യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രയ്ക്കിടെ സഹയാത്രികൻ തന്നെ നോക്കി സ്വയംഭോഗം ചെയ്തതായി ആരോപിച്ച് 25 കാരിയായ യുവതി. കുട്ടികളുടെ മാനസികാരോഗ്യ ചികിത്സയിൽ സ്പെഷലിസ്റ്റായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. അമേരിക്കയിലെ റോച്ചസ്റ്ററിൽ നിന്ന് ന്യൂവാർക്കിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. തന്‍റെ സമീപത്തിരുന്ന 35നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന അപരിചിതനായ വ്യക്തി തന്നെ നോക്കുകയും തുടർന്ന് സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായി യുവതി പറയുന്നു. പിന്നാലെ ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തെന്നും യുവതി ആരോപിച്ചു.

ഉടൻ തന്നെ കാബിൻ ക്രൂവിനെ വിവരം അറിയിച്ച യുവതി, തനിക്ക് മറ്റൊരു സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിമാനം പൂർണമായും നിറഞ്ഞതിനാൽ മറ്റ് സീറ്റുകളൊന്നും ഒഴിവില്ലെന്നായിരുന്നു ക്രൂവിന്‍റെ മറുപടി. കുറച്ചുസമയം സീറ്റിൽനിന്ന് മാറിനിൽക്കാൻ അനുവദിച്ചെങ്കിലും ലാൻഡിങ്ങിനായി വീണ്ടും അതേ സീറ്റിലേക്ക് മടങ്ങിയിരിക്കാൻ നിർദേശിച്ചെന്നാണ് യുവതിയുടെ ആരോപണം. തനിക്ക് അസ്വസ്ഥതയുണ്ടെന്ന് പലതവണ അറിയിച്ചിട്ടും സീറ്റ് മാറ്റാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.

ലാൻഡിങ്ങിന് ശേഷം യാതൊരു നടപടിയും നേരിടാതെ ഇയാൾ വിമാനത്തിൽനിന്ന് പുറത്തിറങ്ങിയതായും യുവതി ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഗ്രൗണ്ട് സ്റ്റാഫിനോട് പരാതിപ്പെട്ടപ്പോൾ, ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’ എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചതെന്നും യുവതി പറയുന്നു. പൊലീസ് ഇടപെടൽ ആവശ്യപ്പെടേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നായിരുന്നു ജീവനക്കാരുടെ നിലപാടെന്നും അവർ ആരോപിച്ചു. തുടർന്ന് യുണൈറ്റഡ് എയർലൈൻസ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, എഫ്ബിഐ എന്നിവിടങ്ങളിൽ യുവതി പരാതി നൽകിയിട്ടുണ്ട്.

ഏകദേശം 400 ഡോളർ ചെലവായ യാത്രയ്ക്ക് നഷ്ടപരിഹാരമായി 100 ഡോളറിന്റെ ഫ്ലൈറ്റ് ക്രെഡിറ്റ് മാത്രമാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ യുണൈറ്റഡ് എയർലൈൻസ് അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും എയർലൈൻസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 25-year-old woman experienced an in-flight incident on United Airlines where a fellow passenger allegedly engaged in public masturbation. This alarming event occurred during a flight from Rochester to Newark, prompting a formal complaint from the victim.