സൂപ്പര്‍ലീഗ് ഫുട്ബോളില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ഇന്ന് സ്വന്തം തട്ടകത്തില്‍ നിര്‍ണായക പോരാട്ടം. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കൊമ്പന്‍സിന് ജയം അനിവാര്യം. തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജയത്തില്‍ക്കുറഞ്ഞതൊന്നും തിരുവനന്തപുരം കൊമ്പന്‍സിന്റെ ചിന്തയിലില്ല. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ടു തോൽവിയും രണ്ട് ജയവും. ജയം രണ്ടും ഷൂട്ടൗട്ടില്‍. മത്സരം സമനിലയായാൽ ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്താൻ മൂന്നാം സീസണിൽ സംഘാടകർ തീരുമാനിച്ചത് കൊമ്പന്മാർക്ക് അനുഗ്രഹമായി. രണ്ട് സമനില മത്സരങ്ങളിലും ഷൂട്ടൗട്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ചു കയറി.
അങ്ങനെ നാല് കളികളിൽ നിന്ന് നാല് പോയിന്റ്. ഇനി മുന്നോട്ട് പോകണമെങ്കിൽ ഇത് പോരെന്ന തിരിച്ചറിവ് ടീമിനും മാനേജ്മെന്റിനുമുണ്ട്. മൈതാനത്ത് ഇത് പ്രകടമാകുമെന്ന് കൊമ്പൻസ് കോച്ച് ഇയാൻ ഗില്ലൻ. സ്വന്തം തട്ടകത്തിലെ ആരാധകരുടെ പിന്തുണ അനുകൂല ഘടകം. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ. ഈ നാണക്കേട് മാറ്റാനുള്ള തീരുമാനത്തോടെയാകും തൃശൂർ ഇറങ്ങുക.