luxury-hotels

TOPICS COVERED

2026-ലെ ആഗോള ലക്ഷ്വറി ഹോസ്പിറ്റാലിറ്റി പട്ടികയിൽ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യ. 'ദി വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ്' സെപ്റ്റംബർ 1-ന് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിൽ, ജയ്പൂരിലെ 'ദി ജോഹ്റി', ഉദയ്പൂരിലെ 'ദി ഒബ്‌റോയ് ഉദയ്‌വിലാസ്' എന്നിവ 2026 പതിപ്പിലെ ലോകത്തിലെ മികച്ച 100 ഹോട്ടലുകളുടെ പട്ടികയിൽ ഇടംപിടിച്ചു. ദി ജോഹ്റി 94-ാം റാങ്കും, ദി ഒബ്‌റോയ് ഉദയ്‌വിലാസ് 98-ാം റാങ്കും നേടി. 51-100 വിപുലീകരിച്ച പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഹോട്ടലുകളും ഇടംപിടിച്ചത്. 

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആദ്യ 50 ഹോട്ടലുകളുടെ പട്ടിക സെപ്റ്റംബർ 15-ന് പാരിസിൽ പ്രഖ്യാപിക്കും.23 പ്രദേശങ്ങളിലെയും 40 നഗരങ്ങളിലെയും ഹോട്ടലുകളാണ് ഈ വിപുലീകരിച്ച പട്ടികയിലുള്ളത്. 20 ഹോട്ടലുകളുമായി ഏഷ്യയാണ് മുന്നിൽ. ഇന്ത്യയിലെ രണ്ട് ഹോട്ടലുകളും രാജസ്ഥാനിൽ നിന്നുള്ളവയാണ്. ദി ഒബ്‌റോയ് ഉദയ്‌വിലാസ് ആദ്യമായാണ് ഈ റാങ്കിംഗിൽ ഇടംനേടുന്നത്. ലാ റിസർവ് പാരിസ് (പാരിസ്), ജാനു ടോക്കിയോ (ടോക്കിയോ), പാർക്ക് ഹയാത്ത് ടോക്കിയോ (ടോക്കിയോ), പാലാസിയോ നാസറേനാസ് (കുസ്കോ), സോനേവ ഫുഷി (മാൽദീവ്സ്) എന്നിവയാണ് 51-100 വിഭാഗത്തിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ അഞ്ച് ഹോട്ടലുകൾ. ഹോട്ടലുടമകൾ, ട്രാവൽ ജേണലിസ്റ്റുകൾ, പരിചയസമ്പന്നരായ യാത്രക്കാർ എന്നിവരടങ്ങുന്ന 'ദി വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ് അക്കാദമി'യിലെ 800-ലധികം അംഗങ്ങളുടെ വോട്ടുകൾ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയാറാക്കിയിരിക്കുന്നത്. 

the-oberoi-udaivilas

പിചോള തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ‘ദി ഒബ്‌റോയ് ഉദയ്‌വിലാസ്’ ഒരുകാലത്ത് ഉദയ്പൂർ മഹാറാണയുടെ നായാട്ട് കേന്ദ്രമായിരുന്ന സ്ഥലത്താണ് നിലകൊള്ളുന്നത്. 2002-ൽ പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടൽ താഴികക്കുടങ്ങൾ, വിശാലമായ മുറ്റങ്ങൾ, മനോഹരമായ പൂന്തോട്ടങ്ങൾ, നീരുറവകൾ, വാട്ടർ പൂളുകൾ എന്നിവയുൾപ്പെടെ വലിയൊരു കൊട്ടാരത്തിന്റെ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 30 ഏക്കറിലായി പടർന്നുകിടക്കുന്ന ഈ റിസോർട്ടിൽ 87 മുറികളും സ്യൂട്ടുകളുമുണ്ട്. ഇതിൽ പലതിനും സ്വകാര്യ, അർദ്ധ-സ്വകാര്യ നീന്തൽക്കുളങ്ങളുണ്ട്. തടാകക്കരയിലെ ഭക്ഷണം, ലക്ഷ്വറി സ്പാ, യോഗാ സെഷനുകൾ, വ്യക്തിഗത ബട്‌ലർ സേവനം എന്നിവയും അതിഥികൾക്ക് ആസ്വദിക്കാം. 18 കാരറ്റ് സ്വർണ്ണത്തകിട് കൊണ്ട് അലങ്കരിച്ച താഴികക്കുടവും, നൂറുകണക്കിന് മെഴുകുതിരി വെളിച്ചത്തിൽ വൈകുന്നേരങ്ങളിൽ തിളങ്ങുന്ന ഗ്ലാസ്-മൊസൈക്ക് മേൽക്കൂരയുള്ള മറ്റൊരു താഴികക്കുടവുമാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.

johri

കൂടുതൽ ശാന്തവും വ്യക്തിഗതവുമായ അനുഭവം ആഗ്രഹിക്കുന്ന യാത്രക്കാർക്കായി, ജയ്പൂരിന്റെ ഹൃദയഭാഗത്ത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ‘ദി ജോഹ്റി’ വാഗ്ദാനം ചെയ്യുന്നത്. നഗരത്തിലെ ചരിത്രപ്രസിദ്ധമായ ആഭരണ വിപണിയായ ജോഹ്റി ബസാറിൽ സ്ഥിതി ചെയ്യുന്ന 19-ാം നൂറ്റാണ്ടിലെ 'ലാൽ ഹവേലി' എന്ന കെട്ടിടത്തിലാണ് ഈ ബോട്ടിക് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിൽ അഞ്ച് സ്യൂട്ടുകള്‍ മാത്രമാണുള്ളത്. ഓരോന്നും വ്യത്യസ്ത രത്നക്കല്ലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. അവയുടെ ഇന്റീരിയറുകൾ വ്യത്യസ്ത നിറങ്ങളും രൂപകൽപ്പനകളും പ്രതിഫലിപ്പിക്കുന്നു. ഒരു മുറ്റം, വെജിറ്റേറിയൻ റെസ്റ്ററന്റ്, കോക്ടെയ്ൽ ബാർ എന്നിവയും ഇവിടെയുണ്ട്. ജയ്പൂർ ഓൾഡ് സിറ്റിയുടെ ഊർജ്ജസ്വലമായ തെരുവുകൾക്കും ആഭരണ നിർമ്മാണ ശാലകൾക്കും തുണിത്തര കടകൾക്കും നടുവിലാണ് ഇതിന്റെ സ്ഥാനം. വിപുലീകരിച്ച പട്ടിക പുറത്തുവന്നതോടെ പ്രധാന 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടംപിടിക്കാനുള്ള പ്രതീക്ഷയിൽ ഇന്ത്യ ഇപ്പോഴുമുണ്ട്. അന്തിമ റാങ്കിങ് സെപ്റ്റംബർ 15-ന് പാരിസിൽ നടക്കുന്ന പുരസ്കാര ചടങ്ങിൽ പ്രഖ്യാപിക്കും.

India's Luxury Hotels Shine in Global Rankings:

India's luxury hospitality sector has achieved significant recognition with two hotels making it onto the 2026 list of The World's 50 Best Hotels. The Johri in Jaipur and The Oberoi Udaivilas in Udaipur have been ranked, showcasing India's growing prominence in global luxury travel