TOPICS COVERED

1967 പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 24 ലെ വ്യവസ്ഥകൾ പ്രകാരം പാസ്‌പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്ത് സര്‍ക്കാര്‍‌. പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനത്തീയതി തെളിയിക്കാനായി ഹാജരാക്കേണ്ട രേഖ ഏതായിരിക്കണം എന്നതിലാണ് മാറ്റം വന്നിരിക്കുന്നത്. ഫെബ്രുവരി 24 ന് വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഭേദഗതി പ്രാബല്യത്തില്‍ വരും.

2023 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരെയാണ് പുതിയ ഭേദഗതി ബാധിക്കുക. ഇവര്‍ പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ജനനസർട്ടിഫിക്കറ്റ് മാത്രമാകും ഇനി പരിഗണിക്കുക. മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റുകൾ മാത്രമേ തെളിവായി അംഗീകരിക്കൂ.

അതേസമയം 2023 ഒക്ടോബർ 1 ന് മുമ്പ് ജനിച്ചവർക്ക് ജനനത്തീയതിയുടെ തെളിവായി മറ്റ് രേഖകൾ സമർപ്പിക്കാം. ഇവര്‍ക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ 7 രേഖകളിൽ ഏതെങ്കിലും സമർപ്പിക്കാമെന്നു ഭേദഗതിയിൽ വ്യക്തമാക്കുന്നു. അതായത്, ജനന സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിൽനിന്നുള്ള ടിസി, സ്കൂൾ സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ പഠനം നടത്തിയ സ്കൂൾ ബോർഡിൽനിന്നുള്ള ജനന തീയതി വ്യക്തമാക്കുന്ന രേഖ, പാൻ കാർഡ്, സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സർവീസ് രേഖകൾ (ഇതു വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തണം. വിരമിച്ചവരാണെങ്കിൽ പെൻഷൻ രേഖകൾ സമർപ്പിക്കാം), ഡ്രൈവിങ് ലൈസൻസ്, തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, എൽഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇൻഷുറൻസ് രേഖ എന്നിവയാണ് അംഗീകരിച്ചിരിക്കുന്ന രേഖകള്‍. പാസ്‌പോർട്ട് അപേക്ഷകർക്ക്, പ്രത്യേകിച്ചും രാജ്യത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തത് സാധാരണമായതിനാലാണ് ഇതുവരെ പാസ്‌പോർട്ട് നിയമങ്ങളിലെ വ്യവസ്ഥകളില്‍‌ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതിരുന്നത്.

മറ്റ് പ്രധാന മാറ്റങ്ങള്‍

അതേസമയം പാസ്പോര്‍ട്ട് അപേക്ഷകന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇനിമുതല്‍ പാസ്‌പോർട്ടിന്‍റെ അവസാന പേജിൽ വിലാസം പ്രിന്‍റ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ബാർകോഡ് വഴി ഈ ഡേറ്റ ലഭ്യമാകും. മാത്രമല്ല അവസാന പേജിൽ മാതാപിതാക്കളുടെ പേരും അച്ചടിക്കില്ല. സിംഗിൾ പേരന്‍റുള്ളവരുടെയും, വേര്‍പിരിഞ്ഞ മാതാപിതാക്കളുടെ കുട്ടികള്‍ക്കും വേണ്ടിയാണിത്.

കൂടാതെ പാസ്‍പോര്‍ട്ടുകള്‍ക്ക് പുതിയ കളര്‍കോഡുകളും ഏര്‍പ്പെടുത്തി. പുതിയ നിയമമനുസരിച്ച് നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ചുവപ്പ് പാസ്‌പോർട്ടായിരിക്കും ലഭിക്കുക. സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലും, മറ്റുള്ളവർക്ക് നീല നിറത്തിലുമുള്ള പാസ്‌പോർട്ട് ലഭിക്കും.

ENGLISH SUMMARY:

The Indian government has amended the 1980 Passport Rules under Section 24 of the 1967 Passport Act, making a birth certificate mandatory for those born on or after October 1, 2023. The Ministry of External Affairs issued an official notification on February 24. Older applicants can still submit alternative documents such as a school certificate, PAN card, driving license, or voter ID. Additionally, passport address details will no longer be printed on the last page, and new color-coded passports have been introduced.