‘അവന് ഒസിഡിയുണ്ട്, എന്ത് ചെയ്താലും പോയി കൈ കഴുകും, അല്ലെങ്കില്‍ അവൾക്ക് ഭയങ്കര ഒസിഡിയാ, എല്ലാം അടുക്കിപ്പെറുക്കി വെക്കണം’.– നമ്മുടെ നിത്യജീവിതത്തിൽ വളരെ സാധാരണയായി കേൾക്കുന്ന ചില പ്രയോഗങ്ങളാണിത്. എന്നാൽ, വെറുമൊരു 'വൃത്തിബോധത്തെ' അല്ലെങ്കിൽ 'പെർഫെക്ഷനിസത്തെ' ഒസിഡി എന്ന് വിളിക്കേണ്ട കാര്യമുണ്ടോ? എവിടെയാണ് വൃത്തി അവസാനിക്കുന്നതും ഒസിഡി ആരംഭിക്കുന്നതും?
എന്താണ് സാധാരണ വൃത്തി (Normal Cleanliness)?
ഒരു വ്യക്തിക്ക് വൃത്തിയോടും വെടിപ്പോടും ജീവിക്കണം എന്ന് തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. പുറത്തുപോയി വന്നാൽ കൈകാലുകൾ കഴുകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സാധനങ്ങൾ യഥാസ്ഥാനത്ത് ഒതുക്കി വെക്കുക. ഇതൊക്കെ ആരോഗ്യകരമായ ശീലങ്ങളാണ്. ഇത് ചെയ്യുന്നതിലൂടെ ആ വ്യക്തിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നു. ഇത് അവരുടെ ദൈനംദിന ജീവിതത്തെയോ ജോലിയെയോ ബന്ധങ്ങളെയോ നെഗറ്റീവായി ബാധിക്കാറില്ല.
എന്താണ് ഒസിഡി (OCD)?
ഒസിഡി എന്നത് വെറുമൊരു 'വൃത്തിക്കൂടുതൽ' അല്ല. ഇതൊരു മാനസികാരോഗ്യാവസ്ഥയാണ്. ഇതിന് പ്രധാനമായും രണ്ട് വശങ്ങളുണ്ട്:
ഒബ്സെഷൻ (Obsession): വ്യക്തിയുടെ മനസ്സിലേക്ക് അവരുടെ നിയന്ത്രണമില്ലാതെ കടന്നുവരുന്ന അനാവശ്യവും ഭയപ്പെടുത്തുന്നതുമായ ചിന്തകളാണിവ. കയ്യിൽ മാരകമായ രോഗാണുക്കൾ ഉണ്ട് എന്ന ചിന്തയും, ഡോര്‍ ലോക്ക് ചെയ്തോ ഇല്ലയോ എന്ന ആശയക്കുഴപ്പവുമെല്ലാം ഇതില്‍പ്പെടും.
കംപൽഷൻ (Compulsion): മുകളിൽ പറഞ്ഞ ചിന്തകൾ ഉണ്ടാക്കുന്ന അമിതമായ ഉത്കണ്ഠ കുറയ്ക്കാൻ വേണ്ടി അവർ നിർബന്ധിതമായി ചെയ്യുന്ന പ്രവർത്തികളാണിവ. കൈകള്‍ വൃത്തിയാക്കാന്‍ വീണ്ടും വീണ്ടും കഴുകുന്നതും, പൂട്ട് ശരിയാണോ എന്ന് ഇരുപതോ മുപ്പതോ തവണ പരിശോധിക്കുന്നതും ഇതുമൂലമാണ്.
നിങ്ങൾ ഒരു കാര്യം ചെയ്യുമ്പോൾ അത് കൃത്യമായ എണ്ണത്തിൽ (3 തവണ, 5 തവണ) ചെയ്യണമെന്ന് നിർബന്ധമുണ്ടോ? വൃത്തിയാക്കൽ പ്രക്രിയ തടസ്സപ്പെട്ടാൽ നിങ്ങൾക്ക് കടുത്ത ദേഷ്യമോ പരിഭ്രാന്തിയോ ഉണ്ടാകാറുണ്ടോ? നിങ്ങളുടെ ഈ ശീലങ്ങൾ കാരണം ഓഫീസിലോ സ്കൂളിലോ പോകാൻ വൈകാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് യുക്തിരഹിതമാണെന്ന് നിങ്ങൾക്ക് തന്നെ തോന്നിയിട്ടും അത് നിർത്താൻ കഴിയാത്ത അവസ്ഥയുണ്ടോ? മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്ക് 'അതെ' എന്നാണ് ഉത്തരമെങ്കിൽ, അത് വെറുമൊരു വൃത്തിബോധമല്ല, മറിച്ച് ഒസിഡിയുടെ ലക്ഷണമാകാം.
വൃത്തിയായിരിക്കുക എന്നത് നല്ലൊരു ഗുണമാണ്. എന്നാൽ ആ വൃത്തി നിങ്ങളുടെ ജീവിതത്തിന്‍റെ സന്തോഷവും സമാധാനവും കവർന്നെടുക്കുന്നുവെങ്കിൽ, അത് ചികിത്സ തേടേണ്ട ഒരു അവസ്ഥയാണ്. അതുകൊണ്ട്, വൃത്തിയും ഒസിഡിയും രണ്ടാണെന്ന് മനസിലാക്കുക. ആളുകളെ നിങ്ങളുടെ മനോഭാവം അനുസരിച്ച് ജഡ്ജ് ചെയ്യാതിരിക്കുക.