതാബ്ദി എക്സ്‌പ്രസിലെ സീറ്റുകളെക്കുറിച്ചുള്ള പരാതിക്ക് പരിഹാരമാകുന്നു. പുതിയ ബക്കറ്റ് സീറ്റുകള്‍ വരും, നടുവൊടിയാതെ ഇനി യാത്ര ചെയ്യാം

പുതിയ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകള്‍ സംബന്ധിച്ചുയര്‍ന്ന പരാതി ഒടുവില്‍ ഫലം കണ്ടു. ദീര്‍ഘദൂര യാത്രയ്ക്ക് യോജ്യമല്ലാത്ത സീറ്റുകള്‍ക്കു പകരം ബക്കറ്റ് ടൈപ് സീറ്റുകളുള്ള കോച്ചുകള്‍ ലഭ്യമാക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.  ഇതിനായി 16 കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷനു കൈമാറിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാകും ആദ്യം മാറ്റുക. അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം –കണ്ണൂര്‍ ജനശതാബ്ദിയിലെ സെക്കന്‍ഡ് സിറ്റിങ് കോച്ചുകളും മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. 

Also Read: 'ഇത്ര തിളക്കം മതിയോ!' ഫയര്‍ ഫോഴ്സിന്‍റെ വെള്ളം കൊണ്ട് വീട് കഴുകി വൃത്തിയാക്കി എംഎല്‍എ

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകള്‍ നിര്‍മിക്കുന്നതു നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായിരുന്നത്. സാധാരണ മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചില്‍ നല്‍കുന്ന ചെരിവില്ലാത്ത സീറ്റുകളാണ് ജനശതാബ്ദിയിലും നല്‍കുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് പുതിയ കോച്ചുകള്‍ എത്തിച്ചത്. ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ദക്ഷിണ റെയില്‍വേയുടെ നടപടി. 

പഴയ ഐസിഎഫ് (ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി) നിർമിത കോച്ചുകൾ മാറ്റി തിരുവനന്തപുരം– കണ്ണൂർ, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾക്ക് ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകൾ നല്‍കിയതാണ് മുന്‍പ് വിനയായിരുന്നത്. ഈ കോച്ചുകളിലെ സീറ്റുകള്‍ ചരിവില്ലാത്തതും , ഒട്ടും മൃദുത്വമില്ലാത്തതും ആയിരുന്നു. 

പൊതുവേ യാത്രക്കാര്‍ ജനശതാബ്ദി തിരഞ്ഞെടുക്കുന്നത് തന്നെ ദീര്‍ഘദൂരയാത്രയ്ക്ക് വേണ്ടിയാണ്, എന്നാല്‍ പുഷ്ബാക് സൗകര്യമില്ലാത്ത സീറ്റുകളായിരുന്നു വന്നിരുന്നത്. പുഷ്ബാക് സംവിധാനം പെട്ടെന്ന് കേടുവരുമെന്ന കാരണത്താലാണ് അത് ഒഴിവാക്കിയതെന്നായിരുന്നു അന്ന് അധികൃതരുടെ മറുപടി. ഏതായാലും ആ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നുവെന്ന വാര്‍ത്ത യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്, ദുരിതയാത്ര വേണ്ടിവരില്ലല്ലോ എന്നാശ്വസിക്കാം ഇനി. 

No More Uncomfortable Journeys; Jan Shatabdi Seats to Be Replaced with Bucket-Type Seats:

Southern Railway has decided to replace the uncomfortable seats in the newly introduced Jan Shatabdi coaches following widespread passenger complaints. The new coaches will feature bucket-type seats designed to provide better support and comfort during long-distance journeys. Sixteen coaches have reportedly been handed over to the Thiruvananthapuram Division, with the Thiruvananthapuram–Kozhikode Jan Shatabdi expected to receive the replacement coaches first. The second-sitting coaches of the Thiruvananthapuram–Kannur Jan Shatabdi are also expected to be replaced in the next phase