Image Credit : Twitter
പോക്കിമോന്‍ ആരാധകരെ മാടി വിളിക്കുകയാണ് ജപ്പാന്‍. ഒരു വിമാനത്താവളം തന്നെ പോക്കിമോന്‍ തീമിലേക്ക് മാറ്റി ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ് ജപ്പാനിലെ നോട്ടോ വിമാനത്താവളം. നോട്ടോ വിമാനത്താവളം ഇനി മുതല്‍ നോട്ടോ സതോയാമ പോക്കിമോന്‍ വിത്ത് യു എയര്‍പോര്‍ട്ട് എന്ന പേരിലായിരിക്കും അറിയപ്പെടുക. അതിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
ലോകത്തിന്‍റെ വിവിധ കോണുകളില്‍ പോക്കിമോന്‍ തീമിലുളള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്തിനേറെ പറയുന്നു ജപ്പാനില്‍ തന്നെ പോക്കിമോന്‍ തീമിലുളള കഫേകള്‍, തീം പാര്‍ക്കുകള്‍, ട്രെയിനുകള്‍ എന്നിവയെല്ലാമുണ്ട്. എന്നാല്‍ ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരു വിമാനത്താവളം പോക്കിമോന്‍ തീമിലേക്ക് മാറുന്നത്. പ്രശസ്ത പോക്കിമോന്‍ കഥാപാത്രമായ പിക്കാച്ചു വിമാനത്തില്‍ ഇരിക്കുന്ന രീതിയിലുള്ള പുതു ലോഗോയും പോക്കിമോന്‍ വിമാനത്താവളത്തിന് ലഭിക്കും. പലതരം പോക്കിമോന്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വിമാനത്താവളത്തിന്‍റെ ചുവരുകളില്‍ പെയിന്‍റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
പോക്കിമോന്‍ വിത്ത് യു ഫൗണ്ടേഷന്‍ കഴിഞ്ഞ ഏപ്രിലാണ് ഈ ആശയം മുന്നോട്ടുവച്ചത്. 2024ല്‍ ഉണ്ടായ ശക്തമായ ഭൂകമ്പവും അതേവര്‍ഷം തന്നെയുണ്ടായ കനത്ത മഴയും നോട്ടോ ഉപദ്വീപിന്‍റെ വിനോദ സഞ്ചാരമേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. അതില്‍ നിന്നെല്ലാം നോട്ടോ ഉപദ്വീപിന് പുത്തന്‍ ഉണര്‍വ് നല്‍കി വിനോദ സഞ്ചാരമേഖലയെ ഉണര്‍ത്തുകയാണ് പോക്കിമോന്‍ വിമാനത്താവളത്തിലൂടെ ഉദ്ദേശിക്കുന്നത്.
അതേസമയം നോട്ടോ വിമാനത്താവളത്തിന് പോക്കിമോന്‍ വിമാനത്താവളം എന്ന പേര് കാലാകാലങ്ങളോളം ഉണ്ടാകില്ല. 2026 ജൂലൈ ഏഴു മുതല്‍ 2029 സെപ്തംബര്‍ 30 വരെയുള്ള നിശ്ചിത കാലയളവിലാണ് ഈ പ്രത്യേക ബ്രാന്‍ഡിങ് വിമാനത്താവളത്തിന് നല്‍കുക. വിനോദ സഞ്ചാരികളെ പ്രദേശത്തേക്ക് ആകര്‍ഷിക്കാനാവുമെന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് ഷികാവ ഗവര്‍ണര്‍ യുകിയോഷി യമാനോ വ്യക്തമാക്കി. പോക്കിമോന്‍ വിമാനത്താവളത്തിലെത്തുന്നവരെ സ്വീകരിക്കാന്‍ 111 വ്യത്യസ്ത പോക്കിമോന്‍ കഥാപാത്രങ്ങളും വിമാനത്താവളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.