തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. അത്യാവശ്യക്കാര്‍ക്ക് പലര്‍ക്കും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതി ഒഴിവാക്കുന്നതിനായി ഇ–ആധാര്‍ ഓതന്‍റിക്കേഷനാണ് നിര്‍ബന്ധമാക്കുന്നത്. ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാസം അവസാനം മുതല്‍ ഇത് നിര്‍ബന്ധമാകും.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ജൂണ്‍ ആദ്യവാരം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തത്കാല്‍ ടിക്കറ്റ് ബുക്കിങിനായി ഇ– ആധാര്‍ ഉടന്‍ കൊണ്ടുവരുമെന്നും ഇത് യാത്രക്കാര്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു സമൂഹമാധ്യമമായ എക്സില്‍ മന്ത്രി കുറിച്ചത്. ട്രാവല്‍ ഏജന്‍സികളും ചില സ്ഥാപനങ്ങളും കൂട്ടത്തോടെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാല്‍ അത്യാവശ്യക്കാരായ നിരവധിപ്പേര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി.
ആധാര്‍ ഓതന്‍റിക്കേഷന്‍ നിലവില്‍ വരുന്നതോടെ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പറും നല്‍കേണ്ടി വരും. പേരും വയസും സീറ്റ് ഏതാണ് വേണ്ടതെന്നുമുള്‍പ്പടെയുള്ള പ്രാഥമിക വിവരങ്ങളാണ് ഇതുവരെ നല്‍കേണ്ടി വന്നിരുന്നത്.
എന്താണ് തത്കാല്‍? എത്ര ടിക്കറ്റ് വരെ ബുക്ക് ചെയ്യാം?
നിശ്ചിത സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ അതിന്‍റെ യാത്ര ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ റെയില്‍വേ ഒരുക്കിയിട്ടുള്ള സംവിധാനമാണ് തത്കാല്‍ ടിക്കറ്റ്. എസി ക്ലാസ് യാത്രകള്‍ക്കായി രാവിലെ 10നും അല്ലാത്ത ക്ലാസുകള്‍ക്ക് രാവിലെ 11നുമാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുക.
തത്കാല്‍ ക്വോട്ടയില്‍ ഒരാള്‍ക്ക് പരമാവധി നാലുപേര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ടിക്കറ്റിലുള്ള ഇളവുള്‍പ്പടെ തത്കാലില്‍ ലഭ്യമല്ല. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്– ഡെബിറ്റ് കാര്‍ഡുകള്‍, ഐആര്‍സിടിസി ഇ–വാലറ്റ്, യുപിഐ, പേടിഎം, ആമസോണ്‍ പേ തുടങ്ങിയ വാലറ്റുകള്‍ വഴിയും ടിക്കറ്റിനുള്ള പണമടയ്ക്കാം.
തത്കാല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ കഴിയുമോ? പണം തിരികെ കിട്ടുമോ?
യാത്ര പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ കണ്‍ഫേം ആയ തത്കാല്‍ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാം. എന്നാല്‍ റീഫണ്ട് ലഭ്യമാകില്ല. തത്കാല്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ പണം തിരികെ അക്കൗണ്ടിലെത്തും, യാത്ര ചെയ്യാന്‍ സാധിക്കില്ല. ആര്‍എ സി, വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി കാന്‍സല്‍ ചെയ്യാം. റെയില്‍വേ നിബന്ധനകള്‍ പ്രകാരമുള്ള തുക തിരികെ ലഭിക്കും. സെക്കന്‍റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 10 ശതമാനവും മറ്റ് ക്ലാസുകള്‍ക്ക് അടിസ്ഥാന വിലയുടെ 30 ശതമാനവും ഉയര്‍ന്ന നിരക്കാണ് തത്കാല്‍ ടിക്കറ്റിനായി ഈടാക്കുന്നത്.