TAGS

 പ്രായമാകുന്നത് പ്രകൃതിനിയമമാണ്. എന്നാല്‍ ശരീരം എത്ര വേഗത്തിൽ പ്രായമാകുമെന്നത് നമ്മുടെ ജീനുകളെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നത്, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നത്, നല്ല ഉറക്കം, എന്നിവയൊക്കെ ആരോഗ്യകരമായ വാർധക്യത്തിന്റെ താക്കോലായി പണ്ടേ കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തിയറ്ററില്‍ പോയി സിനിമ കാണുന്നതും മ്യൂസിയത്തില്‍ പോകുന്നതുമെല്ലാം പ്രായം കുറക്കാന്‍ സഹായിക്കുമെന്നാണ് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

സുഹൃത്തുകള്‍ക്കൊപ്പം സിനിമകള്‍ ആസ്വദിക്കുക, സംഗീതകച്ചേരികളിൽ പോയി പാട്ട് കേള്‍ക്കുക, മ്യൂസിയങ്ങൾ സന്ദർശിക്കുക ഒക്കെ ചെയ്യുന്നത് വയസാകുന്നത് മെല്ലെയാക്കുമത്രേ. ഇത്തരക്കാരില്‍ ജീവശാസ്ത്രപരമായ പ്രായം (Biological Age) കുറവായിരിക്കുമെന്ന് പുതിയ പഠനം. സാംസ്കാരികമായി ഇടപെടുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ പെട്ടെന്ന് വയസ് കുറയുമെന്നല്ല, മറിച്ച് വാർധക്യത്തിലും യുവത്വത്തിന്‍റെ ഉന്‍മേഷവും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ആളുകളെ പ്രാപ്തരാക്കും. 

'ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിൽ' പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 50 വയസിന് മുകളിൽ പ്രായമുള്ള 1,899 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇത്തരത്തിലുള്ള വിനോദങ്ങളിൽ സ്ഥിരമായി പങ്കാളികളാകുന്നവരുടെ ശരീരത്തിന്റെ ആന്തരിക പ്രായം (Physiological Age) ശരാശരി 66.9 വയസാണ്. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഒട്ടും താല്പര്യം കാണിക്കാത്തവരിൽ ഇത് 69.9 വയസായി ഉയർന്നു കാണപ്പെടുന്നു.

അതായത്, കലയും സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടുന്നത് മനുഷ്യന്റെ വാർധക്യ സഹജമായ ശാരീരിക മാറ്റങ്ങളെ പതുക്കെയാക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

ENGLISH SUMMARY:

Cultural activities like visiting theaters and museums can help slow down aging, reducing biological age. Engaging with art and culture stimulates the brain, reduces stress, and promotes a healthier lifestyle, helping maintain youthful vitality and mental well-being in old age.