സ്വതന്ത്ര സംഗീതത്തിലൂടെ വ്യത്യസ്തമായ ശബ്ദവും എഴുത്തും കൊണ്ട് ശ്രദ്ധ നേടിയ ഗായികയും ഗാനരചയിതാവുമായ ഗൗരി ലക്ഷ്മി പുതിയ ഗാനം തരംഗമാകുന്നു. 'പ്രതീക്ഷകൾ' എന്ന പേരിലുള്ള ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗാനത്തിന് വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് ഗൗരി ലക്ഷ്മി തന്നെയാണ്.
എന്താണ് 'പ്രതീക്ഷകൾ' പറയുന്നത്?
പ്രതീക്ഷകളും അത് ഓരോരുത്തരിലുമുണ്ടാക്കുന്ന മാനസിക സമ്മർദങ്ങളെയുമാണ് ഗൗരി പുതിയ ഗാനത്തിന് ഇതിവൃത്തമാക്കിയിരിക്കുന്നത്. സമൂഹവും കുടുംബവും ചുറ്റുപാടും നമ്മളിൽ അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളെ ശക്തമായ വരികളിലൂടെ അവതരിപ്പിക്കുകയാണ് ഗൗരി.
"പ്രതീക്ഷകൾ... പ്രതീക്ഷകൾ... ചുമലിലെ ചാക്കുകെട്ടുകൾ... ഇടതും വലതും നുരഞ്ഞുപതയും ഗദ്ഗദങ്ങൾ... നോക്കുകൾ..."
എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ഹുക്ക് ലൈൻ ഇതിനോടകം തന്നെ നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചുമലിലെ ഭാരമായി മാറുന്ന പ്രതീക്ഷകളെയും ചുറ്റുമുള്ളവരുടെ വിലയിരുത്തലുകളെയും കുറിച്ചുള്ള വരികൾ ഏറെ ചിന്തിപ്പിക്കുന്നതാണെന്നാണ് ആസ്വാദകരുടെ പ്രതികരണം. ഗൗരിയുടെ വൈകാരികവും തീവ്രവുമായ ആലാപനവും ഗാനത്തിന്‍റെ അനുഭവം കൂടുതൽ ആഴത്തിലാക്കുന്നു.
ഗാനത്തിന്‍റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഗൗരിയുടെ പങ്കാളിയായ കലേഷ് ഗോവിന്ദനാണ്. നിമൽ രാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത നിർമ്മാണം ഗണേഷ് വെങ്കിട്ടരമണിയാണ്.
ഗൗരി ലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. പതിമൂന്നാം വയസ്സിൽ മോഹൻലാൽ ചിത്രം 'കാസനോവയ്ക്കായി പാട്ടെഴുതിയാണ് സിനിമയിലേക്കുള്ള തുടക്കം. പിന്നീട് ഗോദ യിലെ 'ആരോ നെഞ്ചിൽ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടി.
സിനിമയ്ക്കൊപ്പം സ്വതന്ത്ര സംഗീതത്തിലും വ്യക്തമായ ഇടം കണ്ടെത്തിയ ഗൗരി, സാമൂഹിക വിഷയങ്ങളും വ്യക്തിപരമായ അനുഭവങ്ങളും സ്ത്രീപക്ഷ രാഷ്ട്രീയവും സംഗീതത്തിലൂടെ അവതരിപ്പിക്കുന്ന കലാകാരിയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നു. 2024-ൽ പുറത്തിറങ്ങിയ 'എന്‍റെ പേര് പെണ്ണ്' വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആ നിരയിലേക്കാണ് ഇപ്പോൾ 'പ്രതീക്ഷകൾ' കൂടി എത്തുന്നത്. ജീവിതത്തിന്‍റെ ഭാരവും പ്രതീക്ഷകളുടെ സമ്മർദവും ഹൃദയസ്പർശിയായ വരികളിലൂടെ പറഞ്ഞുവെക്കുന്ന ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.