onam-hote

ഓണത്തിന് പരമാവധി ലാഭം കൊയ്യാനാണ് ഓരോ വിപണിയും ശ്രമിക്കാറ്. ഹോട്ടല്‍ ഭക്ഷണവിപണിയും അതില്‍ പിന്നിലല്ല. സദ്യയ്ക്ക് 500 ഉം 700 ഉം ഈടാക്കുന്നവര്‍ ധാരാളം. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വയനാട് കല്‍പ്പറ്റയിലെ ലഞ്ച് ഹൗസ് എന്ന കൊച്ചുകടയില്‍ ഓണനാളിലെ ഒരു ദിവസം ഓണസദ്യ തികച്ചും സൗജന്യമാണ്. 

കൽപ്പറ്റ സിവിൽ സ്റ്റേഷൻ എസ്.പി ഓഫീസ് റോഡ് ജംക്ഷൻ. ഉച്ചവെയിലിനൊപ്പം ഇവിടെ പരക്കുന്നത് നാവിൻതുമ്പിൽ കൊതിയൂറുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ മണമാണ്. തിരുവോണനാളില്‍ വാഴയില നിരത്തി, പായസവും പപ്പടവും കൂട്ടി ആയിരത്തിലധികം പേർക്കാണ് ലഞ്ച് ഹൗസ് ഉടമ വിനോദ് സ്നേഹസദ്യ വിളമ്പുന്നത്. വെജിറ്റേറിയൻ വിഭവങ്ങൾക്ക് പുറമെ ആവശ്യക്കാർക്ക് ചൂടൻ ചിക്കൻ ഫ്രൈയും റെഡി. 

കഴിഞ്ഞ ഇരുപത് വർഷമായി മുടങ്ങാതെ തുടരുന്നു ഈ സ്നേഹവിരുന്ന്. കോവിഡ് തളർത്തിയ ഒരു വർഷമൊഴിച്ചാൽ, തിരുവോണനാളിൽ ഈ അടുപ്പിൽ നിന്ന് പുകയുയരുന്നത് ലാഭത്തിനല്ല, മറിച്ച് മനുഷ്യരുടെ മനസ്സും വയറും നിറയ്ക്കാനാണ്. കോടതിയിലെത്തുന്ന സാധാരണക്കാർ മുതൽ അഭിഭാഷകരും ഉദ്യോഗസ്ഥരും വരെ നിത്യേന എത്തുന്ന ഇടം. പിതാവിന്‍റെ ഓർമ്മകളും ഉപഭോക്താക്കളോടുള്ള കടപ്പാടുമാണ് ഈ അന്നദാനത്തിന്‍റെ കരുത്ത്. കച്ചവടത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെ രുചിക്കൂട്ട് ചേർക്കുന്ന ഇത്തരം മനുഷ്യരാണ് ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടുന്നത്. 

Free Onam Sadya: A Tradition of Giving in Wayanad:

This Onam, experience the spirit of generosity with a free Onam Sadya at Lunch House in Kalpetta, Wayanad. For the past two decades, they have been serving a lavish Onam feast to over a thousand people on Thiruvonam day, embodying true Kerala hospitality