പൃഥ്വിരാജ് നായകനായ ‘വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് സംഘത്തിന്‍റെ വാഹനം റോഡില്‍ വച്ച് രാത്രി ആക്രമിച്ച് ആന പടയപ്പ. കാമറസംഘത്തില്‍പെട്ട ഒരാളുടെ പാസ്പോര്‍ട്ട് അടങ്ങിയ ബാഗും ലാപ്ടോപ്പും ആന കൊണ്ടുപോയി. ലാപ്ടോപ് പിന്നീട് തകര്‍ന്നനിലയില്‍ ലഭിച്ചെങ്കിലും പാസ്പോര്‍ട്ട് അടങ്ങിയ ബാഗ് കണ്ടെത്താനായിട്ടില്ല. കാമറയ്ക്കോ ചിത്രീകരിച്ച ഭാഗങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്കിനോ കേടുപാടുണ്ടായില്ല
പാലക്കാട്ടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് മൂന്നാറിലേക്ക് യാത്ര ചെയ്ത സംഘത്തെ രാത്രി ഒന്‍പതുമണിയോടെയാണ് ആന ആക്രമിച്ചത്. പിന്നില്‍ വാഹനങ്ങളുണ്ടായിരുന്നതിനാല്‍ റിവേഴ്സ് എടുക്കാന്‍ ഡ്രൈവര്‍ക്കായില്ല. മുന്നിലെ ചില്ല് തകര്‍ത്ത പടയപ്പ തുമ്പിക്കൈ ഇട്ട് ബാഗും ലാപ്ടോപ്പും കൊണ്ടുപോയി. ചില്ലുകഷണം പതിച്ച് ഡ്രൈവര്‍ക്ക് കണ്ണില്‍ മുറിവേറ്റു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പൃഥ്വിരാജ് ഉള്‍പ്പെട്ട സീനുകള്‍ ഇന്ന് രാവിലെ ചിത്രീകരിക്കാനായാണ് കാമറാസംഘം രാത്രി തന്നെ പാലക്കാട്ടുനിന്ന് മൂന്നാറിലെത്താന്‍ ശ്രമിച്ചത്. 2023ല്‍ ഇതേ സിനിമയ്ക്കായി സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജിന് കാലിന് പരുക്കേറ്റിരുന്നു. അടുത്ത ഓണത്തിനാണ് വിലായത്ത് ബുദ്ധയുടെ റിലീസ്.