ന്യൂസീലൻഡുകാരിയും ബെംഗളൂരുവിലെ ടെക് മാർക്കറ്റിങ് സ്റ്റാർട്ടപ് സി.ഇ.ഒയുമായ പോള സിംപ്സൺ ലിങ്ക്ഡ്ഇനിൽ, ഇന്ത്യയിലെ ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളെയും മാനസിക സമ്മർദ്ദങ്ങളെയും കുറിച്ച് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
"Why is India so much hard work?" എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പിൽ പോള പറയുന്നത് ഇങ്ങനെയാണ്, "യുഎസിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരന്റെ റീൽ ഞാൻ കണ്ടു. അവർ പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു, വണ്ടി ഓടിക്കുന്നു. എന്നിട്ടും ഇന്ത്യയിലുള്ളതിനേക്കാൾ കൂടുതൽ ഒഴിവ് സമയം അവർക്ക് യുഎസിൽ കിട്ടുന്നുണ്ട്.
ന്യൂസീലൻഡിലെ തന്റെ ലളിതമായ ജീവിതരീതിയുമായി താരതമ്യം ചെയ്യുമ്പോൾ പോലും, ഇന്ത്യയിൽ ചെറിയ കാര്യങ്ങൾക്കും വലിയ അധ്വാനം വേണ്ടിവരുന്നതായി കാണാം. ഇവിടെ രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം പുതിയ ഭക്ഷണം ഉണ്ടാക്കേണ്ടി വരും. ഒരു മസാല ദോശ ഉണ്ടാക്കിയാൽ പോലും അതിനുള്ള ചട്ട്ണി, മസാല, സാമ്പാർ അങ്ങനെ പോകും കൂടെ വരുന്ന പണികൾ. ഇനി ഒരു ഡ്രൈവിന് പോയാൽ റോഡിലെ കുഴി, ആളുകളുടെ തിരക്ക്, പശുക്കൾ, തെറ്റായ ദിശയിൽ പോകുന്ന വാഹനങ്ങൾ... ഇതെല്ലം നിങ്ങളെ തളർത്തും.
ഇനി വീടുകൾ വൃത്തിയാക്കുന്ന കാര്യം, എന്റെ വീട്ടിൽ ഇവിടെയുള്ളതിനേക്കാൾ പൊടിയുണ്ട് പക്ഷെ, ഇന്ത്യയിൽ ആളുകൾ ആഴ്ചയിൽ രണ്ടുതവണ പൊടി തുടയ്ക്കാൻ വേണ്ടി മാത്രം സമയമെടുക്കും. എന്നാൽ, ഞാൻ വീട്ടിലേക്ക് തിരിച്ച് പോയാൽ ആഴ്ചയിൽ ഒന്നോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ മാത്രമാണ് ചെയ്യേണ്ടി വരുക. മാത്രമല്ല, വീട്ടുജോലികൾക്കായി ജോലിക്കാരെ വച്ചാൽ അവരെ കൃത്യമായി മാനേജ്‍ ചെയ്യേണ്ടി വരുന്നത് മറ്റൊരു തലവേദനയാണെന്നും, ഒപ്പം 140 കോടി ജനങ്ങൾക്കായി ഉണ്ടാക്കിയിരിക്കുന്ന അനാവശ്യ സങ്കീർണ്ണതകൾ നിറഞ്ഞ പേപ്പർവർക്കുകളും തടസങ്ങളും ദൈനംദിന ജീവിതത്തിന്റെ വേഗത കുറയ്ക്കുന്നു' എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ ഇത്രയും വലിയ ജനസംഖ്യയും, കടുത്ത ശബ്ദമലിനീകരണവും, അസൗകര്യങ്ങൾ നിറഞ്ഞ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയിലെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതെന്നാണ് പോള സിംപ്സൺ കുറിപ്പിൽ പറയുന്നത്. ഇതോടെ, രാജ്യത്തെ റോഡ്, ജനസംഖ്യാ പെരുപ്പം, ദൈനംദിന ജീവിത രീതികൾ എന്നിവയിലുള്ള സങ്കീർണതകളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.