കോവിഡിനെ തുടർന്ന് ഐടി മേഖലയിലടക്കം വ്യാപകമായ ‘വർക്ക് ഫ്രം ഹോം’ സംസ്കാരം പലർക്കും വലിയ ആശ്വാസമാണെങ്കിലും, ചിലർക്കെങ്കിലും അത് കടുത്ത മടുപ്പും മാനസിക സമ്മർദവുമാണ് ഉണ്ടാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു യുവാവിന്റെ വീഡിയോ ഇതിന്റെ ഗുരുതരമായ വശങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.

ഡൽഹി സ്വദേശിയായ ആകാശ് എന്ന യുവാവാണ് ഫ്ലാറ്റിലിരുന്ന് ജോലി ചെയ്യുന്നതിലെ തന്‍റെ മടുപ്പും നിരാശയും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും ഓഫീസിലെ അതേ അന്തരീക്ഷവും സമ്മർദവും തന്നെയാണ് അനുഭവപ്പെടുന്നതെന്നും, ഡെസ്കും ലാപ്ടോപ്പും ഇന്റർനെറ്റും ഉണ്ടെന്നല്ലാതെ വീടും ഓഫീസും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ഇയാൾ പറയുന്നു.

വ്യക്തിജീവിതവും വർക്ക് ലൈഫും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായതോടെ വൻ നഗരങ്ങളിലെ ഫ്ലാറ്റ് ജീവിതം ഒരു കൂട്ടിലകപ്പെട്ടതുപോലെ തോന്നുന്നുവെന്നും ആകാശ് പറയുന്നു. ‘വീട്’ എന്ന തോന്നൽ തന്നെ നഷ്ടപ്പെട്ടു. ആളുകളെ കാണുന്നില്ല, സംസാരിക്കുന്നില്ല, പുറംലോകവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങളുമായി നിരവധിയാളുകൾ പിന്തുണയുമായി എത്തി. പുറത്തിറങ്ങി ജോലിക്ക് പോകുമ്പോഴുള്ള ഗതാഗതക്കുരുക്കും യാത്രയും ഒഴിവാക്കാനാകുമെന്നത് നേട്ടമാണെങ്കിലും, വർക്ക് ഫ്രം ഹോം മനുഷ്യരെ കൂടുതൽ ഒറ്റപ്പെടുത്തുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് സമാന അനുഭവമുള്ളവർ പറയുന്നത്.

ENGLISH SUMMARY:

Work from home fatigue is a growing concern for many, with a viral video highlighting the mental stress and isolation experienced by a young man. This phenomenon underscores the challenges of blurred boundaries between personal and professional life in urban settings.