ഇന്‍സ്റ്റഗ്രാമില്‍ 7 മില്യണിലധികം ഫോളോവേഴ്സുള്ള മോട്ടോവ്ലോഗർ അനുരാഗ് ദോഭാൽ ജീവനൊടുക്കാന്‍ ശ്രമിച്ചു. ബിഗ് ബോസ് 17-ലൂടെ രാജ്യമെങ്ങും സുപരിചിതനായ അനുരാഗ്, ഇൻസ്റ്റാഗ്രാം ലൈവിനിടെ അതിവേഗത്തിൽ ഓടിച്ച് കാർ മനഃപൂർവ്വം ഡിവൈഡറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉടന്‍തന്നെ അനുരാഗിനെ മീററ്റിലെ സുഭാർത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്ലോഗറുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേയിൽ തന്റെ എസ്‌യുവിയില്‍ 150 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കവെയാണ് അനുരാഗ് ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയത്. 'അടുത്ത ജന്മത്തിൽ വരുമ്പോൾ അമ്മ എനിക്ക് സ്നേഹം നൽകണം, എനിക്ക് സ്നേഹം അത്രമേൽ ആവശ്യമായിരുന്നു' എന്നുപറഞ്ഞ് അനുരാഗ് ലൈവില്‍ പൊട്ടിക്കരഞ്ഞു. 82,000-ത്തോളം ആളുകളാണ് ലൈവ് സ്ട്രീം കണ്ടുകൊണ്ടിരുന്നത്. 'ഇത് അവസാനത്തെ യാത്രയാണ്, വിട' എന്ന് അലറിക്കൊണ്ട് അദ്ദേഹം സ്റ്റിയറിങ് വലതുവശത്തേക്ക് വെട്ടിച്ചതോടെ വാഹനം മീഡിയൻ ബാരിയറുകളിൽ ഇടിച്ച് തകരുകയായിരുന്നു.
രണ്ട് ദിവസം മുൻപും തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് അനുരാഗ് വിഡിയോ പങ്കുവച്ചിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബം തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാതാപിതാക്കളുടെ കാലുപിടിക്കാൻ താൻ നിർബന്ധിതനായെന്നും ബന്ധുക്കളുടെ മുന്നിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
‘ഞങ്ങൾ സന്തോഷിക്കില്ല, നിങ്ങളെയും സന്തോഷിക്കാൻ അനുവദിക്കില്ല’ എന്ന് അച്ഛനും അമ്മയും പറഞ്ഞതായി അനുരാഗ് വിഡിയോയിൽ ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷം ഭാര്യ റിതികയും തന്നെ ഉപേക്ഷിച്ചു പോയത് അനുരാഗിനെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവിതം നരകതുല്യമാണെന്നും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം മുൻപേ സൂചിപ്പിച്ചിരുന്നു.