Guwahati: The Vande Bharat Sleeper Express stands at Kamakhya Railway Station, in Guwahati, Friday, Jan. 16, 2026. (Photo)(PTI01_16_2026_000572B)
ടിക്കറ്റ് റദ്ദാക്കുന്നതില്‍ ചട്ടങ്ങള്‍ കടുപ്പിച്ച് റെയില്‍വേ. വന്ദേഭാരതിന്‍റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റദ്ദാക്കല്‍ ചട്ടങ്ങളിലാണ് പരിഷ്കാരം. കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ കാന്‍സല്‍ ചെയ്താല്‍ 25 ശതമാനം തുക പിടിച്ച ശേഷം റീഫണ്ട് നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ എട്ടുമണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും. ട്രെയിന്‍ യാത്ര പുറപ്പെടാന്‍ എട്ടുമണിക്കൂര്‍ പോലുമില്ലാത്തപ്പോഴാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല.
കണ്‍ഫേം ആയ ടിക്കറ്റ്, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് എട്ടുമണിക്കൂര്‍ മുന്‍പ് കാന്‍സല്‍ ചെയ്യാതെയിരിക്കുകയും ടിഡിആര്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാതെയിരുന്നാലും റീഫണ്ട് ലഭിക്കില്ല. Read More: ആര്‍എസി ഇല്ല, വെയിറ്റിങ് ലിസ്റ്റ് ഇല്ല; വന്ദേഭാരത് സ്ലീപ്പറിന്‍റെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ആര്‍എസി ഉണ്ടാവില്ലെന്നും മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്ററായിരിക്കുമെന്നും റെയില്‍വേ നേരത്തെ വ്യക്തമാക്കിയിരുന്നു. അമൃത് ഭാരത് II എക്സ്പ്രസില്‍ കുറഞ്ഞ നിരക്ക് ഈടാക്കുന്ന ദൂരം 200 കിലോമീറ്ററായിരിക്കുമെന്നും ആര്‍എസി ഉണ്ടായിരിക്കില്ലെന്നും റെയില്‍വേ അറിയിച്ചു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഡ്യൂട്ടി പാസ് എന്നിവര്‍ക്കാകും സീറ്റുകള്‍ പ്രത്യേക ക്വോട്ടയുള്ളത്. മറ്റ് റിസര്‍വേഷനുകളൊന്നും അനുവദിക്കില്ലെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചിരുന്നു. Also Read: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പെത്തും?
ഇന്നലെയാണ് വന്ദേഭാരതിന്‍റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഹൗറ–ഗുവാഹട്ടി സര്‍വീസാണ് ബംഗാളിലെത്തി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് കൂടി കണ്ടാണ് വന്ദേഭാരത് സ്ലീപ്പറുകളുടെയും അമൃത് എക്സ്പ്രസുകളുടെയും സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആകെ 12 വന്ദേഭാരത് എക്സ്പ്രസുകള്‍ ഇറങ്ങുന്നതില്‍ കേരളത്തിനും ലഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിനാണ് റെയില്‍വേ പ്രഖ്യാപിക്കുമെന്ന് സൂചനയുള്ളത്.
തേര്‍ഡ് എസിക്ക് 2300 രൂപയും സെക്കന്‍ഡ് എസിക്ക് 3000 രൂപയും ഫസ്റ്റ് എസിക്ക് 3600 രൂപയുമാണ് നിരക്ക്. ഇന്നലെ സര്‍വീസ് ആരംഭിച്ച ഗുവാഹട്ടി–ഹൗറ സ്ലീപ്പറില്‍ കുറഞ്ഞ നിരക്ക് 960 രൂപയാണ്. 400 ല്‍ കൂടുതലുള്ള ഓരോ കിലോമീറ്ററിനും 2.40 രൂപ വീതമാകും ഈടാക്കുക.