TOPICS COVERED

വിനോദസഞ്ചാരികൾക്ക് കൊച്ചി നഗരത്തിലെ രാത്രി കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കി കെഎസ്ആർടിസി. തിരുവനന്തപുരത്തും മൂന്നാറും പരീക്ഷിച്ച് വിജയിച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഡബിൾ ഡക്കർ ബസ് പദ്ധതിയാണ് കൊച്ചിയില്‍ എത്തുന്നത്. ചൊവ്വാഴ്ച എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ മന്ത്രി പി.രാജീവ് ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യും.

ആകെ 63 സീറ്റുകളാണ് ബസിലുള്ളത്. മുകളിലത്തെ നിലയിൽ മുപ്പത്തൊന്‍പതും താഴെ ഇരുപത്തിനാലും. വൈകിട്ട് അഞ്ചുമണിക്ക് ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്ന് ബസ് പുറപ്പെടും. മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീപാലം വഴി കാളമുക്ക് ജങ്ഷനിലെത്തും. അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി, ബിഒടി പാലം എന്നിവിടങ്ങളിലെത്തും. ബിഒടി പാലത്തിന് തൊട്ടുമുന്‍പ് ഇടത്തേക്ക് തിരിയും. 

സന്ദർശകർക്ക് കായൽതീരത്തുള്ള പുതിയ പാർക്കും നടപ്പാതയും ആസ്വദിക്കാന്‍ കഴിയുംവിധമാണ് ഷെഡ്യൂള്‍. രാത്രി എട്ടുമണിയോടെ തിരികെ സ്റ്റാൻഡിലെത്തും. ഡബിൾ ഡക്കർ ബസിന്റെ മുകളിലെ ഡെക്കിലിരുന്ന് യാത്ര ചെയ്യാന്‍ 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക്. ഓൺലൈൻ വഴിയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നേരിട്ടെത്തിയും സീറ്റ് ബുക്ക് ചെയ്യാം.

ENGLISH SUMMARY:

KSRTC is launching a double-decker night city tour bus in Kochi, allowing tourists to enjoy the city's scenic nightlife. After successful runs in Thiruvananthapuram and Munnar, the service will begin from the Ernakulam Boat Jetty Stand, with inauguration by Minister P. Rajeev. The bus has 63 seats—39 on the upper deck and 24 on the lower. The route includes Marine Drive, High Court, Gosreepalam, and other major landmarks, ending around 8 PM. Ticket prices are ₹300 for upper deck seats and ₹150 for lower deck. Bookings are available online or at KSRTC counters.