സിനിമകളുടെ പ്രധാന ലോക്കേഷനായി മാറുകയാണ് പാലക്കാട് ജില്ലയിലെ വാളയാർ. മലയാളം- തമിഴ് സിനിമകളുടെ ലോക്കേഷനായി വാളയാർ മാറാൻ കാരണം ഇവിടുത്തെ പ്രകൃതി ഭംഗിയാണ്. രാജനികാന്ത് നായകനാകുന്ന ജയിലർ 2 വിൻ്റെ ചിത്രീകരണമാണ് ഇപ്പോൾ വാളയാറിൽ പുരോഗമിക്കുന്നത്.
വാളയാറിലെ കാടും മലയും ആദിവാസി ഉന്നതിയും വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കുമൊക്കെയാണ് സിനിമകളുടെ പ്രധാന ലൊക്കേഷൻ. കാടിൻ്റെ സൗന്ദര്യവും മേഘങ്ങളെ തൊട്ടു നിൽക്കുന്ന പാറകളും വാളയാറിൻ്റെ സൗന്ദര്യം കൂട്ടും
ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ദിവസം സ്റ്റൈൽ മന്നൻ രജനികാന്തും വാളയാറിലെത്തി.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌തു ഹിറ്റായ ജയിലറിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായാണു രജനികാന്ത് വീണ്ടും വാളയാറിലും നടുപ്പതി ആദിവാസി ഉന്നതിയിലുമെത്തിയത്.
നേരത്തെ ഏപ്രിലിൽ ഒന്നാം ഷെഡ്യൂൾ പ്രകാരമുള്ള ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങിയിരുന്നു. വന മേഖലയോടു ചേർന്നുള്ള നടുപ്പതി ആദിവാസി ഉന്നതിയിൽ കൂറ്റൻ സെറ്റും സിനിമയ്ക്കായി ഒരുക്കിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളടക്കമാണ് ഇവിടെ ചിത്രീകരിക്കുന്നത്.
പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയുടെ പ്രധാന ലോക്കേഷനും വാളയാറായിരുന്നു. സിനിമകൾ കണ്ട് വാളയാറിലേക്ക് വിനോദ സഞ്ചാരികളുടെ വരവിലും വർധനവുണ്ടായിട്ടുണ്ട്