Image Credit: AFP
ഇല്ലാത്ത ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത വകയില്‍ ഉപഭോക്താവില്‍ നിന്ന് പണം ഈടാക്കിയെന്ന പരാതിയില്‍ പ്രമുഖ ട്രാവല്‍ ബുക്കിങ് സൈറ്റായ മെയ്ക്ക് മൈ ട്രിപിനോട് 48,775 രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍. ഗുരുദാസ്പുര്‍ സ്വദേശിയായ അഭിഭാഷകന്‍ രാജേഷ് ചൗഹാനാണ് ദുരനുഭവമുണ്ടായത്. പരാതിക്കാരനില്‍ നിന്ന് ബുക്കിങിനായി ഈടാക്കിയ 18,775 രൂപ ഒന്‍പത് ശതമാനം പലിശയോടെ നല്‍കണമെന്നും ഇതിന് പുറമെ 25,000 രൂപ മാനസിക ബുദ്ധിമുട്ട്, സാമ്പത്തിക നഷ്ടം, ശാരീരിക ബുദ്ധിമുട്ട് എന്നിവയുണ്ടാക്കിയ വകയില്‍ നഷ്ട പരിഹാരമായും 5000 രൂപ നിയമനടപടികള്‍ക്കായി ചെലവായ തുകയിലും നല്‍കണമെന്ന് ഗുര്‍ദാസ്പുര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബറിലാണ് രാജേഷ് ചൗഹാന്‍ കുടുംബസമേതം വിനോദയാത്ര പോകുന്നതിനായി മെയ്ക്ക് മൈ ട്രിപ്പിലൂടെ റൂമുകള്‍ ബുക്ക് ചെയ്തത്. ശ്രീനഗറിലെ ഹോട്ടല്‍ ഹെറിറ്റേജ് റോസ് ഇന്നിലെ താമസത്തിനായി ഫാമിലി റൂമിന് 5,778 രൂപയും ഗുല്‍മാര്‍ഗിലെ ഹോട്ടല്‍ ആപ്പിള്‍ ട്രീ റിസോര്‍ട്ടില്‍ രണ്ട് റൂമുകള്‍ക്കായി 12,987 രൂപയും രാജേഷ് അടച്ചു. ഭാര്യയും രണ്ട് മക്കളുമായി ശ്രീനഗറില്‍ ഡിസംബര്‍ 27ന് രാജേഷ് എത്തിയെങ്കിലും അവിടെ അങ്ങനെയൊരു ഹോട്ടലേ കണ്ടത്താന്‍ കഴിഞ്ഞില്ല. നല്‍കിയിരുന്ന ലൊക്കേഷന്‍ സ്വകാര്യ ഹോംസ്റ്റേയുടേതുമായിരുന്നു. പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ വീണ്ടും പണം മുടക്കി മറ്റൊരു ഹോട്ടലില്‍ ഇവര്‍ താമസിച്ചു.
അടുത്ത ദിവസം ഗുല്‍മാര്‍ഗിലേക്ക് ഇവര്‍ പോയി. സൈനികവ്യൂഹത്തിന്‍റെ യാത്രയെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് രാത്രി പത്തരയോടെയാണ് ഗുല്‍മാര്‍ഗിലെത്തിയത്. അവിടെ എത്തിയപ്പോള്‍ അവിടെയും ആ പേരില്‍ ഹോട്ടല്‍ ഇല്ല. നേരം വൈകിയതിനാലും മഞ്ഞുവീഴ്ച തുടങ്ങിയതിനാലും മറ്റെവിടേക്കും പോയി താമസ സൗകര്യം കണ്ടുപിടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ കാറിനുള്ളില്‍ കുടുംബം തണുത്ത് മരവിച്ച് ആ രാത്രി ചെലവഴിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
തിരികെ വീട്ടിലെത്തിയ ശേഷം പരാതിയുമായി മുന്നോട്ട് പോയെങ്കിലും തങ്ങള്‍ ഹോട്ടലുകളെയും ഇടനിലക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മാത്രമാണെന്നായിരുന്നു മെയ്ക്ക് മൈ ട്രിപ്പിന്‍റെ മറുപടി. സ്ഥാപനം നേരിട്ട് ഹോട്ടലുകള്‍ നടത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും ഹോട്ടലുകളെ സംബന്ധിച്ച വിവരം കൈമാറുന്നത് മാത്രമേയുള്ളൂവെന്നും കമ്പനി വിശദീകരിച്ചു. മാത്രവുമല്ല, രാജേഷിന്‍റെ പരാതിയെ കുറിച്ച് അറിയിച്ചപ്പോള്‍ അന്നേ ദിവസം അങ്ങനെ ആരും ഹോട്ടലില്‍ വന്നിട്ടില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും വിശദീകരണത്തില്‍ ഉള്‍പ്പെടുത്തി.
പരാതി വിശദമായി പരിശോധിച്ച കമ്മിഷന്‍ മെയ്ക്ക് മൈ ട്രിപ്പിന്‍റെ വാദം തള്ളുകയായിരുന്നു. ഇടനിലക്കാര്‍ മാത്രമാണെന്ന് പറഞ്ഞ് ഒഴിയാന്‍ കമ്പനിക്ക് കഴിയില്ലെന്നും ഉപഭോക്താവില്‍ നിന്ന്പണം കൈപ്പറ്റിയതും ബുക്കിങ് പൂര്‍ത്തിയായെന്ന സന്ദേശം നല്‍കിയതുമെല്ലാം മെയ്ക്ക് മൈ ട്രിപ്പാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു നഷ്ടപരിഹാരവും റീഫണ്ടും നല്‍കാന്‍ വിധിച്ചത്.