പൊതുപരിപാടികളിലും സിനിമാ പ്രമോഷനുകൾക്കിടയിലും വനിതാ താരങ്ങളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന പാപ്പരാസികൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ പ്രതിഷേധവുമായി നടി സപ്തമി ഗൗഡ അടക്കമുള്ള താരങ്ങൾ. കാന്താര ഫെയിം സപ്തമി ഗൗഡയ്‌ക്കൊപ്പം കന്നഡ, തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖരായ രുക്മിണി വസന്ത്, അഷിക രംഗനാഥ്, പ്രിയങ്ക ഉപേന്ദ്ര, കവിത ഗൗഡ തുടങ്ങി നിരവധി താരങ്ങളാണ് ക്യാംപെയ്നിൽ അണിനിരന്നത്.
സിനിമാ പ്രമോഷനുകൾക്കോ പൊതുചടങ്ങുകൾക്കോ എത്തുന്ന നടിമാരുടെ വസ്ത്രധാരണത്തെയും ശരീരഭാഗങ്ങളെയും ലക്ഷ്യം വെച്ച് അനാവശ്യമായി സൂം ചെയ്തുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാകുകയാണ്.
വ്യൂസിനും ലൈക്കിനും വേണ്ടി മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഇത്തരം രീതികൾ അംഗീകരിക്കാനാവില്ലെന്ന് സപ്തമി ഗൗഡ വ്യക്തമാക്കി. പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്നവർ അടിസ്ഥാനപരമായ മര്യാദയും മാധ്യമ ധർമവും പാലിക്കണമെന്ന് താരം ആവശ്യപ്പെട്ടു.