120 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരു ട്രാവല്‍ വ്ളോഗര്‍ പങ്കുവച്ച ദുരനുഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു. ഇത്രയും രാജ്യങ്ങളില്‍ താന്‍ പോയിട്ടുണ്ട്, എന്നാല്‍ ജോര്‍ജിയയില്‍ നിന്ന് നേരിടേണ്ടി വന്നത് ഏറ്റവും മോശം അനുഭവമായിരുന്നു. വര്‍ഗീയവെറി നിറഞ്ഞയിടമാണിവിടം എന്നാണ് എക്സ്പ്ലോറര്‍ രാജ എന്നറിയപ്പെടുന്ന ഈ ട്രാവല്‍ വ്ളോഗര്‍ പറയുന്നത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ തന്നെ പൂര്‍ണനഗ്നനാക്കി നിര്‍ത്തി എന്നാണ് രാജ വെളിപ്പെടുത്തുന്നത്.
ആദ്യമായി 2019ലാണ് താന്‍ ജോര്‍ജിയയിലെത്തിയത്. വിസയും വിമാന ടിക്കറ്റും അടക്കം എല്ലാം കയ്യിലുണ്ടായിരുന്നിട്ടും ഇവിടെ നാലു മണിക്കൂറോളം അകാരണമായി തന്നെ തടഞ്ഞുവച്ചു എന്നാണ് രാജ പറയുന്നത്. പാരിസിലേക്കുള്ള യാത്രയിലായിരുന്നു ഈ ദുരനുഭമുണ്ടായത്. താന്‍ ഫ്രാന്‍സിലേക്ക് പോകുന്നുവെന്നത് വിമാനത്താവള അധികൃതര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ പിടിച്ചുവച്ചത് മാത്രമല്ല തന്‍റെ വസ്ത്രങ്ങളടക്കം മുഴുവനും അന്ന് അഴിച്ച് പരിശോധിച്ചു. ആറുവര്‍ഷം കഴിഞ്ഞ് വീണ്ടും ഇവിടെയെത്തി. അപ്പോഴും സമാന അനുഭവമാണുണ്ടായത് എന്നാണ് രാജ വെളിപ്പെടുത്തുന്നത്.
‘ഇന്ന് തന്‍റെ പാസ്പോര്‍ട്ടില്‍ നിറയെ ഇത്രയധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ തെളിവായി സ്റ്റാമ്പുകളും വിസകളുമുണ്ട്. അന്നത്തെ അനുഭവം ഉണ്ടാകില്ലെന്നാണ് കരുതിയത്. പക്ഷേ എമിഗ്രേഷന്‍ കൗണ്ടറിലിരുന്ന സ്ത്രീ പാസ്പോര്‍ട്ട് കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് എന്താണിത്, നിങ്ങളിവിടെ എന്തിന് വന്നു എന്നാണ്. വിനോദസഞ്ചാരിയാണെന്ന് അവര്‍ക്ക് മറുപടി നല്‍കി. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ വിനോദസഞ്ചാരിയായിരിക്കാന്‍ സാധ്യതയില്ല എന്നാണ് അവര്‍ പറഞ്ഞത്.
യു.എസ്, ഷെന്‍ഗന്‍ അല്ലെങ്കില്‍ കാനഡ വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാം. അല്ലാത്തപക്ഷം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു. എമിഗ്രേഷന്‍ നടപടികള്‍ക്കിടെ മാത്രമല്ല, ആ നാട്ടിലെ സാധാരണക്കാര്‍ പോലും വലിയ വര്‍ഗീയവാദികളാണ്. 120 രാജ്യങ്ങളില്‍ ചിലയിടത്തുനിന്ന് മാത്രമാണ് എനിക്ക് മോശം അനുഭവമുണ്ടായിട്ടുള്ളത്. ജോര്‍ജിയ അതിലൊന്നാണ്. യു.എസ്, ഷെന്‍ഗന്‍ വിസകള്‍ കാണിച്ചിട്ടും അവര്‍ എന്നോട് മോശമായി തന്നെ പെരുമാറി. മിണ്ടാതെ പോയിരിക്ക് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. എന്താണ് പ്രശ്നമെന്ന എന്‍റെ നിരന്തര ചോദ്യങ്ങള്‍ക്കൊടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് എനിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞത്’ എന്ന് രാജ പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ പറയുന്നു. രാജ പറയുന്നത് നൂറ് ശതമാനം ശരിയാണെന്ന് പറയുന്നവരെയും ജോര്‍ജിയയില്‍ നല്ലവരായ മനുഷ്യരുണ്ടെന്ന് പറയുന്ന ചിലരെയും കമന്‍റ് ബോക്സില്‍ കാണാം.