യു.എ.ഇ.യിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പാസ്‌പോർട്ടിന് അപേക്ഷിച്ചാൽ ഇനിമുതൽ റേഡിയോ ഫ്രീക്വൻസി ചിപ്പ് ഘടിപ്പിച്ച " ഇ-പാസ്‌പോർട്ട്" ആണ് ലഭിക്കുക . സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ രാജ്യാന്തരതലത്തിൽ നടപ്പിലാക്കിയ ഇ-പാസ്‌പോർട്ട് സംവിധാനം ഒക്ടോബർ 28 മുതലാണ് യുഎഇയിൽ നിലവിൽ വന്നത്. നിലവിലുള്ള പേപ്പർ പാസ്‌പോർട്ടിന്റെ അതേ ഫീസിൽ തന്നെയാണ് ഇ-പാസ്‌പോർട്ടും ലഭ്യക്കുക .
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അഥവാ RFID ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകളാണ് ഇ-പാസ്‌പോർട്ടുകൾ. ഈ ചിപ്പിൽ പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും ഡിജിറ്റലായി സൂക്ഷിക്കുന്നു. വ്യാജ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ടിലെ തിരുത്തലുകൾ എന്നിവ എളുപ്പത്തിൽ കണ്ടെത്താൻ ചിപ്പ് ഘടിപ്പിച്ച ഈ പാസ്‌പോർട്ടുകൾ സഹായിക്കും. പുതിയ സംവിധാനത്തിലേക്ക് മാറിയതോടെ അപേക്ഷകർ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP 2.0) എന്ന പുതിയ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
പഴയ പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കി രണ്ട് മിനിറ്റിനുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. GPSP 2.0 പ്ലാറ്റ്‌ഫോം വഴി രേഖകൾ അപ്‌ലോഡ് ചെയ്യുന്നത് BLS സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കും. നിലവിൽ അപ്പോയിന്റ്‌മെന്റ് എടുത്തവർക്ക് ആവശ്യമെങ്കിൽ പുതിയ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ വീണ്ടും പൂരിപ്പിച്ച് ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം. എങ്കിലും, നിലവിലെ പാസ്‌പോർട്ടുകളുടെ കാലാവധി അവസാനിക്കുന്നത് വരെ അത് സാധുവായിരിക്കുമെന്ന് കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ വ്യക്തമാക്കി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ ആണ് പാസ്സ്‌പോർട്ടിനായി അപേക്ഷിക്കുമ്പോൾ നൽകേണ്ടത് . പാസ്‌പോർട്ട് വിതരണം ചെയ്യുന്നതിനുള്ള സമയപരിധിയിലോ സേവന നിരക്കുകളിലോ മാറ്റമുണ്ടാകില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.