എല്ലാ വര്‍ഷവും നഗരങ്ങളെ വിലയിരുത്തുന്നത് അവിടുത്തെ കുതിച്ചുയരുന്ന സാമ്പത്തിക വ്യവസഥയുടെയോ, തിരക്കേറിയ തെരുവുകളുടെയോ അടിസ്ഥാനത്തില്‍ മാത്രമല്ല. അവിടെ ആളുകള്‍ എത്രത്തോളം സന്തുഷ്ടരായി താമസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ്. അത്തരത്തില്‍ ടൈം ഔട്ട് മാഗസിന്റെ സിറ്റി ലൈഫ് ഇൻഡക്സ് 2025 ൽ, ഏഷ്യയിലുടനീളമുള്ള 18,000-ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ സര്‍വേയില്‍ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി തിരഞ്ഞെടുത്തത് മുംബൈയെയാണ്.
ദൈനംദിന ജീവിതം, സംസ്കാരം, രാത്രികാല ജീവിതം, ഭക്ഷണം, മുഴുവനായുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ ഒരു നഗരത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് എത്രത്തോളം സന്തോഷം നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സർവേയിൽ പങ്കെടുത്തവർ അവരുടെ നഗരങ്ങളെ റേറ്റുചെയ്തത്. അതില്‍ നിന്നാണ് സ്വപ്നങ്ങളുടെ നഗരമായ മുംബൈ ഒന്നാമത് എത്തിയത്. എല്ലാ കാര്യങ്ങളിലും മുംബൈ ഒരു സന്തുലനാവസ്ഥ പാലിക്കുന്നതായാണ് ജനങ്ങളുടെ അഭിപ്രായം.
മുംബൈയിലുള്ള ഗതാഗതക്കുരുക്കും താമസിക്കാനുള്ള അമിതമായ വാടകയും മറ്റൊരു ഭാഗത്ത് നില്‍ക്കുംമ്പോഴും ഭക്ഷണം, ആഘോഷങ്ങള്‍, ഉല്‍സവങ്ങള്‍ തുടങ്ങിയവ തരുന്ന ഊര്‍ജം വളരെ വലുതാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. 94 ശതമാനം നിവാസികളും മുംബൈ നഗരം തങ്ങളെ സന്തോഷവാന്‍മാരാക്കുന്നു എന്ന് അഭിപ്രായപ്പെടുംമ്പോള്‍ 89 ശതമാനം ആളുകള്‍ മറ്റെവിടെത്തെക്കാളും മുംബൈയില്‍ താമസിക്കുംമ്പോള്‍ കൂടുതൽ സന്തോഷവാന്‍മാരെന്ന് കരുതുന്നു.
ആളുകളെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ, ഊർജ്ജസ്വലമായ സംസ്കാരം, അനന്തമായ തൊഴിൽ അവസരങ്ങൾ, വിനോദ രംഗങ്ങള്‍ എന്നിവയില്‍ നിന്നാണ് ഈ സന്തോഷം ഉണ്ടാകുന്നത് എന്നാണ് വിദഗ്ദാഭിപ്രായം. ലോകത്തിലെ ഏറ്റവും തിരക്കേറിയ മഹാനഗരങ്ങളിലൊന്നാണെങ്കിലും പലപ്പോഴും എല്ലാവര്‍ക്കും ഒരുമിക്കാനുള്ള സമയങ്ങളും അവസരങ്ങളും മുംബൈ നഗരം നല്‍കുന്നുണ്ട്. 88 ശതമാനം ആളുകളും മുംബൈയില്‍ സരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
തൊട്ടുപിന്നിൽ ബീജിംഗും ഷാങ്ഹായും ഉണ്ട്. യഥാക്രമം 93 ശതമാനവും 92 ശതമാനവും നിവാസികള്‍ ഈ നഗരങ്ങളില്‍ ജീവിക്കുന്നത് സന്തോഷകരമാണെന്ന് അഭിപ്രായപ്പെട്ടു. സുരക്ഷ, സൗകര്യം, സംസ്കാരം, എന്നിവയിലാണ് രണ്ട് നഗരങ്ങളും മുന്നിട്ടു നില്‍ക്കുന്നത്.