sabarishoot1

ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടന്നെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും. മകരവിളക്കിന്‍റെ തലേന്നും ആഴിക്ക് സമീപവും നടപ്പന്തലിലും ചിത്രീകരണം നടന്നതായി വിജിലന്‍സ് കണ്ടെത്തി. കനത്തസുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

മകരവിളക്ക് കാലത്ത് ശബരിമലയിലും പമ്പയിലും അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചുവെന്ന പരാതിയില്‍ ദേവസ്വം വിജിലന്‍സിന്‍റെ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തല്‍. മകരവിളക്കിന്‍റെ തലേന്ന് ആഴിയുടെ പരിസരത്തും നടപ്പന്തലിലും സിനിമാ ചിത്രീകരണം നടന്നുവെന്ന് സി.സി.ടി.വി പരിശോധനയില്‍ വ്യക്തമായി. ഉപയോഗിച്ച ക്യാമറയുടെ ബ്രാന്‍ഡ് ഉള്‍പ്പടെ റിപ്പോര്‍ട്ടിലുണ്ട്.

 

സംവിധായകന്‍ അനുരാജ് മനോഹറിന്‍റെ നേതൃത്വത്തിലുള്ള സംഘം പമ്പയില്‍ ചിത്രീകരണം നടത്തിയെന്നായിരുന്നു വിജിലന്‍സിന്‍റെ ആദ്യ റിപ്പോര്‍ട്ടില്‍. രണ്ട് വിജിലന്‍സ് എസ്.പി ശബരിമല സ്പെഷല്‍ കമ്മിഷണര്‍ക്ക് കൈമാറി. ഇവയെക്കുറിച്ച് നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും. തുടര്‍ന്ന് ഹൈക്കോടതിയെ വിവരം അറിയിക്കും. ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. വനമേഖലയില്‍ അതിക്രമിച്ച് കയറി ചിത്രീകരിച്ചതിന് വനംവകുപ്പ് അനുരാജിനെതിരെ കേസെടുത്തിരുന്നു. 

ENGLISH SUMMARY:

Sabarimala unauthorized film shooting is a serious concern that the Travancore Devaswom Board will discuss based on a Devaswom Vigilance report. The report details film shooting near the Aazhi and Nadapanthal during Makara Vilakku, indicating a significant security lapse.