മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഗവി യാത്ര വീണ്ടും തുടങ്ങി. മഴക്കാലം തുടങ്ങിയതോടെ ഗവിയുടെ കാലാവസ്ഥയും കാഴ്ചയും മാറി. കണ്‍നിറയെ വന്യമൃഗങ്ങളെ കാണാന് കഴിയുന്ന സമയമെന്ന് ഉദ്യോഗസ്ഥരും പറയുന്നു.
റെഡ് അലര്‍ട്ടിനെ തുടര്‍ന്നാണ് ഗവി രണ്ടാഴ്ച അടച്ചത്. മഴക്കാലമെങ്കിലും മഴ ഒതുങ്ങിയതോടെ ഗവി തുറന്നു. മഴക്കാലമായതോടെ മഞ്ഞ് മൂടുന്ന കാലാവസ്ഥയായി. തണുപ്പുമുണ്ട്. തോരാതെ പെയ്യുന്ന നൂലുപോലെയുള്ള ചെറുമഴയാണ് ഗവിയുടെ സൗന്ദര്യം. ഉണങ്ങിയ പുല്‍മേടുകളൊക്കെ തളിര്‍ത്തു. കാറ്റില്‍ മൂടല്‍ മഞ്ഞ് പറന്ന് മായുമ്പോള്‍ മേയുന്ന കാട്ടുപോത്തുകളെയും കാട്ടാനകളേയും കാണാം.
പുല്‍മേടുകളിലെ നീര്‍ച്ചാലുകള്‍ക്കും ജീവന്‍ വച്ചു. നീര്‍ച്ചാലുകളിലെ വെള്ളം എത്തിയതോടെ അണക്കെട്ടുകളില്‍ വെള്ളമേറിത്തുടങ്ങി. ആദ്യം ബുക്ക് ചെയ്യുന്ന 30 സ്വകാര്യ വാഹനങ്ങള്‍ക്കാണ് പ്രവേശനം. പത്തനംതിട്ട, കുമളി ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസുമുണ്ട്. ഇരുചക്രവാഹനങ്ങള്‍ കടത്തിവിടില്ല. കുളയട്ടയെ നേരിടാന്‍ സാനിറ്റൈസറോ, ഉപ്പോ കരുതാം. യാത്രയില്‍ കാറ്റിലും മഴയിലും ജാഗ്രത വേണം.