ഡിജിറ്റൽ ബാങ്കിംഗിനുള്ള ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷനായി ബയോമെട്രിക് ഐറിസ് സ്കാനിംഗ് നടത്താൻ കഷ്ടപ്പെടുന്ന നാഗ യുവാവിന്‍റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നഗാലാൻഡിലെ ഉന്നത വിദ്യാഭ്യാസ, ടൂറിസം വകുപ്പ് മന്ത്രിയായ തെംജെൻ ഇംന അലോങാണ്  "സ്ട്രഗിൾ ഈസ് റിയൽ" എന്ന തമാശ നിറഞ്ഞ അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചത്. 

ഐറിസ് സ്കാനർ ഫോക്കസ് ചെയ്യാൻ കഴിയാതെ വന്നതോടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളുടെ കണ്ണുകൾ ബലമായി പിടിച്ച് തുറപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കൂടെ മന്ത്രിയുടെ ഹാസ്യം കൂടി ചേർന്നപ്പോൾ ഒട്ടേറെപ്പേരാണ്  ഈ കുറിപ്പിനോട് പ്രതികരിക്കുന്നതും ഷെയർ ചെയ്യുന്നതും. 

അതേസമയം, സാങ്കേതിക വിദ്യ എത്ര തന്നെ വികസിച്ചുവെന്ന് പറയുമ്പോഴും, മനുഷ്യരുടെ വംശീയവും ശാരീരികവുമായ ചില പ്രത്യേകതകൾ തിരിച്ചറിയാനോ അവരെക്കൂടെ ഉൾച്ചേർക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്താനോ കഴിയുന്നില്ലെന്ന കാര്യവും വീഡിയോ തുറന്നുകാട്ടുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന ശാരീരിക സവിശേഷതകൾ ഉൾക്കൊള്ളാൻ തക്കവണ്ണം ബയോമെട്രിക് സാങ്കേതികവിദ്യകൾ പരിഷ്കരിക്കണമെന്നും, സാധാരണക്കാർക്ക് അക്കൗണ്ട് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ബദൽ വെരിഫിക്കേഷൻ രീതികൾ ലഭ്യമാക്കണമെന്നും നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. 

എന്നാൽ, ഈ ഗൗരവമായ വിഷയത്തെ നർമരൂപത്തിൽ അവതരിപ്പിച്ച തെംജെൻ ഇംന അലോങിനെയാണ് മറ്റു ചിലർ അഭിനന്ദിക്കുന്നത്. മുൻപും, തങ്ങളുടെ ചെറിയ കണ്ണുകളെക്കുറിച്ചുള്ള വംശീയ അധിക്ഷേപങ്ങളെ നേരിടുന്നതിനായി അദ്ദേഹം "ചെറിയ കണ്ണുകളാണെങ്കിൽ പൊടി പോവില്ല" എന്ന രീതിയിൽ നർമ്മം നിറഞ്ഞ കുറിപ്പുമായി സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരുന്നു.

ENGLISH SUMMARY:

Digital banking account verification using biometric iris scanning is facing challenges for a Naga youth. This viral video highlights the struggle for inclusive technology in India's diverse population, prompting discussions on accessibility and alternative verification methods.