ഞായറാഴ്ച ഒഡിഷയിലെ സംബൽപൂർ റെയിൽവേ സ്റ്റേഷനിൽ സംബൽപൂർ- നന്ദേദ് എക്സ്പ്രസ് (20809) കയറാനായി പതിവുപോലെ യാത്രക്കാരെത്തി. പലരുടേയും കയ്യില്‍ വലിയ ബാഗുകളും ലഗേജുകളുമുണ്ടായിരുന്നു. എല്ലാവരും പതിയെ കോച്ചുകളില്‍ കയറാന്‍ തുടങ്ങി. എന്നാല്‍ ട്രെയിനിലെ എസി 3-ടയർ കോച്ച് റിസര്‍വ് ചെയ്ത യാത്രക്കാര്‍ മൂക്കത്ത് വിരല്‍വച്ചുപോയി. പ്ലാറ്റ്ഫോമിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അന്വേഷിച്ചിട്ടും അങ്ങിനെയൊരു കോച്ചില്ല! റിസര്‍വ് ചെയ്ത കോച്ച് അപ്രത്യക്ഷം!
ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോളാണ് BE-2 കോച്ചിൽ ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ റേക്കിൽ തങ്ങളുടെ കോച്ച് ഘടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. റിസര്‍വ് ചെയ്ത ടിക്കറ്റുമായി ഏകദേശം 57 യാത്രക്കാരാണ് ട്രെയിന്‍ കയറാനായി എത്തിയിരുന്നത്. ആദ്യം ആശങ്ക, എന്നാല്‍ റെയില്‍വേ കോച്ച് ഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായപ്പോള്‍ പ്രതിഷേധമായി. ഉടന്‍ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തണം എന്നുമായി യാത്രക്കാര്‍.
ഭുവനേശ്വറിൽ നിന്നായിരുന്നു ട്രെയിന്‍ എത്തിയത്. എന്നാല്‍ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് BE-2 കോച്ച് സാങ്കേതിക തകരാറുമൂലം ഘടിപ്പിച്ചിട്ടില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിഒആർ) ഉദ്യോഗസ്ഥർ സമ്മതിച്ചു. യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ട്രെയിന്‍ മുന്നോട്ട് പോകില്ലെന്നായി. ഒടുവില്‍ ടിടിഇമാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് അസൗകര്യം നേരിട്ട യാത്രക്കാര്‍ക്ക് മറ്റ് ബോഗികളിലെ ഒഴിഞ്ഞ സീറ്റുകള്‍ താൽക്കാലികമായി നല്‍കുകയായിരുന്നു. പിന്നീട് വിശാഖപട്ടണത്തുവച്ചാണ് പകരം ഒരു കോച്ച് കൂടി റെയിൽവേ അധികൃതർ കൂട്ടിച്ചേര്‍ക്കുന്നത്.