Image: instagram.com/melia.hotels.international/

Image: instagram.com/melia.hotels.international/

ഫുട്ബോൾ ലോകത്ത് റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുന്ന അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. എന്നാൽ, കളിക്കളത്തിന് പുറത്ത്, ആഡംബര ടൂറിസം രംഗത്ത് മെസ്സി കെട്ടിപ്പടുത്ത വൻ ബിസിനസ്സ് സാമ്രാജ്യത്തെക്കുറിച്ച് അറിയുമോ? സ്പെയിനിലും അൻഡോറയിലുമായി വ്യാപിച്ചുകിടക്കുന്ന ആറ് ആഡംബര ബോട്ടിക് ഹോട്ടലുകളുടെ ശൃംഖലയായ 'എം.ഐ.എം ഹോട്ടൽസ്' മെസ്സിയുടെ ഉടമസ്ഥതയിലുള്ളതാണ്. ചുരുക്കി പറഞ്ഞാല്‍ ഫുട്ബോളില്‍ എന്നപോലെ ബിസിനസ്സിലും ‘ഗോട്ടാണ്’ മെസി.

ബാഴ്സലോണയ്ക്ക് സമീപമുള്ള സിറ്റ്ജസ്, ഇബിസ, മല്ലോർക്ക, പൈറീനീസിലെ ബാക്വീര, അൻഡോറ, അന്തലൂസ്യയിലെ സോട്ടോ ഗ്രാൻഡെ എന്നിവിടങ്ങളിലാണ് ഈ ആറ് ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ പ്രശസ്ത ആഡംബര ബ്രാൻഡായ 'മെലിയ ഹോട്ടൽസ് ഇന്റർനാഷണൽ' (Melia Hotels International) ആണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എങ്കിലും, ഹോട്ടലുകളുടെ പൂർണ്ണ ഉടമസ്ഥത മെസ്സിക്കാണ്.

സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ അനുഭവങ്ങളാണ് എം.ഐ.എം ഹോട്ടലുകൾ സമ്മാനിക്കുന്നത്. മാത്രമല്ല, ഫുട്ബോൾ ആരാധകരെ ആവേശഭരിതരാക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ചില ഹോട്ടലുകളിൽ പ്രത്യേകം തയ്യാറാക്കിയ 'ലിയോ മെസ്സി സ്യൂട്ടുകൾ' ലഭ്യമാണ്. കൂടാതെ, മെസ്സി നേടിയ പ്രശസ്തമായ 'ബലോൻ ദ് ഓർ' (Ballon d'Or) ട്രോഫികളുടെ പകർപ്പുകളും ഹോട്ടലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ബാഴ്സലോണയിൽ നിന്ന് 40 മിനിറ്റ് മാത്രം ദൂരമുള്ള ഹോട്ടൽ എം.ഐ.എം സിറ്റ്ജസ് (Hotel MiM Sitges) ലിസ്റ്റില്‍ ആദ്യത്തേത്. ഈ തീരദേശ ഹോട്ടലിൽ മനോഹര കടൽക്കാഴ്ചകള്‍ നല്‍കുന്ന 77 മുറികളാണുള്ളത്. ഇനി മെഡിറ്ററേനിയൻ ആഡംബരം ആഗ്രഹിക്കുന്നവർക്കായാണ് ഹോട്ടൽ എം.ഐ.എം ഇബിസ (Hotel MiM Ibiza). ഈ ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ ഏകദേശം 600 യൂറോ (50,000 രൂപയ്ക്ക് മുകളിൽ) ആണ് ചെലവ്. ശാന്തമായ ദ്വീപ് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഹോട്ടൽ എം.ഐ.എം മല്ലോർക്ക (Hotel MiM Mallorca). സ്പെയിനിലെ പ്രശസ്തമായ പൈറീനീസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ എം.ഐ.എം ബാക്വീര (Hotel MiM Baqueira) സ്കീയിങ് പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. ഹോട്ടൽ എം.ഐ.എം അൻഡോറ (Hotel MiM Andorra)യാകട്ടെ സ്കാൻഡിനേവിയൻ ശൈലിയിലുള്ള ഇന്റീരിയറോട് കൂടിയുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ്. ശീതകാല വിനോദങ്ങൾക്ക് പേരുകേട്ടതാണിത്. മെഡിറ്ററേനിയൻ കടലിന് നേരെയുള്ള ഹോട്ടൽ എം.ഐ.എം സോട്ടോ ഗ്രാൻഡെ (Hotel MiM Sotogrande) ലിസ്റ്റില്‍ അവസാനത്തേത്. നാവിക ശൈലിയിലുള്ള മനോഹരമായ ബോട്ടിക് ഹോട്ടലാണിത്.

ഭക്ഷണപ്രിയർക്കായി ബാക്വീര, അൻഡോറ, സോട്ടോ ഗ്രാൻഡെ ഹോട്ടലുകളിൽ മിഷേലിൻ സ്റ്റാർ ഷെഫ് നന്ദു ജുബാനിയുമായി ചേർന്ന് വികസിപ്പിച്ച 'ഹിഞ്ച' എന്ന റെസ്റ്റോറന്റുമുണ്ട്. മെസ്സിയുടെ ഫുട്ബോൾ കരിയറിനോടുള്ള ആദരസൂചകമായി 'ബലോൻ ദ് ഓർ' മാതൃകയിലുള്ള പ്രത്യേക ഡെസേർട്ട് ഇവിടുത്തെ പ്രധാന ആകർഷണമാണ്. സ്വകാര്യ റൂഫ്‌ടോപ്പ് ജക്കൂസികളും പ്രീമിയം വെൽനസ് സൗകര്യങ്ങളും ഈ ഹോട്ടലുകളുടെ ആഡംബരം വർദ്ധിപ്പിക്കുന്നു.

ഹോട്ടൽ ബിസിനസ്സിന് പുറമെ റിയൽ എസ്റ്റേറ്റ്, സ്പോർട്സ് ഓണർഷിപ്പ്, മീഡിയ, ടെക്നോളജി, വസ്ത്രവ്യാപാരം, മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങി വലിയൊരു ബിസിനസ്സ് പോർട്ട്‌ഫോളിയോ തന്നെ മെസ്സിക്കിന്നുണ്ട്. മൈതാനത്ത് മാത്രമല്ല, കോർപ്പറേറ്റ് ലോകത്തും തനിക്ക് വലിയ സ്കോർ നേടാനാകുമെന്ന് തെളിയിച്ചയാളാണ് അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം.

ENGLISH SUMMARY:

Beyond his legendary football career, Lionel Messi has established a massive luxury hospitality empire under his brand "MiM Hotels" (Majestic i Messi). Managed alongside the Majestic Hotel Group since 2017, this premium chain features boutique properties in elite tourist destinations, including Sitges, Ibiza, Majorca, and Andorra. These eco-friendly luxury hotels cater to high-net-worth travelers, boasting top-tier amenities like panoramic sky bars, luxury spas, and Michelin-starred dining experiences. Through strategic investments in prime real estate, the Argentine icon has successfully solidified his status as a "GOAT" in the global business world as well.