pakistan-high-commission-delhi

പാക്കിസ്ഥാന് പകരത്തിന് പകരം നല്‍കി ഇന്ത്യ. ഡൽഹിയിലെ പാക് ഹൈക്കമ്മിഷന് മുന്നിലെ ‘ചില നിയന്ത്രണങ്ങൾ’ നീക്കി. വാഹനങ്ങൾ നിയന്ത്രിക്കാനുള്ള ട്രാഫിക് ബൊള്ളാർഡും ഏതാനും ബാരിക്കേഡുകളും മാറ്റി. അനധികൃത നിർമാണങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃത നിർമാണങ്ങൾ നീക്കിയെന്നാണ് അനൗദ്യോഗിക വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം. വിഷയത്തിൽ ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹൈക്കമ്മിഷന്റെ വീസ വിഭാഗത്തിന് സമീപമാണ് നടപടി. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് സമീപം സ്ഥാപിച്ചിരുന്ന സമാനമായ നിയന്ത്രണങ്ങൾ പാക്കിസ്ഥാനും നീക്കിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മിഷന് സമീപത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിരുന്ന ചില തൂണുകൾ, ട്രാഫിക് ബൊള്ളാർഡ് എന്നിവയാണ് പാക്കിസ്ഥാൻ നീക്കിയത്. ഇതിന് പകരമായി ഇന്ത്യയുടെ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ. 

അതേസമയം, ജമ്മു കശ്മീരിനെക്കുറിച്ചുള്ള യു.എസ് അംബാസഡറുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാൻ രംഗത്ത്. ഇന്ത്യയുടെ സന്ദർശനത്തിനിടെ ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ നടത്തിയ പരാമർശത്തിലാണ് പാക്കിസ്ഥാൻ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചത്. സെർജിയോ ഗോറിന്റേത് അവധാനതയില്ലാത്ത പരാമർശമാണെന്നും ഇത് യു.എസിന്റെ ദീർഘകാലമായുള്ള നയങ്ങൾക്ക് വിരുദ്ധമാണെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ജമ്മു കശ്മീർ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട തര്‍ക്ക പ്രദേശമാണെന്ന നിലപാടാണ് പാക്കിസ്ഥാൻ ആവർത്തിച്ചത്.

ENGLISH SUMMARY:

India has removed several security barricades and traffic bollards outside the Pakistani High Commission in Delhi. This action follows a reciprocal move where Pakistan dismantled similar security restrictions near the Indian High Commission in Islamabad. Meanwhile, diplomatic tensions between the two nations continue to persist without formal official statements from either side. Additionally, Pakistan recently expressed strong objections regarding remarks made by the US Ambassador concerning Jammu and Kashmir.