Image Credit:X/Linger_san
പാലത്തിന്റെ കൈവരികളിൽ വർണാഭമായ ഷാളുകൾ കെട്ടിയിടുന്നതും താഴുകൾ പൂട്ടി പ്രണയം അടയാളപ്പെടുത്തുന്നതുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കടലിനെയും മലനിരകളെയും വേർതിരിക്കുന്നിടത്ത് അതിരുപോലെ ബ്രേസിയറുകൾ നിരനിരയായി തൂക്കിയിട്ടുണ്ടെങ്കിലോ! അതും പല നിറങ്ങളിലും വലുപ്പങ്ങളിലും രൂപങ്ങളിലുമുള്ള ബ്രേസിയറുകൾ.
40 മീറ്ററോളം നീളുന്ന ഈ ബ്രേസിയർ അതിർത്തി ‘ബ്രാഡ്രോണ’ എന്നാണ് അറിയപ്പെടുന്നത്. ന്യൂസീലൻഡിലെ ക്വീൻസ്ടൗണിനും വനാകയ്ക്കും ഇടയിലാണ് ഈ കൗതുകക്കാഴ്ച. മലനിരകളുടെ ഭംഗിയും ലാവൻഡർ പാടങ്ങളും പച്ചപ്പും ആസ്വദിച്ച് യാത്ര ചെയ്യുമ്പോഴാകും ബ്രേസിയറുകൾ നിറഞ്ഞ ഈ വേലിക്കരികിലെത്തുക. ബ്രാഡ്രോണയെക്കുറിച്ചറിഞ്ഞ് ഇവിടെയെത്തുന്ന സഞ്ചാരികൾ തങ്ങളുടെ ബ്രേസിയറുകളിലൊന്ന് ഓർമയ്ക്കായി വേലിയിൽ തൂക്കിയിട്ടാണ് മടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ ബ്രാഡ്രോണ കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു.
‘നോക്കൂ, എവിടെ തിരിഞ്ഞാലും പല നിറത്തിലുള്ള ബ്രേസിയറുകൾ. കടൽ അതാ അവിടെ, മലനിരകൾ ഇപ്പുറം. ഇവയെ വേർതിരിക്കാൻ നമുക്കൊരു ബ്രേസിയർ അതിർത്തിയും’ എന്നാണ് സ്ഥലത്തെത്തിയ ട്രാവൽ വ്ലോഗർമാരിലൊരാൾ വിഡിയോയിൽ പറയുന്നത്. ‘ഈ രസകരമായ ആചാരത്തിൽ ഞാനും പങ്കുചേരാതിരിക്കുന്നതെങ്ങനെ!’ എന്നു പറഞ്ഞ് യുവതി കൈവശമുണ്ടായിരുന്ന ബ്രേസിയറുകളിലൊന്ന് വേലിയിൽ തൂക്കിയിടുന്നതും വിഡിയോയിലുണ്ട്.
സത്യത്തിൽ എന്താണ് ബ്രാഡ്രോണ?
1998-ലോ 1999-ലോ ക്രിസ്മസ് കാലത്താണ് ഈ കൗതുകത്തിന് തുടക്കമിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം മടങ്ങുകയായിരുന്ന രണ്ട് സ്ത്രീകൾ കാർഡ്രോണ താഴ്‌വരയിലെ റോഡരികിലുള്ള മുള്ളുവേലിയിൽ തങ്ങളുടെ ബ്രേസിയറുകൾ തൂക്കിയിട്ടു. ആരാണ് അവ തൂക്കിയതെന്നോ എന്തിനാണ് അങ്ങനെ ചെയ്തതെന്നോ ആർക്കും വ്യക്തമായിരുന്നില്ല. ക്രിസ്മസ് ആഘോഷത്തിന്റെ ഓർമയ്ക്കായി ചെയ്തതാകാമെന്നു കരുതി നാട്ടുകാർ അവ നീക്കം ചെയ്യാൻ മുതിർന്നില്ല.
ദിവസങ്ങൾ പിന്നിട്ടതോടെ ഇതുവഴി യാത്ര ചെയ്തിരുന്നവരും കൗതുകത്തിന്റെ പേരിൽ തങ്ങളുടെ ബ്രേസിയറുകൾ വേലിയിൽ തൂക്കാൻ തുടങ്ങി. അങ്ങനെ ബ്രേസിയറുകൾ കൊണ്ട് വേലി നിറഞ്ഞു. എന്നാൽ, ഇതിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി. ബ്രേസിയറുകൾ വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.
2006-ൽ പ്രാദേശിക കൗൺസിലിന്റെ നേതൃത്വത്തിൽ 1,500-ലേറെ ബ്രേസിയറുകൾ വേലിയിൽനിന്ന് നീക്കം ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും സഞ്ചാരികൾ പിന്മാറിയില്ല. വീണ്ടും ബ്രേസിയറുകൾ തൂങ്ങിത്തുടങ്ങി. വേലിയിൽ ബ്രേസിയറുകൾ കുമിഞ്ഞുകൂടുമ്പോഴെല്ലാം അധികൃതർ അവ നീക്കം ചെയ്യേണ്ടിവന്നു. ഒടുവിൽ വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിക്കാതിരിക്കാനായി ബ്രാഡ്രോണയെ ഹൈവേയുടെ അരികിൽനിന്ന് മാറ്റി ഡ്രൈവ്‌വേയിലേക്കുള്ള പ്രവേശനഭാഗത്തേക്ക് മാറ്റി.
ബ്രാഡ്രോണയെന്ന പേര് വന്ന വഴി
2015-ലാണ് ഈ ബ്രേസിയർ വേലിക്ക് ‘ബ്രാഡ്രോണ’ എന്ന പേര് ലഭിച്ചത്. സ്തനാർബുദ ബോധവൽക്കരണത്തിനും ഫണ്ട് ശേഖരണത്തിനുമായി നടത്തിയ ക്യാംപെയിനിന്റെ ഭാഗമായി ഈ വേലിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ തയാറാക്കിയതോടെയാണ് പേര് പ്രചാരത്തിലായത്. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിനായി സംഭാവനകൾ സ്വീകരിക്കുന്ന പെട്ടിയും ഇവിടെ സ്ഥാപിച്ചു. ഇവിടെനിന്ന് മാത്രം 30,000 ഡോളറിലേറെ സംഭാവന ലഭിച്ചതായാണ് റിപ്പോർട്ടുകൾ. അതോടെ ബ്രാഡ്രോണ സന്ദർശിക്കാനെത്തുന്നവർ ബ്രേസിയറുകൾ തൂക്കിയിടുന്നതിനൊപ്പം സംഭാവന നൽകാനും തുടങ്ങി.