New Delhi, Jan 03 (ANI): Union Minister Ashwini Vaishnaw visits to inspect the first Vande Bharat sleeper train at New Delhi Railway Station, in New Delhi on Saturday. (ANI Photo/Sumit)
സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി അനുവദിക്കാന്‍ റെയില്‍വേ. തിരുവനന്തപുരം– ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു റൂട്ടുകളിലാകും സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്ന രീതിയിലാകും സര്‍വീസ് ക്രമീകരിക്കുക. നിലവില്‍ വരുന്നതോടെ ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സര്‍വീസും ഇതുതന്നെയാകും. ആകെ 16 കോച്ചുകളാകും സ്ലീപ്പര്‍ ട്രെയിനില്‍ ഉണ്ടാവുക. ഇതില്‍ 11 തേഡ് എസി, നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി എന്നീ കോച്ചുകളിലായി 823 ബെര്‍ത്തുകളുമുണ്ടാകും.
12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കിയാകും റെയില്‍വേയുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമത്തെ റെയില്‍വേ ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും സമ്മര്‍ദം ശക്തമാകുന്നുണ്ട്.
അതേസമയം, വന്ദേഭാരത് സ്ലീപ്പറുകള്‍ക്ക് പുറമെ ഒരു അമൃത് ഭാരത് ട്രെയിന്‍ കൂടി കേരളത്തിന് ലഭിച്ചേക്കും. അതിഥിത്തൊഴിലാളികളെ പ്രധാനമായും ലക്ഷ്യമിടുന്ന ഈ സര്‍വീസ് എറണാകുളത്ത് നിന്നും ബിഹാറിലെ ജോഗ്ബനിയിലേക്കാണ് സര്‍വീസ് നടത്തുക.
ഈ വര്‍ഷം അഞ്ച് റൂട്ടുകളില്‍ കൂടി വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന് ഹൗറ–ഗുവാഹത്തി റൂട്ടിലാകും സര്‍വീസ് നടത്തുക. മുകളിലെ ബര്‍ത്തിലേക്ക് കയറാന്‍ ചവിട്ടുപടികളും മൊബൈല്‍ഫോണ്‍, ലാപ്ടോപ് ചാര്‍ജറുകളും സജ്ജമാക്കിയിട്ടുണ്ട്. കവച് സുരക്ഷാ സംവിധാനം കൂടി ചേര്‍ത്തിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.