k-muraleedharan

TOPICS COVERED

ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പട്ടിക പുതുക്കിയില്ലെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനും പങ്കുള്ളതായി കരുതുമെന്ന മന്ത്രി കെ.മുരളീധരന്‍റെ പരാമര്‍ശത്തില്‍ ബോര്‍ഡിന്‍റെ അതൃപ്തി പ്രസിഡന്‍റ് മന്ത്രിയെ നേരിട്ടറിയിക്കും. രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് അനുഭാവ യൂണിയന്‍ പ്രതിനിധികള്‍ നല്‍കിയ വിവരം മന്ത്രി തോന്നിയ മട്ടില്‍ വിളിച്ച് പറയുകയായിരുന്നുവെന്നാണ് വിമര്‍ശനം. സ്ഥലംമാറ്റ ചര്‍ച്ചയില്‍ ഉള്‍പ്പെടാത്ത നാലുപേര്‍ അന്തിമ പട്ടികയില്‍ വന്നതില്‍ സിപിഎം പ്രതിനിധിയായ ബോര്‍ഡ് അംഗത്തെ കെ.ജയകുമാര്‍ വിയോജിപ്പ് അറിയിച്ചു.

ഒന്നല്ല, മൂന്ന് വട്ടമാണ് സമാന ആക്ഷേപം ദേവസ്വം മന്ത്രി നിരത്തിയത്. മുന്‍കാല ഭരണസമിതിയുടെ വീഴ്ച പുതിയ ബോര്‍ഡിലുള്ളവരും‍ തുടരുന്നുവെന്ന ധ്വനിയുണ്ടെന്നാണ് വിലയിരുത്തല്‍. അതൃപ്തി മന്ത്രിയെ നേരിട്ടറിയിക്കാന്‍ ഭരണസമിതി പ്രസിഡന്‍റ് കെ.ജയകുമാറിനെ ചുമതലപ്പെടുത്തി. വിവാദമായ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍മാരുടെയും വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും നിയമനത്തിന് പൂര്‍ണ ചുമതല നല്‍കിയിരുന്നത് സിപിഎം പ്രതിനിധിയായ ബോര്‍ഡ് അംഗം പി.ഡി സന്തോഷ് കുമാറിനായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടികയ്ക്ക് പ്രസിഡന്‍റ് അനുമതിയും നല്‍കി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാത്ത നാലുപേര്‍ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ബോര്‍‍ഡ് പ്രസിഡന്‍റ് സ്ഥലത്തില്ലാത്ത സമയത്താണ് സ്ഥാനക്കയറ്റ, സ്ഥലംമാറ്റ പട്ടികയിറങ്ങിയത്. ഇത് ശരിയായ കീഴ് വഴക്കമല്ലെന്നും ആവര്‍ത്തിക്കരുതെന്നും സിപിഎം പ്രതിനിധിയെ കെ.ജയകുമാര്‍ ഓര്‍മപ്പെടുത്തി. മന്ത്രിയുടെ വിമര്‍ശനത്തിന് വരെ വഴിവച്ച നിയന ഉത്തരവിനായി പുനപരിശോധിക്കുന്നതിനായി മാത്രം പ്രത്യേക ബോര്‍ഡ് ചേര്‍ന്നതും പ്രസിഡന്‍റിന്‍റെ നിര്‍ദേശം കണക്കിലെടുത്താണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡിനുണ്ടായ ക്ഷീണം മാറിയിട്ടില്ലെന്നും പുതിയ വിവാദങ്ങള്‍ വിളിച്ച് വരുത്തരുതെന്നും സിപിഐ പ്രതിനിധി കെ.രാജുവും പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി സൗഹാര്‍ദപരമായി നീങ്ങുകയാണ് നല്ലത്. സംസ്ഥാന ബജറ്റ് അവതരണം കഴിഞ്ഞാലുടന്‍ ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും മുഖ്യമന്ത്രി വി.ഡി സതീശനെയും നേരില്‍ക്കാണും.   

ENGLISH SUMMARY:

The Devaswom Board is expressing dissatisfaction with Minister K. Muraleedharan's recent remarks regarding the Sabarimala gold scam. The Board President will convey their displeasure directly to the minister, asserting that the minister's statements were based on information provided by Congress-affiliated union representatives for political gain.