അഹമ്മദാബാദിലുള്ള നിർമ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെ വിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്ത്   പ്രഫസർ. വിദ്യാർഥിയുടെ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് തള്ളുന്നതും പരസ്യമായി മൈക്കിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ   സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു സെപ്റ്റംബർ 18 മുതൽ 20 വരെ നടന്ന 'ടെക്നോഫോറ 2026' എന്ന പരിപാടിക്കിടെയായിരുന്നു ഈ നാടകീയ സംഭവം അരങ്ങേറിയത്. ഈ സമയം, പ്രശസ്ത കോമഡിയൻ രജത് സൂദും വേദിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്റ്റാൻഡ് അപ് കോമഡിക്കിടെ കോളജിലെ പ്രഫസർ വേദിയിൽ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു വിദ്യാർത്ഥി 'ജൽദി ബോൽ, കൽ സുബഹ് പൻവേൽ നികൽനാ ഹൈ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.  'ഗോൽമാൽ 3' എന്ന ബോളിവുഡ് ചിത്രത്തിലെ ഫേമസ് ഡയലോഗാണിത്. വിദ്യാർഥി തമാശയായി പറഞ്ഞ ഈ വാചകമാണ് പ്രഫസറെ പ്രകോപിപ്പിച്ചത്. 

തുടർന്ന് ഇയാൾ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തുകയും പരസ്യമായി ഷട്ടറിന്‍റെ കോളറിൽ പിടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.  അധ്യാപകരെ അപമാനിക്കാൻ നോക്കിയാൽ സസ്‌പെൻഡ് ചെയ്യുമെന്നും ഏതറ്റം വരെയും പോകുമെന്നും പ്രഫസര്‍  മൈക്കിലൂടെ പറഞ്ഞു. ഈ ദൃശ്യങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

പിന്നാലെ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ പ്രഫസർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ പ്രഫസറെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. 

ENGLISH SUMMARY:

Professor assaults student at Nirmala University during a public event. The incident, which occurred during Technophora 2026, involved a professor grabbing a student by the collar and threatening them over a microphone, with the video going viral.